Thursday 28 April 2011

East retracing its path

ഉറുമി - ചരിത്രത്തിന്‍റെ പകവീട്ട്

1498 മെയ് മാസത്തിലെ തന്‍റെ തിരുവരവിനുശേഷം, 513 വര്‍ഷങ്ങള്‍ കഴിഞ്ഞ്, ഗാമയുടെ നേരെ ചരിത്രത്തിന്‍റെ ഉറുമി വീശിയെറിഞ്ഞിരിക്കുന്നു ഇന്നിന്‍റെ ചെറുപ്പക്കാര്‍. നൂറ്റാണ്ടുകള്‍ പലതുകഴിഞ്ഞിട്ടും ചില കനലുകള്‍ നമുക്കു നഷ്ടപ്പെട്ടിട്ടില്ലെന്നറിയുമ്പോള്‍ അതിയായ ആഹ്ലാദം. ഉറുമി കണ്ടുകൊണ്ടിരുന്നപ്പോഴും കണ്ടിറങ്ങിയപ്പോഴും ഒന്നാര്‍ത്തുവിളിക്കാന്‍ പലതവണ തോന്നി. ആ തോന്നല്‍ ഇതാ ഇവിടെ....

യൂറോപ്യന്‍ അധിനിവേശത്തിന്‍റെ പുലര്‍കാലങ്ങള്‍....
അന്ന് ഗാമയുടെ കൂട്ടരാല്‍ കഴുവിലേറ്റപ്പെടാന്‍ തുടങ്ങുന്ന അറക്കലെ ബെലിഹസനോട് മാപ്പുപറയാന്‍ ഒരു നാടന്‍ എമ്പോക്കി, പക്കി എന്നോ മറ്റോ ആണയാളുടെ പേര്‍, ഉപദേശിക്കുന്നത് നമുക്ക് കാണാം. ബെലിഹസന്‍ മാപ്പുപറയുന്നു. കേളുനായനാരെന്ന വീരന്‍റെ മുഖം വിമ്മിട്ടപ്പെട്ടു താഴുമ്പോള്‍ നാമും മുഖം താഴ്ത്തും. പക്ഷെ അതാ വരുന്നു, ഉറുമിയുടെ പുളച്ചില്‍ പോലെ ബെലിഹസന്‍റെ മറ്റൊരു വാക്ക്ഃ "മാപ്പുപറയുന്നു, പറങ്കികളെ കൊല്ലാതെ വിട്ടതിന്". അന്ന് പറങ്കികളെ തോല്‍പിച്ച് തുരത്തിയിരുന്നെങ്കില്‍ നമ്മുടെ നാടിന്‍റെ ചരിത്രം തന്നെ, ഇന്നത്തെ ദുര്‍ഗതി കാണുമ്പോള്‍ തോന്നുന്നു, മറ്റൊരു സംരക്ഷിത പാതയിലാകുമായിരുന്നു. യൂറോപ്പില്‍ മതവൈരം കുരിശുയുദ്ധങ്ങളുടെ രൂപത്തില്‍ നിറഞ്ഞാടുന്ന കാലത്ത്, സുരസുന്ദരവും സമ്പദ്സമൃദ്ധവും, സര്‍വ്വമതങ്ങളും സമതയോടെ, മൈത്രിയോടെ, മേളിച്ച ഈ പുണ്യഭൂമി തകര്‍ത്ത് ആളാവാന്‍ ഒട്ടും എളുപ്പമല്ല എന്ന് ഭയന്ന് യൂറോപ്യന്‍ശക്തികളുടെ കടന്നുകയറ്റുചിന്ത മുളയിലേ നുള്ളിക്കളയാമായിരുന്നു. (മാന്യതയും മര്യാദയും അതിരു കടക്കരുതൊരിക്കലും എന്ന പാഠം ദ്രാവിഡന് ഇവിടെ ലഭിക്കുന്നു). അതു ചെയ്യാതെ ഈ ക്രൂരജീവികളെ സ്വന്തം നാട്ടില്‍ അതിഥികളായി സ്വീകരിച്ചതിന് ചരിത്രം മാപ്പുനല്‍കാതെ ഇരുന്നു കരയുന്നു; ഇന്ന്. ആ കരച്ചിലറി‍ഞ്ഞ ഇന്നിന്‍റെ മറുവാക്കാണ് ഉറുമി.

