Friday 28 February 2014

എമണ്ടൻ 

(കുഞ്ഞയമൂസ് ട്രാവല്‍സ് – 6)  

എംഡൻ, ഗ്രാമമെന്നേ അതിനെ പറയാനൊക്കു. 
നമ്മുടെ കൊച്ചുകേരളത്തിൽ ഗ്രാമങ്ങളില്ലാതായല്ലൊ. ഒരു നഗരത്തിന്റെ തുടർച്ചയായിക്കിക്കിടക്കുന്ന വൻവീഥികളും ബഹുനിലക്കെട്ടിടങ്ങളും കുറച്ചൊന്നു ശുഷ്കമായി, വീണ്ടും അടുത്ത നഗരത്തിലേക്ക് പിച്ചവെക്കുന്ന രീതിയിലാണ് കേരളത്തിന്റെ വിതാനിപ്പ്. നഗരങ്ങളുടെ ഇടർച്ചയെന്ന പോലെ ഗ്രാമങ്ങൾ. ഗ്രാമങ്ങളുടെ തുടർച്ച പോലെ നഗരങ്ങൾ. ഇടതടവില്ലാതെയുള്ള ഈ രീതി കേരളത്തെ ഒട്ടാകെ ഒരു മഹാനഗരമാക്കിയിരിക്കുന്നു A big huge city. 

പക്ഷേ കേരളം വിട്ടാൽ രംഗം മാറുന്നു. തുലോം വിശാലമായ മറ്റു സംസ്ഥാനങ്ങളിൽ നഗര-ഗ്രാമങ്ങൾക്കിടയിൽ ദൂരങ്ങളെത്രയോ ശുദ്ധശൂന്യങ്ങളായി നിലകൊള്ളുന്നു. ഈ തുറസ്സുുകളിലേക്ക് നോക്കിയിരുന്ന് യാത്ര ചെയ്യുന്നതിന്റെ സുഖം, യാത്ര കേരളത്തിലൂടെയാവുമ്പോൾ കിട്ടാതായിരിക്കുന്നു. ഇനി ഉത്തരേന്ത്യയിലേക്ക് കയറുന്നതോടെ നഗരങ്ങളുമായി വളരെ അകന്നു നിൽക്കുന്ന കുഗ്രാമങ്ങളും കാണപ്പെടുന്നു. അത്തരം ഗ്രാമങ്ങളോടുള്ള പ്രണയം, അവിടെ ഇന്നും പ്രകടമായ ജന്മിത്തവും ജാതിതിരിവും ഗുണ്ടായിസവും ഉണ്ടെന്നു കാണുമ്പോൾ,  നമുക്കില്ലാതാവുകയും ചെയ്യും. 

പക്ഷേ എംഡൻ എന്ന ഗ്രാമത്തെ ഈ ഗണത്തിലൊന്നും പെടുത്താൻ പറ്റില്ല. അമ്പതിനായിരത്തോളം മാത്രം ജനസംഖ്യയുള്ള ഈ മണ്‍ തിട്ടയെ കേരളീയനായ കുഞ്ഞയമുവിന് ഒരു കുഗ്രാമമെന്നേ പറയാൻ കഴിയൂ. ഇനി ഒരു പരിഷ്കൃതഗ്രാമത്തിന്റെ സംജ്ഞയായി കൃഗ്രാമം എന്ന പദത്തെ സ്വീകരിക്കാമെങ്കിൽ ഈ ഗ്രാമത്തെ കുഞ്ഞയമ്മു അങ്ങിനെയാവും വിളിക്കുക-കൃഗ്രാമം. 

മുന്നൂറു കിലോമീറ്റർ അപ്പുറെയുള്ള ബ്രെമൻ ആണ് അടുത്ത എയർപ്പോർട്ട്. വിശാലമായ ഫാമുകൾക്കിടയിലൂടെയുള്ള റോഡ് അത്ര നല്ലതൊന്നുമല്ല. വലിയ വീതിയില്ല. അത്യാവശ്യം കുണ്ടും കുഴിയുമൊക്കെയുണ്ട്. പക്ഷെ അതിലൂടെ ഇരുന്നൂറുകിലോമീറ്റർ സ്പീഡിലൊക്കെയാണ് ജർമ്മൻ ടാക്സി ഡ്രൈവർ പിടിപ്പിക്കുക. റിട്ടയർ ചെയ്ത് അവസാനകാലത്ത് ചെയ്യാൻ പറ്റിയ ജോലി എന്ന നിലക്ക് ഡ്രൈവർ പണി ചെയ്യുന്ന ധാരാളം വൃദ്ധരുണ്ട്. കുഞ്ഞയമു യാത്രയിൽ സ്പീഡോ മീറ്ററിൽ നിന്നും കണ്ണെടുക്കാതെ ഇരിക്കുന്നതു കണ്ട വയസ്സൻ ഡ്രൈവർ സൂചി ഇരുന്നൂറിനുമുകളിൽ തന്നെ പിടിച്ചു. ഈ വൃദ്ധനെങ്ങാനും വല്ല ഹാർട്ട് ഹറ്റാക്കും വന്നാൽ വണ്ടി എത്രതവണ മലക്കം മറിഞ്ഞാലാണ് നിൽക്കുകയെന്നാലോചിച്ച് കുഞ്ഞയമു വിയർത്തിരുന്നു. 