ഭാരതീയന്, സ്വാതന്ത്ര്യസമരമെന്നാല്‍ നോര്‍ത്തിന്ത്യയില്‍ നടന്ന ഒരു മുന്നേറ്റമാണെന്നാണ് ധാരണ. ഉത്തരേന്ത്യക്കാര്‍ ഉറച്ചുവിശ്വസിക്കുന്ന ഒരു കാര്യമുണ്ട്ഃ "നിങ്ങള്‍ ലുങ്കിവാലകള്‍, മുണ്ടുടുക്കുന്നവര്‍, സ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഞങ്ങളുടെ ആള്‍ക്കാരാണ് സമരം ചെയ്തത്. മരിച്ചത്". ഗാന്ധിജിയെ ചുറ്റിപ്പറ്റിയുള്ള ഒരു മുന്നേറ്റം മാത്രമാണവര്‍ക്ക് ഇന്ത്യന്‍സ്വാതന്ത്ര്യസമരചരിത്രം. എന്നാല്‍ യൂറോപ്യന്‍ കടന്നുകയറ്റത്തിന്‍റെ ഭീകരത ആദ്യമായനുഭവിക്കാന്‍ തുടങ്ങിയതിവിടെ മലയാളദേശത്തുള്ളവരായിരുന്നു എന്നതാണ് സത്യം. ഈ സത്യം ഉറുമി തെളിയിക്കുന്നു.

പോപ്പ് നിക്കൊളാസ് അഞ്ചാമന്‍ 1452 ജൂണ്‍ 18ന് ഇറക്കിയ പേപ്പല്‍ ബുള്‍ (തിട്ടൂരം) Dim Diversas-ല്‍ പോര്‍ച്ചുഗല്‍ രാജാവായ അല്‍ഫോന്‍സോ അഞ്ചാമന് സമുദ്രങ്ങളുടെ ആധിപത്യം നല്‍കുന്നു:
"We grant you (Kings of Spain and Portugal) by these present documents, with our Apostolic Authority, full and free permission to invade, search and capture, and subjugate Saracens an Pagans and any other unbelievers and enemies of Christ wherever they may be as well as their kingdoms, duchis, counties, principalities and other property (.....) and to reduce their persons into perpetual slavery"

ഇതിനെ തുടര്‍ന്നുണ്ടായ ആലോചനകളാണ് കൊളമ്പസിന്‍റെ അമേരിക്കന്‍ 'കണ്ടുപിടുത്തവും' ഗാമയുടെ കോഴിക്കോടന്‍ 'കണ്ടുപിടുത്തവും' കുറിക്കുക. മറ്റുള്ളവരെ കീഴൊതുക്കാനും കൊന്നൊടുക്കാനും ഉള്ള ഉപായങ്ങള്‍ തിരയുന്നതില്‍ മാത്രം റിസെര്‍ച്ച് ചെയ്ത ഒരു കൂട്ടം, വളരെ സാത്വികമായ നിയമങ്ങള്‍ക്കൊതുങ്ങി ജീവിച്ചിരുന്നവര്‍ക്കു നേരെ തോക്കും പീരങ്കിയും പ്രയോഗിച്ചപ്പോള്‍ അവരുടെ കേവലായുധങ്ങള്‍ നിഷ്പ്രഭമായി. അപ്പോഴും സനാതനഹിന്ദുവും സാത്വികമുസ്ലിമും സത്യകൃസ്ത്യാനിയും തോളോടുതോള്‍ ചേര്‍ന്ന് ഈ കള്ളക്കൃസ്ത്യാനി ടെററിസ്റ്റുകളോട് യുദ്ധം ചെയ്യുന്നുണ്ട്. ഉറുമി ആ കഥ വളരെ ഭംഗിയായി രചിക്കുന്നു.
(ഇത്തരം തിട്ടൂരങ്ങള്‍ ഇന്നും നിലവിലുണ്ടെന്ന മട്ടിലാണ് ബുഷിനെപ്പോലുള്ള നവകൊളമ്പസുകള്‍ ഹോളിക്രൂസേഡ് സംഘടിപ്പിച്ച് അന്യന്‍റെ മണ്ണ് കൈക്കലാക്കുന്നത് എന്നത് പേടിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ്).