ജർമ്മനിയുടെ വടക്കുപടിഞ്ഞാറേ കരയിൽ ഉത്തരകടലിനോടു തൊട്ടുകിടക്കുന്നു എംഡൻ. എംസ് (Elms) നദി നോർത്ത്സീയോടു ചേരുന്ന അഴിമുഖം. കൊച്ചു കൊച്ചു ടാവേണുകള്‍ , ഭക്ഷണക്കടകള്‍, മദ്യശാലകള്‍… ഒരു സാധാരണ യൂറോപ്യന്‍ ഗ്രാമത്തിന്റെ എലാ ചേരുവകളുമുണ്ടിവിടെ. ഇവിടത്തുകാര്‍ പച്ചവെള്ളത്തിന് പകരം ബിയര്‍ കഴിക്കുന്നവരായത് കൊണ്ട് ഗ്രാമ മദ്ധ്യത്തില്‍ ‘ബീരാന്‍ കട’കളാണ് നിറഞ്ഞു നില്‍ക്കുന്നത്.   നമ്മുടെ കരാള കേരളവുമായി എംഡനു എന്തെല്ലാം ബന്ധങ്ങളുണ്ടെന്ന് നോക്കി കുഞ്ഞയമു. കല്ല്‌ പതിച്ച നിരത്തിലൂടെ ഇലക്ട്രിക്കല്‍ ഓഫീസറുമായി നടക്കുമ്പോള്‍ കണ്ടു – പുരോഹിത വേഷമിട്ടു നീങ്ങുന്ന ഒരു ഇരു നിറക്കാരനെ. ധൈര്യമായി ചോദിച്ചു ” മലയാളിയല്ലേ?”. അതെ എന്ന ഉത്തരവുമായി ഫാദര്‍ കുരിയാക്കോസ് ചിരിച്ചു കൊണ്ട് അടുത്തെത്തി. കാഞ്ഞിരപ്പള്ളിക്കാരനാണ് പുള്ളി. എംഡനില്‍ വൈദികനായി എത്തിയിട്ട് വര്ഷം രണ്ടു കഴിഞ്ഞു. അവിടെ വേറെയും മലയാളികള്‍, ആണായും പെണ്ണായും, സെമിനാരികളില്‍ ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.   പണ്ട് ടെന്‍സിങ്ങിന്റെ സഹായത്താല്‍ ഹിലരി എവറസ്റ്റില്‍ പതാക നാട്ടിയപ്പോള്‍, അവിടെ ഒരു കരാള കേരളീയന്‍ തന്റെ ഹോട്ടല്‍ ഡി മോസ്ക്കോയിലിരുന്നു ചായ ഒാഫര്‍ ചെയ്ത കഥ കുസൃതി കലര്‍ന്ന സാങ്കല്‍പ്പികത തന്നെ എന്നാകിലും, കേരളീയ മനസ്സിന്റെ എവിടെയും പെട്ടെന്ന് കയറിപ്പറ്റി ഇഴുകിച്ചേരാനുള്ള കഴിവിനെ രസകരമായി അവതരിപ്പിക്കുന്നു. ആ മനസ്സിനു കൂടെയുള്ള ബുദ്ധിയുടെ കൂര്‍മ്മതയും പ്രസരിപ്പും വിശിഷ്യാ ദുരഭിമാനവും കുശുമ്പും മറ്റു ജനുസ്സുകളിൽ പെട്ടവരിൽ കുറവാണ് എന്ന് കുഞ്ഞയമു എവിടെയും സ്വകാര്യമായി പറയും. പൊതുവിൽ കാര്യങ്ങളെ കുറിച്ചുള്ള അറിവും അതുപയോഗിക്കാൻ ഉള്ള കഴിവും കേരളീയനിൽ വളരെ ഉയർന്നതാണ് . മുന്‍പറഞ്ഞ ദുരഭിമാനത്തിന്റെ അളവ് കുറച്ചാൽ കേരളീയനാവും ഈ ഗോളത്തെ നയിക്കാൻ നിയമിതനാകുക എന്നാണു ഇവ്വിഷയകമായി കുഞ്ഞയമുവിന്റെ അവസാന വാക്ക്. 

ഒരു രാത്രി കുരിയാക്കോസച്ഛൻറെ അരമനയിൽ എത്തി .പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ട പള്ളിയുടെ വശത്തുള്ള തൻറെ മുറിയിൽ ഫാദർ കുഞ്ഞയമുവിനും സുഹൃത്തുക്കൾക്കും വിരുന്നേകി . അവിടെവെച്ചു ഫാദർ എംഡന്റെ കഥപറഞ്ഞു . പിറ്റേന്ന് അവരുടെ കൂടെ നഗരപ്രദക്ഷിണവും നടത്തി. എട്ടാം നൂറ്റാണ്ട് തൊട്ടുണ്ട് എംഡന്റെ എഴുതപെട്ട ചരിത്രം. എംസ് നദിയുടെ കരയിൽ അതിനുമുന്‍പ് ചതുപ്പ് നിലങ്ങളായിരിക്കണം. ഈസ്റ്റ്‌ ഫ്രിഷ്യയുടെ ഭാഗമായിരുന്ന ഈ നാട് യൂറോപ്പിലെ പല ശക്തികൾക്കും കീഴിൽ ഒതുക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പിൽ കാത്തലീക് ചർച്ചിനെതിരിൽ പ്രൊട്ടെസ്റ്റന്റു വിഭാഗം ശക്തിയാർജിച്ചപ്പോൾ എംഡൻ പൊതുവിൽ പ്രൊട്ടെസ്റ്റന്റുകാരുടേതായി മാറി . ഓരോ കടൽത്തീരവും ശക്തിയാർജ്ജിക്കുന്നത് മുക്കുവരാലാണ്. അവരായിരിക്കും ഒരു തുറ വികസിച്ചു വരുന്നതിനു പുറകിലെ തുടക്കക്കാർ. ഇവിടെ എംഡനിലും കഥ മറിച്ചല്ല. സ്ലോബ്‌ എന്ന പേരിലറിയപ്പെടുന്ന ഒരുതരം മത്സ്യം ഈ സമുദ്രതീരത്ത് മാത്രം കിട്ടുന്നതാണെന്ന് പറയപ്പെടുന്നു. അത് മറ്റു നാടുകളിലേക്ക് കയറ്റിയയച്ച് മുക്കുവർ വരുമാനമുണ്ടാക്കി. സ്ലോബ്‌ അങ്ങിനെ ഒരു നാടിന്റെ സാമ്പത്തിക അടിത്തറയായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശയോടെ വ്യാവസായികവൽക്കരണത്തിലേക്ക് എംഡനും എത്തി. പിന്നെ കപ്പൽ നിര്‍മ്മാണത്തിലേക്കും കാർ നിർമ്മാണത്തിലേക്കും വഴിമാറിയിട്ടുo സ്ലോബിനെ ഈ തലമുറയും തോളിലേറ്റുന്നു. എല്ലാ വര്‍ഷവും ആ മീനിന്റെ പേരിൽ എംഡൻകാർ ഒരു ഉത്സവവും കൊണ്ടുനടക്കുന്നു. ഈ സമയത്താണ് കുഞ്ഞയമുവും സംഘവും കുരിയാക്കോസച്ഛനുമായി നഗരം കാണാനിറ ങ്ങിയത്. നാട്ടിലെ ഒരു നേർച്ച പോലെ, ഉത്സവം പോലെ ഇവിടെയും തെരുവു സർക്കസ്സുകാർ ഉണ്ട്, ഗായക സംഘങ്ങൾ ഉണ്ട്, ജൈൻറ്റ് വീലും സ്വിങ്ങിങ്ങ് ചെയറുമുണ്ട്. താല്‍ക്കാലികമായുണ്ടാക്കിയ നിരത്തോര കടകളിൽ വഴിവാണിഭം പൊടിപൊടിക്കുന്നു. ‘ബീരാൻ കട’കളിലെ ബിയർ വീപ്പകൾ നുരഞ്ഞുപൊന്തുന്നു.-ആകെ ആഘോഷത്തിമിർപ്പ്. 

രണ്ടാം ലോകമഹായുദ്ധകാലത്ത് എംഡനിലെ മുക്കാൽ ഭാഗം കെട്ടിടങ്ങളും ബ്രിട്ടീഷ്‌ വ്യോമസേന ബോംബിട്ടു തകർത്തു. അവ വീണ്ടും പണിതുയർത്താൻ ഇരുപതോളം വർഷങ്ങൾ വേണ്ടിവന്നു ജർമ്മൻകാർക്ക്. അന്ന് തകർന്നടിഞ്ഞ സിറ്റിഹാൾ നന്നാക്കിയിട്ടുണ്ട്. ഇന്നതൊരു മ്യൂസിയമാണ്. കെട്ടിടത്തിൻറെ താഴെനിലയിൽ കുറച്ചുഭാഗം യുദ്ധകാലത്തിൻറെ ഓർമ്മയ്ക്കായി അതുപോലെത്തന്നെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. പിന്നീട് വരുന്നവർക്ക് ഓർമ്മപെടുത്തൽ എന്നോണം . യുദ്ധകപ്പലുകൾ ധാരാളമായി നിർമ്മിച്ചിരുന്ന എംഡൻ ഷിപ്‌ യാര്‍ഡ്‌ ഇപ്പോൾ മന്ദഗതിയിലാണ്‌. യുദ്ധങ്ങൾ കുറഞ്ഞതുകൊണ്ടാവണം. വോക്സ് വാഗണ്‍ കമ്പനിയുടെ പതിനായിരക്കണക്കിനു കാറുകൾ ഓരോ വര്‍ഷവും നിർമ്മിക്കപ്പെട്ട് കയറ്റിയയക്കപ്പെടുന്നത് ഈ കൊച്ചു ഗ്രാമത്തിൽ നിന്നുമാണ്‌.