അഞ്ചുനൂറ്റാണ്ടുകള്‍ക്കു ശേഷം പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ 2004ല്‍ വത്തിക്കാന്‍റെ എഴുന്നെള്ളിപ്പുകള്‍ക്ക് ലോകജനതയോട് ക്ഷമചോദിക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പ് ബ്രിട്ടീഷ് പ്രൈംമിനിസ്റ്റര്‍ കാമറൂണ്‍ പറയുന്നതും കേട്ടുഃ ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്നത്തിന്‍റെ കാരണക്കാര്‍, തുടക്കക്കാര്‍, തങ്ങളാണെന്ന്. ഇത്തരം സോറിപറച്ചിലുകള്‍ ആശാവഹം തന്നെ. സംശയമില്ല. പക്ഷേ, ഈ നൂറ്റാണ്ടുകളിലൂടെ എത്രകോടി ജനങ്ങള്‍ നിങ്ങളുണ്ടാക്കിയ വാരിക്കുഴികളില്‍ വീണ് ചതഞ്ഞരഞ്ഞു?! നിങ്ങള്‍ അഴിച്ചുവിട്ട കൊടുംക്രൂരതകളാല്‍ എത്രകോടി ജനങ്ങള്‍ മൃത്യുവിലേക്കെടുത്തെറിയപ്പെട്ടു?!! എത്രയെത്ര സമ്പന്നസംസ്കൃതികള്‍ ഇല്ലാതായി?!!! നശിച്ചതിലുമെത്രയോ മടങ്ങ്, ഇന്ന്, നിങ്ങളുടെ കൊതിയുടെ, തോന്നിവാസങ്ങളുടെ, ഇരകളായി നിരന്തരപീഡ അനുഭവിക്കുന്നു?!!!! ഈ സോറിപറച്ചിലുകള്‍ക്ക് സത്യസന്ധതയുണ്ടെങ്കില്‍, ആര്‍ജ്ജവമുണ്ടെങ്കില്‍, നിങ്ങളുടെ ആള്‍ക്കാര്‍ ചെയ്തുകൂട്ടിയ വൃത്തികേടുകളാല്‍, പീഡന-ഊറ്റല്‍ മുറകളാല്‍, നിങ്ങള്‍ക്ക് ലഭിച്ച സമ്പത്തും സൗകര്യവും അധികാരങ്ങളും അതിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് തിരികെ കൊടുക്കാന്‍ തയ്യാറാവണം; പലിശസഹിതമല്ലെങ്കിലും. (പലിശ കണക്കാക്കിയാല്‍ നിങ്ങളുടെ മുഴുവന്‍ രാജ്യങ്ങളും കൊടുത്താലും തീരില്ല എന്നതിനാല്‍ അതിനു തുനിയണ്ട. അപ്പോള്‍ മറ്റുരാജ്യങ്ങളെ പിഴിഞ്ഞ് ജീവിതം കഴിച്ചുതുടങ്ങിയതിനു മുമ്പത്തെ അവസ്ഥയില്‍ നിങ്ങളെത്തും - 'Renaissance'നു മുമ്പത്തെ Barbarian കാലം ഓര്‍മ്മയുണ്ടല്ലോ.) ചുരുങ്ങിയത്, അന്യരാജ്യങ്ങളെ ഊറ്റി വയറുവീര്‍പ്പിക്കുന്ന പണിയെങ്കിലും ഉടന്‍ നിര്‍ത്തണം. അതിനു വേണ്ടി പ്രാഗിലോ ജനീവയിലോ സ്റ്റോക്ഹോമിലോ ചിക്കാഗോയിലോ എവിടെ വേണമെങ്കിലും കൂടിയിരുന്നു കൊള്ളൂ.