 മലയാളഭാഷയിൽ എംഡനു ഒരു സ്ഥാനമുണ്ട്. രണ്ടാം മഹാലോകയുദ്ധകാലത്ത് ഇവിടുത്തെ നോർത്ത്സീ ഷിപ്‌ യാര്‍ഡില്‍ പണിത എംഡൻ സീരീസിൽപ്പെട്ട ഒരു കപ്പല്‍ അറബിക്കടൽ ക്രോസ് ചെയ്ത് കേരളത്തീരത്തെത്തി. അന്നത്തെ കണക്കനുസരിച്ച് ഒരു വലിയ കപ്പലായിരുന്നു അത്. കപ്പല്‍ കൊച്ചി തീരത്തു ഭയപ്പാട് സൃഷ്ടിക്കുകയും ചില വെടികൾ പൊട്ടിച്ച് നാട്ടുകാരെ ഭയചകിതരാക്കുകയും ചെയ്തു. കപ്പലിന്റെ വലിപ്പം കണ്ടു വൈപ്പിൻ നിവാസികൾ എംഡനെ മലയാളീകരിച്ചു എമണ്ടനാക്കി. അങ്ങനെ വലിയത് , പെരുത്തത്, എന്നതിനുള്ള പര്യായമായി എമണ്ടൻ . - 

See more at: http://www.gulmoharmagazine.com/gulmoharonline/yathravivaranam/kunjayamoos-travels-6#sthash.L9NRfC8R.dpuf

Tuesday 10 December 2013

Gulmohar Online Magazine

കടല്‍ക്കാക്ക 

(കുഞ്ഞയമൂസ് ട്രാവല്‍സ് – 4)

 

 

ഡാംപിയര്‍ ഗ്രാമത്തിലെ സീമെന്‍സ് ക്ളബ്.

അവിടുത്തെ ഫോണ്‍ബൂത്തിലിരുന്ന് നാട്ടിലേക്ക് വിളിക്കുകയാണ് കുഞ്ഞയമു. നാട്ടിലുള്ളവരുമായി സംസാരിച്ചുകൊണ്ടിരുന്നെങ്കിലും അയാളുടെ മനസ്സ് ആ ബൂത്തിനകത്തു തന്നെ പിണഞ്ഞു കിടന്നു.

മൊബൈലും ഇന്‍റര്‍നെറ്റും ഇല്ലാത്ത ആ അനന്തകാലമാണെന്നോര്‍ക്കണം. സത്യത്തില്‍, ചരിത്രത്തെ പകുത്തുപോകുന്ന ചില വരകളെ കാലങ്ങള്‍ക്കിടയിലൂടെ കാണാവതാണ്. താര്‍ത്താരികള്‍ കൊതിയന്‍ കുതിരകളെയോടിച്ച് സിന്ധുനദീതീരത്തെത്തിയത്, ചുവന്നഅമേരിക്കക്കാര്‍ കടലില്‍ ഗതിയറിയാതെ തെണ്ടി നടന്ന കോളാമ്പിയെ കണ്ടുപിടിച്ച് കരക്കടുപ്പിച്ച് ‘പണി’ സ്വയമേറ്റെടുത്തത്, ഇന്ത്യയിലേക്കുള്ള കടല്‍പാതയെ കാമിച്ച കോമേട്ടന്‍ ഗമിച്ച് ഗമിച്ച് അത് കണ്ടെത്തിയത്, ഇലക്ട്രിക് വിളക്കു കത്തിയത്, വിദൂരതയിലിരുന്നവനോട് കമ്പിവഴി മനുജന്‍ ആദ്യം സംസാരിച്ചത്, മഹാ(അലമ്പ്)ലോകയുദ്ധങ്ങള്‍ക്ക് ഒന്നാം വെടിപൊട്ടിയത്, അസ്വാതന്ത്ര്യത്തിന് വേണ്ടുന്ന പണി മുഴുവന്‍ പണിത് പിന്നെ ‘പണികിട്ടിയപ്പൊ’ സ്വാതന്ത്ര്യസമരകരായി വേഷംമാറി അത് നേടി എന്നു വിചാരിച്ചത് – ഇങ്ങിനെ ചരിത്രസന്ധികളെ നാം കൃത്യമായി കുറ്റിയടിച്ചുവെച്ചാണ് അപ്പുറത്തുമിപ്പുറത്തുമുള്ളത് പഠിക്കുക. അതുപോലെ ഒരു വന്‍വഹയാണ് മൊബൈല്‍ഫോണ്‍ എന്ന സംഭവം. ഒന്നോര്‍ത്തുനോക്കൂ. ഒരു പത്തിരുപത്തഞ്ചു കൊല്ലം മുമ്പ് ഇങ്ങിനെ ലോകത്തെവിടെയുമിരുന്ന് ആര്‍ക്കും ആരുമായും എവിടെയിരുന്നും സംസാരിക്കാമെന്ന് വല്ല സ്വപ്നവുമുണ്ടായിരുന്നോ? ഉണ്ടായിരിക്കും. ബുദ്ധിജീവികള്‍ക്ക്, ചിന്തകര്‍ക്ക്, ശാസ്ത്രജ്ഞര്‍ക്ക്. പക്ഷെ, ബുദ്ധി, ചിന്ത ഇവ തുലോം കുറഞ്ഞ, ശാസ്ത്രത്തെക്കുറിച്ച് അജ്ഞനായ കുഞ്ഞയമുവിനില്ല – സമ്മതിക്കുന്നു ധൈര്യവാന്‍.
yathra 1
അത്തരമൊരു കാലത്തെ കഥയാണിത്. കുഞ്ഞയമു കപ്പലുദ്യോഗത്തില്‍ കയറിയതേയുള്ളു. ആദ്യത്തെ കപ്പല് യാത്ര. ഓങ്കൊയങ്ങിയിലാണ്, കുഞ്ഞയമു ഒന്നരലക്ഷം ടണ് കേവുഭാരമുള്ള (ഈ മലയാള ഭാരക്കണക്ക് പറയുന്നതു തന്നെ കുഞ്ഞയമുവിനിഷ്ടമാണ്) വലിയ കേപ്സൈസ് ബള്‍ക് കാരിയറിലാണ് ആദ്യമായി കാലെടുത്തു വെക്കുന്നത്. ഓങ്കൊയങ്ങി എന്ന പദം പറഞ്ഞുകൊടുത്ത് ജീവന്‍ പോകും വരെ ചിരിപ്പിച്ചത് തന്‍റെ മദ്രസയിലെ ഉസ്താദായിരുന്നു. അദ്ദേഹം എന്തോ കാര്യത്തിന് ഹോങ്കോങ് എന്ന രാജ്യത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ആ രാജ്യനാമത്തിന്‍റെ ഉത്ഭവം ‘അവന്‍ കുഴങ്ങി’ എന്നതില്‍ നിന്നാണെന്നു ശഠിച്ചിരുന്നു.

വലിയ അങ്കലാപ്പുണ്ടായിരുന്നു. പ്രധാന കാരണം, സുഹൃത്ത് പല്ലന്‍ വന്ന് ആദ്യം ജോയിന്‍ ചെയ്തതുമിവിടെയായിരുന്നു എന്നതാണ്. പക്ഷെ അവനെത്തിപ്പെട്ടത്…..!

ഹോങ്കോങ്ങില്‍ നിന്നും കപ്പല്‍ നേരെ വിട്ടത് പല്ലന്‍റെ കപ്പലിന്റെ അതേ വഴിത്താര തന്നെ. കേട്ടപ്പോള്‍ ഞെട്ടിപ്പോയി കുഞ്ഞയമു. അങ്ങിനെയിതാ ആസ്ത്രേലിയയുടെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഡാംപിയറിലെത്തിയിരിക്കുന്നു. ഇവിടം ഒരു കൊച്ചുഗ്രാമമെന്നു പോലും പറകവയ്യ. ആയിരത്തോളം പേരേ താമസക്കാരായുള്ളു. പോര്‍ട്ട്ജീവനക്കാരാണ് മുഴുവനും. പ്രധാന കയറ്റുമതിയിനം ഇരുമ്പയിരാണ്. ഒന്നര-രണ്ട് ലക്ഷം ടണ്ണൊക്കെ 24 മണിക്കൂര്‍ കൊണ്ട് കപ്പല്‍പ്പള്ളയിലേക്ക് കയറ്റിയിടാനുള്ള ശേഷിയുണ്ട് ഇവിടത്തെ പണിയായുധങ്ങള്‍ക്ക്. ഇത്രയൊക്കെ ഭാരം ഭൂമിയില്‍ നിന്നുമെടുത്ത് ദിനം പ്രതിയെന്നോണം അന്യനാടുകളിലേക്ക് കയറ്റിക്കൊണ്ടു പോയാല്‍ കുറേ കഴിയുമ്പോ ഭൂമിയുടെ ബാലന്‍സ് പോകില്ലേ എന്ന് ഒരിക്കല്‍ സഹിക്കവയ്യാതെ കുഞ്ഞയമു ചോദിച്ചു. കപ്പിത്താന്‍ അലറിച്ചിരിച്ച് പുച്ഛിച്ചു. തനിക്കൊരു വിവരവും ഖനനശാസ്ത്രത്തെക്കുറിച്ച് ഇല്ലെന്ന് അന്ന് കുഞ്ഞയമു ഏത്തമിട്ടു- ഇനി അബദ്ധങ്ങളെഴുന്നെള്ളിക്കില്ലെന്നും ഉറപ്പുകൊടുത്തു.