അങ്ങിനെ യൂറോപ്പിന് ഇന്ത്യയുടെ സമ്പത്ത് കവര്‍ന്നുതുടങ്ങാന്‍ അവസരം തുറന്നുകൊടുത്ത കിരാതനെ ചരിത്രം വാഴ്ത്തി- Adventurer! Explorer!! കുരിശെന്ന സിംബല്‍, ചൂഷണത്തിന് തങ്ങള്‍ക്കു കിട്ടിയ ആയുധമാണെന്ന് ധരിച്ചുവശായവരുടെ ക്രൂരത നമുക്കീ ചിത്രത്തിലൂടെ ദര്‍ശിക്കാവതത്രെ. ചരിത്രബോധമില്ലാതെ നമ്മളെ വളര്‍ത്തിയെടുക്കുന്നതില്‍ യൂറോപ്യര്‍ വിജയിച്ചിരുന്നു ഇത്രകാലം; നമ്മുടെ പാഠ്യപദ്ധതികള്‍ വരെ മാറ്റിമറിച്ച്. ഇതേ കാലയളവില്‍ യൂറോപ്യര്‍ ആഫ്രിക്കയില്‍ നിന്നും കാപ്പിരികളെ വലയിട്ടുപിടിച്ച് അടിമകളാക്കി കൊണ്ടുപോയി നരകയാതന അനുഭവിപ്പിച്ചതിന്‍റെ ചരിത്രം പറയുന്ന വിഖ്യാതമായ 'റൂട്സി'ല്‍ അലക്സ് ഹെയ് ലിയുടെ ഒരു കഥാപാത്രമുണ്ട്. ഗോത്രങ്ങള്‍ക്കിടയില്‍ നിരന്തരമായി യാത്രചെയ്ത് മുന്‍തലമുറകളുടെ ചരിത്രം പറഞ്ഞുകൊടുക്കലാണയാളുടെ ജോലി. ഈ ചരിത്രശ്രവണം പുതുതലമുറയെ ജാഗരൂഗരാക്കി നിര്‍ത്തി. മുന്‍തലമുറകള്‍ക്കു പറ്റിയ വിജയവും പരാജയവും അവര്‍ കഥപറച്ചിലുകാരനിലൂടെ അറിഞ്ഞു. അങ്ങിനെ ഭൂമിയെ പൊതിഞ്ഞുനില്‍ക്കുന്ന വാതാവരണത്തെയും മണ്ണിന്‍റെ ജൈവതയെയും എങ്ങിനെയാണ് മനുഷ്യന്‍റെ സ്വാര്‍ത്ഥങ്ങള്‍ക്കു വേണ്ടി നശിപ്പിക്കപ്പെടാതെ സംരക്ഷിക്കുക എന്ന ജീവിതത്തിന്‍റെ പ്രഥമപാഠം അവര്‍ ഹൃദിസ്ഥമാക്കി. ഏതു വശത്തുനിന്നാണ് തന്നെയും തന്‍റെ സമൂഹത്തെയും നാടിനെയും തകര്‍ക്കാന്‍ ദുഷ്ടര്‍ വരികയെന്നവര്‍ മുന്‍കൂട്ടിയറിഞ്ഞു. നമുക്കില്ലാതെ പോയത് അത്തരത്തിലുള്ള കഥപറച്ചിലുകാരാണ്. ഉറുമിയെപ്പോലുള്ള പുതിയ വേഷങ്ങള്‍ ആ കര്‍മ്മമേറ്റെടുത്തു തുടങ്ങി എന്നറിയുമ്പോള്‍, അനീതിയുടെ, ചൂഷണത്തിന്‍റെ, നെരിപ്പോടില്‍ വെന്തുതീര്‍ന്ന ഒരു മഹാസുന്ദരകാലത്തിന്‍റെ വേപഥു നാം തൊട്ടറിയുന്നു.

ജെറിമി സീബ്രൂക്കും വിനിന്‍ പെരേരയും 'ഗ്ലോബല്‍ പാരസൈറ്റ്സ്' എന്ന് വിശേഷിപ്പിച്ച ഈ യൂറോപ്യന്‍ കൂട്ടം അമേരിക്കയിലേക്കും കയറി റെഡിന്ത്യന്‍സിനെ കശാപ്പുചെയ്ത് ആധിപത്യം സ്ഥാപിക്കുന്നുണ്ട്. അവര്‍ പഴയ ചൂഷണ-പീഡന തന്ത്രങ്ങള്‍, സോഫിസ്റ്റിക്കേറ്റഡ് ആയി, വളരെ വലിയ രീതികളില്‍, തിരിച്ചറിയപ്പെടാതിരിക്കാന്‍ സ്വാതന്ത്ര്യത്തിന്‍റെയും വികസനത്തിന്‍റെയും വക്താക്കളെന്ന് സ്വയമുദ്ഘോഷിച്ച്, ഇന്നും തുടരുന്നു എന്നത് ആശങ്കയര്‍ഹിക്കുന്നുണ്ട്. ആ ആശങ്ക, വളരെ അനായാസമായി പൂര്‍വ്വചരിതത്തിലേക്ക് ഇന്നിനെ കോര്‍ത്ത് ഉറുമി ഉന്നയിക്കുന്നു. ഇത്രയും ബൃഹത്തായ, 122 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ നയിക്കാന്‍ IMFലെയും WBലെയും ഉദ്യോഗസ്ഥര്‍ 'നിയമിക്കപ്പെടുമ്പോള്‍' ഗാമ വിരിച്ച വല എത്ര ദൂരവ്യാപകമായിരുന്നു എന്നോര്‍ത്ത് ഞെട്ടിപ്പോകുന്നു. ഈ കുരിശ് നമ്മില്‍ നിന്ന് ഒരിക്കലും അഴിഞ്ഞുപോവാതിരിക്കാന്‍ വേണ്ട എല്ലാ പണിയും ചെയ്തു വെച്ചിട്ടാണ് മൗണ്ട് ബാറ്റണ്‍ 1947ല്‍ ഇംഗ്ലണ്ടിലേക്ക് കപ്പലുകറയറുന്നത്. ഇന്ത്യയെ വിഭജിക്കലും ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ തീരുമാനിക്കലുമെല്ലാം ആ തച്ചിന്‍റെ ഭാഗങ്ങള്‍. ഇന്നത്തെ കേരളം, ഗാമ വരുന്നേരം, പതിനേഴോ അതിലധികമോ സ്വതന്ത്രരാജ്യങ്ങളുടെ കൂട്ടായ്മയാണ്. (കൊച്ചുപിണക്കങ്ങളെ പര്‍വതീകരിച്ചതും അത് മുതലെടുത്തതും കടന്നുകയറി‍യവന്‍റെ തന്ത്രം). ഈ സ്വതന്ത്രത ഓരോ രാജ്യത്തെയും സാമ്പത്തിക-സാംസ്കാരിക തലങ്ങളില്‍ ഉന്നതങ്ങളിലെത്തിച്ചിരുന്നു. ഇത്ര സമ്പന്നമായ Independent States നെ ഒന്നിച്ചുകൂട്ടി മൂക്കുകയറിട്ട് തെളിക്കാന്‍ തുടങ്ങിയതിനാല്‍ ചൂഷകര്‍ക്ക് കനത്ത കപ്പം കിട്ടാനെളുപ്പമായി എന്നതു നേര്. പക്ഷേ, കപ്പം കൊടുപ്പാനുള്ള ശേഷി ഓരോ നാടിനും കുറഞ്ഞുവന്നു എന്നത് പരമാര്‍ത്ഥം. കുറഞ്ഞുകുറഞ്ഞ് അതിന്നെവിടെയെത്തി നില്‍ക്കുന്നു എന്നന്വേഷിക്കുമ്പോഴറിയാം ആസന്നമായ ദുരന്തങ്ങളെപ്പറ്റി. IMFല്‍ നിന്നും WBല്‍ നിന്നും ആയുധ-രാസ-മരുന്ന് മാഫിയകളില്‍ നിന്നും ഒരൊറ്റ ഫോണ്‍ കൊണ്ട്, പുതിയ ചെറ്യമ്പ്രാക്കന്മാരിലൂടെയും ആടിത്തെളിഞ്ഞ ചേണിച്ചേരിമാരിലൂടെയും, 122 കോടി ജനങ്ങളിലേക്ക് തങ്ങളുടെ എന്തുല്‍പ്പന്നം അടിച്ചുകയറ്റണമെന്നും, എന്തു ലാഭം തങ്ങള്‍ക്കെത്തിക്കണമെന്നും, എത്ര ലക്ഷം കോടികള്‍ കോഴപ്പണമായി വിതരണം ചെയ്യണമെന്നും, ഓഡറാക്കാന്‍ ഈ കേന്ദ്രീകൃതാവസ്ഥ ഉപയോഗപ്പെടുന്നു. 176 ലക്ഷം കോടി രൂപ ഈ അടിച്ചുമാറ്റപ്പെട്ടത് ഈ ബൃഹദാകാരാവസ്ഥ മൂലമാണെന്ന് സുനിശ്ചിതമാണ്. (ഇങ്ങിനെ എത്ര ലക്ഷം കോടികള്‍ ഇതിനകം അടിച്ചുമാറ്റപ്പെട്ടിട്ടുണ്ട്?! ഇതൊക്കെ, കള്ളന്മാര്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെടുന്ന വൈരത്താല്‍ മാത്രം നാമറിയുന്ന സത്യങ്ങള്‍!! Tip of an ICEBERG in an ocean where so many 'icebergers' are floating underneath!!!). കേന്ദ്രീകൃതാവസ്ഥ ഉപയോഗപ്പെടും. ആര്‍ക്ക്? ഇത്തരം കുംഭകോണക്കോമരങ്ങള്‍ക്ക്. വികേന്ദ്രീകൃതാവസ്ഥയില്‍, പണ്ട് ഗാമ വരുന്നേരത്തേതു പോലുള്ള അവസ്ഥയില്‍, ഇത്ര വലിയ അടിച്ചുമാറ്റലുകള്‍ ഒരിക്കലും നടക്കില്ല. എന്തിനും ഒരു ലിമിറ്റ് ഏതു കള്ളനും വെക്കും. കാരണം, ചോദിക്കാനാളുണ്ടാവും. പിടിക്കപ്പെടാനെളുപ്പവുമാവും.