ഈ ഫോണ്‍ ബൂത്തിലിരുന്നായിരിക്കണം പല്ലന്‍ അവസാനമായി തന്‍റെ കുടുംബവുമായി സംസാരിച്ചത്. തന്‍റെ പ്രേയസിയുമായി പ്രണയം കൈമാറിയത്. തന്‍റെ ഒരു വയസ്സാവുന്ന കുഞ്ഞിന്‍റെ അച്ഛാ എന്ന വിളി കേട്ട് നിര്‍വൃതിയടഞ്ഞത്. എന്‍റെ പ്രിയ സുഹൃത്തേ, കുഞ്ഞയമു ഓര്‍ത്തു – നമ്മളെന്തെല്ലാം സ്വപ്നങ്ങളാണ് ഹൂഗ്ളീനദിയുടെ തീരത്തെ ആ കൊച്ചുഡാബയിലിരുന്ന് കണ്ടത് ? ട്രെയിനിങ് തീരാറായ സമയത്ത് രണ്ടുമാസം പ്രായമായ നിന്‍റെ കുരുന്നിനെയും ഭാര്യയെയും ഹൌറയിലെ ഫ്ളാറ്റില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചത്. അവിടുത്തെ ചുരുങ്ങിയ സൗകര്യത്തിലേക്ക് ഒരു കൊട്ടാരത്തിലേക്കെന്ന പോലെ ഞങ്ങളെ ക്ഷണിച്ചുവരുത്തി സല്‍ക്കരിച്ചത്. കപ്പലില് ജോലിക്കു കയറി കുറേ കാശൊക്കെ ഉണ്ടാക്കി ചെയ്തു കൂട്ടാന്‍ എന്തെന്തു പദ്ധതികളായിരുന്നു നിന്‍റെ കയ്യില്‍ ?

എനിക്കു മുമ്പേ കപ്പലില്‍ കയറിയ നീ എഴുതിയ കത്ത് ഞാനും സുഹൃത്തുക്കളും വായിച്ച് കൊതിയടങ്ങിയില്ല, അപ്പോഴേക്കും….സ്റ്റേറ്റ്സ്മേനിലാണ് കണ്ടത്. ആരോ, പല്ലന്‍ കയറിയ കപ്പലിന്‍റെ വാര്‍ത്തയിതാ എന്നു പറഞ്ഞുകൊണ്ട് നസീര്‍ഗഞ്ച് ഹൂഗ്ളിഡോക്കിലെ ട്രെയ്നിംഗ് റൂമിലേക്കു കയറി വന്നതിപ്പോഴുമോര്‍ക്കുന്നു. മിനറല്‍ ഡയമണ്ട് എന്നായിരുന്നുവല്ലോ അതിന്‍റെ പേര്. ഒന്നരലക്ഷം ടണ്‍ ഇരുമ്പയിരുമായി കപ്പല്‍ നീങ്ങിയതും കാണാതായതും ഒന്നാം പേജില്‍ തന്നെ കോളമായിക്കിടക്കുന്നു. അതുകഴിഞ്ഞ് വെറും ആറു മാസം, ഞാനും ജോയിന്‍ ചെയ്തു. നീ കയറിയ അതേ സ്ഥലം. അതുപോലൊരു കപ്പല്. അതുപോലൊരു പേര്‍ – മിനറല് ഓസ്പ്രെ. അതേ രഥ്യ.

പാര്‍ക്കര്‍ പോയിന്‍റ് വാര്‍ഫില്‍ നിന്നും ലോഡിങ് കഴിഞ്ഞ് മിനറല്‍ ഓസ്പ്രെ ഡാംപിയര്‍ തുറമുഖം വിടാറായി. പൈലറ്റ് എത്തി. ഇയാളാണ് ആറുമാസം മുമ്പ് മിനറല്‍ ഡയമണ്ടിനെയും കടലിലേക്ക് നയിച്ചത്. പോര്‍ട്ട് അതിര്‍ത്തി കടത്തിവിട്ട് അയാള്‍ കപ്പലിനെ അനുഗമിച്ച പൈലറ്റ് ബോട്ടില്‍ തിരിച്ചുപോകും നേരം എല്ലാവര്‍ക്കും ശുഭയാത്ര നേര്‌‍ന്നു. ഡയമണ്ടിന്‍റെ ഓര്‍മ്മ ക്യാപ്റ്റനെയും സഹജീവനക്കാരെയും തളര്‍ത്തിയിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ബ്രിജിലെ ചാര്‍ട്ടില്‍ വരച്ച രേഖയിലൂടെ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തുറസ്സുകളിലേക്ക് മെല്ലെ നീങ്ങിത്തുടങ്ങി…

തന്‍റെ ഒമ്പതു ഹോള്‍ഡുകളിലും ഭാരമേറിയ ഇരുമ്പയിരു കയറ്റി പോര്‍ട്ട് വിട്ട് ആറാം ദിവസം… അന്നാണ് മിനറല്‍ ഡയമണ്ട് കാണാതാവുന്നത്… ഒരു ചെറു അടയാളം പോലും ബാക്കിവെക്കാതെ 266 മീറ്റര്‍ നീളവും 43 മീറ്റര്‍ വീതിയുമുള്ള ആ കൂറ്റന്‍ സമുദ്രയാനപാത്രം അപ്രത്യക്ഷമാവുന്നത്…

മിനറല്‍ ഓസ്പ്രെ, ഇരുമ്പയിരുമായി പോകുന്നതും നെതര്‍ലാന്‍ഡിലെ ഐമുദിന്‍ എന്ന പോര്‍ട്ടിലേക്കു തന്നെ. രണ്ടുകപ്പലിന്‍റെയും ചാര്‍ട്ടര്‍ ഒന്നാണ്. ഒരേ ലോഡിങ് പോര്‍ട്ട്, ഒരേ അണ്‍ലോഡിങ്ങ് പോര്‍ട്ട്, ഒരേ വലിപ്പം, ഒരേ കടല്‍ത്താര…കപ്പല്‍ മെല്ലെ നീങ്ങിക്കൊണ്ടേയിരുന്നു. ഇന്ത്യന്‍ സമുദ്രത്തിന്‍റെ അനന്തതയില്‍ കാലാവസ്ഥ ഒട്ടും സുഖമില്ല. വന്‍തിരകളും ശക്തിയായ കാറ്റും കാലാവസ്ഥാ പ്രവചനങ്ങളിലുണ്ട്. രണ്ടായിരത്തോളം നോട്ടിക്കല്‍ മൈല്‍ പിറകിലേക്കു പോയാല്‍ മാത്രമേ അടുത്ത കരയുള്ളു – തങ്ങള്‍ വിട്ടുപോന്ന അതേ മണ്‍തുരുത്ത്; ആസ്ത്രേല്യ. പത്തുദിവസം കഴിയണം അങ്ങ് കെയ്പ് ഓഫ് ഗുഡ്ഹോപിലെത്താന്‍. ചുറ്റും 69 ദശലക്ഷം ചതുരശ്രകിലോമീറ്റര്‍ ഇടതടവില്ലാതെ പരന്നുകിടക്കുന്ന ജലമേഖലകളുടെ അനന്തവിസ്തൃതി…. കനത്ത അന്തരീക്ഷം… അതിലേറെ കനത്ത മനസ്സുകള്‍…

ആറാം ദിവസം….

പണികള്‍ കഴിച്ച്, സന്ധ്യാനേരത്ത്, കുഞ്ഞയമു കപ്പലിനു പുറകിലെ വിന്‍ഡ് ലാസ്സിനടുത്ത ബൊളാഡില്‍ കയറിയിരുന്നു. അതാ കറുത്ത കടല്‍ക്കാക്കകള്‍ മൂടിയ അന്തരീക്ഷത്തില്‍ കപ്പലിനു പുറകിലായി പറക്കുന്നു. കുഞ്ഞയമു കടലിലെ പക്ഷികളെ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. നല്ല തെളിച്ചമുള്ള ആകാശവും സൂര്യന്‍റെ പ്രഭയും വിളങ്ങുന്ന കടല്‍പ്പരപ്പാണെങ്കില്‍ വെളുത്ത കടല്‍ക്കാക്കകളാണ് ഇതുപോലെ പറക്കുക. കാലാവസ്ഥ നേരെ തിരിച്ചാണെങ്കില്‍ പക്ഷികളുടെ നിറം കറുപ്പായിരിക്കും. വരാനിരിക്കുന്ന കാലാവസ്ഥാ ദുര്‍ഘടങ്ങളെപ്പറ്റി അറിയാക്കാനാവും ഇപ്പോള്‍ കറുത്ത പക്ഷികള്‍…
 yathra 2
കപ്പല്‍ക്കാര്‍ക്കിടയില്‍ ഒരു കഥയുണ്ട്. കപ്പല്‍ഛേദങ്ങളില്‍ മരണപ്പെട്ടുപോയവരുടെ ആത്മാക്കള്‍ ഇതുപോലെ പക്ഷികളായി മാറി മുന്നിലെ കാലാവസ്ഥയെ കുറിച്ച് അറിവു കൊടുക്കാനായി കൂടെ കൂടുമെന്ന്. മിനറല്‍ ഡയമണ്ടിനു കൂടെ താഴേക്കു പോയ 26 പേര്‍…. അവരുടെ ആത്മാക്കളാവും ഇപ്പോള്‍ ഏതാണ്ടൊരിരുപതു മീറ്റര്‍ കപ്പലിനു പുറകിലായി പറക്കുന്നതെന്ന് കുഞ്ഞയമുവിനു തോന്നി….