പഴമ ഗാമമാരുടെ പുതിയ അവതാരങ്ങള്‍ തെയ്യം തുള്ളി നടക്കുന്നത്, നമുക്കു കിട്ടിയ പഠിപ്പുകളെ മാറ്റിവെച്ച് നോക്കിയാല്‍, എളുപ്പത്തില്‍ കാണാവുന്നതാണ്. ആ താക്കീത് നമുക്ക് തരുന്നു ഉറുമി.

ശങ്കര്‍ രാമകൃഷ്ണനാവണം ഈ സിനിമയുടെ സൂത്രധാരന്‍ എന്നു കരുതി എഴുതുന്നുഃ ഗംഭീരമായി. ഒരു കാലഘട്ടത്തെ സമഗ്രമായി പഠിക്കാനും അതില്‍ നടന്ന സംഭവങ്ങളെയും കഥാപാത്രങ്ങളെയും അതിഹൃദ്യമായി കോര്‍ത്തിണക്കാനും ശങ്കര്‍ കാണിച്ച മിടുക്കിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. (ഇത്തരമൊരു സിനിമ ചെയ്യണമെന്ന് കൊതിച്ചു നടന്നവനാണ് ഇതു കുറിക്കുന്നതെന്നു പറയട്ടെ. സന്തോഷമായി. ഇനി എനിക്കാ പണി ചെയ്യേണ്ടല്ലോ?!). തിരക്കഥാരചനയിലെ ഒരു പുതിയ മാനം നാം ഉറുമിയിലൂടെ അറിയുന്നു. അദ്ദേഹം തന്നെ നിര്‍വഹിച്ച, കഥയുടെ കാലത്തിനും ഒഴുക്കിനും ചേര്‍ന്ന കാവ്യാത്മക ശൈലിയിലുള്ള സംഭാഷണം, സുന്ദരമായി. ഹാസ്യം വേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ സംഭാഷണം രസികനായിട്ടുണ്ട്. ഉദാഹരണം- ചിറക്കല്‍ രാജ, കുതിരപ്പുറത്തിരുന്നട്ടഹസിക്കുന്ന തന്‍റെ ചിത്രം വിഷമിച്ചു വരപ്പിക്കുമ്പോള്‍ പറയുന്നുഃ "ഈ ജന്തു എനിക്കൊരു ബാദ്ധ്യതയായിരുന്നു എന്ന് ഒരു ചരിത്രവും പറയരുത്". ശരിക്കും ചിരിച്ചുപോയി രാമകൃഷ്ണന്‍‍. അഭിനന്ദനങ്ങള്‍.

ഈ കഥ സംവിധാനം ചെയ്യാന്‍ മുതിര്‍ന്ന നമ്മുടെ പ്രിയങ്കരനും അഭിമാനഭാജനവുമായ 'ഉസ്താദ് de cinematographica', ഛായാഗ്രഹണത്തിന്‍റെ സാദ്ധ്യതകള്‍ അച്ഛന്‍ ശിവനില്‍ നിന്നും transfer of wisdom എന്ന പ്രക്രിയയിലൂടെ സ്വീകരിക്കയും, സ്വന്തം സാധനയിലൂടെ നമുക്ക് ചലനചിത്രങ്ങളുടെ അപാരമായ സൗന്ദര്യം വെളിപ്പെടുത്തിത്തരികയും ചെയ്ത സന്തോഷ്ശിവനെ ഞാനിവിടെ പൂജിക്കുന്നു; സമ്മതിച്ചിരിക്കുന്നു. എന്തു പറയാന്‍ അങ്ങയോട്?
Every Frame a Rembrant?! No, Every Frame a Ravivarma...!! (You are Ravivarma). കോടിക്കണക്കിന് ഡോളര്‍ മുടക്കി വലിയ ആര്‍ഭാടം കാണിക്കലാണ് പിരീഡ് സിനിമ എന്നുള്ള നമ്മുടെ സിനിമാസങ്കല്‍പങ്ങളെ താങ്കളിവിടെ തകര്‍ത്തിരിക്കുന്നു. ഇത്രയും ചലഞ്ച് ഉള്ള ഒരു പ്രമേയം തികഞ്ഞ ആത്മവിശ്വാസത്തോടെ, ഒതുക്കത്തോടെ, ചെയ്തുവെച്ച താങ്കളെ ഇനി ഞങ്ങളിങ്ങിനെ വിളിക്കും- സിനിമയുടെ കുലപതി.

മൂന്നാമതായി സ്തുതിക്കാനുള്ളത്, ഇത്തരമൊരു പ്രമേയമുള്‍ക്കൊള്ളുന്ന സിനിമക്കായി പണം മുടക്കാന്‍ തയ്യാറായവരെയാണ്. ഇതുപോലുള്ള, 'സിനിമയെന്നത് കൊണ്ട് എന്തുദ്ദേശിക്കപ്പെടുന്നു?'എന്ന ചോദ്യത്തിനുത്തരമായി ഭവിക്കുന്ന സിനിമകള്‍, ഇനിയും നിര്‍മ്മിക്കാന്‍ ഭാഗ്യം നേരുന്നു.

പൃഥ്വീരാജിന്‍റെ ഉള്ളിലെ ഫയര്‍ നമുക്കനുഭവപ്പെടുക, ഈ ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ കൂടി അദ്ദേഹമുണ്ടെന്നറിയുമ്പോഴാണ്. നന്നായി പൃഥ്വി. അച്ഛനെ വെല്ലുന്നു മകന്‍. മറ്റു താരരാജാക്കന്മാരെയെല്ലാം നീ ഈ ഒരൊറ്റ ചിത്രത്തിലൂടെ പിന്‍തള്ളുന്നു. I have become your fan.

കാസ്റ്റിംഗും അഭിനയവും സംഗീതവും ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ട്. പ്രഭുദേവയും ആര്യയും ജഗതിയും ഡിസൂസയുമെല്ലാം തകര്‍ക്കുന്നുണ്ട്. ആയിശയുടെ ചരിത്രം, അവള്‍ തന്നെ ബലാല്‍ക്കാരം ചെയ്യാന്‍ വന്ന പറങ്കിക്കൂട്ടത്തിലെ ഒമ്പതു പേരെയും കാലപുരിക്കയക്കുന്നതും ഒരാളെ കഥചൊല്ലാന്‍ ബാക്കി വെച്ചതും, വെറും വാക്കുകളിലൊതുക്കിയത് സങ്കടമായി. പോക്കിരിപ്പെണ്ണിന്‍റെ വസ്ത്രധാരണം കാലഗണനയ്ക്കനുയോജ്യമായോ എന്ന് സംശയിക്കുന്നു. ബാക്ഗ്രൗണ്ട് സ്കോറും, നാടോടിപ്പാട്ടുകളുടെയും കുറത്തിപ്പാട്ടുകളുടെയും ശ്രുതിമധുരമായ ഈണത്തില്‍ കുളിപ്പിച്ച പാട്ടുകളും, ദൃശ്യങ്ങളോട് ഇഴുകിച്ചേര്‍ന്നു പോകുന്നതിനാല്‍ ഈ ചിത്രം ഒരു balladന്‍റെ സുന്ദരരൂപമണിഞ്ഞാടുന്നു. ദീപക് ദേവും സംഘവും ഇതിന് പ്രത്യേക പ്രശംസയര്‍ഹിക്കുന്നു.

ചിറക്കലെ 'സിംഹാസനക്കസേര'യും പരിസരവും സ്വല്‍പം claustrophobic ആയി എന്നഭിപ്രായമുണ്ട്. വിണ്ടുകീറിയ തൂണ്‍, അസ്തമിച്ചു തുടങ്ങിയ രാജപ്രതാപത്തിന്‍റെ സിംബല്‍ ആണെന്നൊക്കെ ആശ്വസിച്ചിട്ടും സമാധാനമാകുന്നില്ല. മലയാളസിനിമയുടെ കൊച്ചുപരിധിയില്‍ നിന്ന് ഇത്തരമൊരു ചിത്രം ചെയ്യുമ്പോള്‍ അത്രയൊക്കെയേ പറ്റൂ എന്നാവാം നിര്‍മ്മാതാക്കളുടെ മറുപടി. പക്ഷേ, 16th century യിലെ ഒരു rich independent stateനെ കാണിക്കുമ്പോള്‍ കുറച്ചുകൂടി മരുന്നിടാമായിരുന്നു എന്നു പറയാതെ വയ്യ. നമ്മുടെ സിനിമകളിലെ പ്രത്യേകതകളിലൊന്നായ long dramatic dialogues പലപ്പോഴും ഇതില്‍ വരുന്നുണ്ടെങ്കിലും ചരിത്രകുതുകികള്‍ക്ക് അത് നന്നായി അനുഭവപ്പെടും; ചരിത്രമറിയാത്തവര്‍ക്ക് സത്യങ്ങളിലേക്കുള്ള ചില പടിവാതിലുകള്‍ തുറന്നിട്ടുകൊടുക്കയും ചെയ്യും.

ഇത്തരമൊരു ചരിത്രപ്രധാനമായ സിനിമയെ ജനങ്ങളിലേക്കെത്തിക്കാന്‍ ഇതിന്‍റെ പിന്നണിക്കാര്‍ കാണിച്ച വിപണനതന്ത്രങ്ങളെ കുറ്റപ്പെടുത്താനാവില്ല. Everything is fare in War and Love എന്ന യൂറോപ്യന്‍ ആപ്തവാക്യമല്ല ഇവിടെ പറയുക. പറയുന്നു ഇത്രമാത്രംഃ You have done only pardonable crimes in this war. All the very best for the upcoming wars. We are with you. ഇനിയും ഇത്തരം 'കണ്‍തുറ-സിനിമകള്‍' നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു.

കിഴക്കിന്‍റെ യഥാര്‍ത്ഥരൂപം, പ്രകൃതിയുമായും ദൈവവുമായും ഇണങ്ങി ജീവിച്ചിരുന്ന സനാതനസ്വത്വം, താനെത്തിപ്പെട്ട വിഹ്വലസ്ഥലികളില്‍ നിന്നും തന്‍റെ പ്രയാണരേഖയിലൂടെ തിരിഞ്ഞുനടക്കുകയാണിവിടെ; നിവൃത്തിയില്ലാതായപ്പോഴത്തെ ഒരന്വേഷണത്തിനായി; എവിടെയാണ് തെറ്റുപറ്റിയതെന്നറിയാനായി; ചോദ്യങ്ങളനവധി മനസ്സിലിട്ട്. അപ്പോഴവന്‍ ചരിത്രപ്രധാനമായ ചില സന്ധികളിലെത്തുന്നു. അവിടെ അവനെത്തേടി ഉത്തരങ്ങളിലിരിക്കുന്നു. ആ പ്രയാണമാണ് ഉറുമി.