പല്ലാ…പ്രിയ സുഹൃത്തേ…എങ്ങിനെയാണതു സംഭവിച്ചത്…?

ഒരു ഡിസ്റ്റ്റസ് മെസേജ് പോലും അയക്കാതെ, യാതൊരു തെളിവും ജലോപരിതലത്തില്‍ ബാക്കി വെക്കാതെ എങ്ങിനെയാണ് കപ്പല്‍ അപ്രത്യക്ഷമായത്…? അപകടത്തില്‍ പെടുന്ന കപ്പലുകളെ സഹായിക്കാന്‍ എന്തെല്ലാം സന്നാഹങ്ങളുണ്ടിന്ന്…?! ഒരൊറ്റ ബട്ടണ്‍ ഞെക്കിയാല്‍ ലോകം മുഴുക്കെയുള്ള റെസ്ക്യു സെന്‍ററുകളിലേക്ക് വിവരമെത്തിക്കാന്‍ കഴിയുന്ന സംവിധാനം കപ്പലിലുണ്ടായിരുന്നിട്ടും അതൊന്നു പ്രവര്‍ത്തിപ്പിക്കാന്‍ പോലുമാകാത്ത വിധം എന്താണുണ്ടായത്…?

അന്നേ ദിവസം ക്യാപ്ററന്‍ അവസാനമായി അയച്ച നൂണ്‍ മെസേജില്‍ 50 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ കാറ്റുവീശുന്നുണ്ടെന്നും 6 മീറ്റര്‍ തിരയുടെ സ്വെല്‍ (swell) ഉണ്ടെന്നുമുണ്ട്. അതിനാല്‍ കപ്പലിന്‍ വേഗം പകുതിയേ കിട്ടുന്നുള്ളു എന്നും. ആ രാത്രിയാവണം….

പിറ്റേന്ന് റിപ്പോര്‍ട്ടൊന്നും കിട്ടാതായപ്പോഴാണ് ആസ്ത്രേല്യന്‍ റെസ്ക്യു സെന്‍ററില്‍ നിന്നും അന്വേഷണത്തിനു മുതിരുന്നത്. കാലാവസ്ഥ അപ്പോഴേക്കും തീരെ മോശമായിക്കഴിഞ്ഞിരുന്നു. കാറ്റ് 80 മൈലോളം. തിരക്കുന്നുകളുടെ ഉയരം 18 മീറ്റര്‍ വരെ. അങ്ങിനെ ഏതോ ഒരു നിമിഷത്തില്‍ ഒരിട പോലും നല്‍കാതെ, അന്വേഷണക്കമ്മിറ്റി റിപ്പോര്‍ട്ട് കൊടുത്ത പോലെ, sudden catastrophic structural failure resulting in rapid foundering, ആര്‍ക്കുന്ന കടലിലൂടെ ഒഴുകുന്ന രണ്ടു ലക്ഷത്തോളം ടണ്‍ ഭാരം, പൊടുന്നനെ അപ്രത്യക്ഷമായി. നിമിഷങ്ങളേ വേണ്ടിവന്നിരിക്കയുള്ളു, അങ്ങിനെയൊരു പ്ലവകം ഈ ജലപ്പരപ്പില്‍ ഇല്ലാതാവാന്‍. ഇരുപതിനായിരമടി ആഴമുള്ള ജലക്കൊക്കയിലേക്കുള്ള അവസാനത്തെ യാത്ര.

നീയെവിടെയായിരുന്നുപല്ലാഅന്നേരം…?
നീയറിഞ്ഞിരുന്നുവോ എന്താണ് സംഭവിക്കുന്നതെന്ന്…?
അതോ ഉറങ്ങിക്കിടന്ന നീ പെട്ടെന്ന് കടലിനടിയിലെ അന്ധകാരത്തിലേക്ക് കണ്‍തുറന്നോ…?
എന്താണിതെന്നു പോലും മനസ്സിലായിക്കാണില്ല നിനക്ക്…?!

വല്ല വഴിയുമുണ്ടായിരുന്നുവെങ്കില്‍, എനിക്കറിയാം അവസാനം വരെ നീ പൊരുതുമെന്ന്… വല്ല തുരുമ്പും കിട്ടിയിരുന്നെങ്കില്‍ നീ അതില്‍ തൂങ്ങി കടലിലൊഴുകുമായിരുന്നെന്ന്. പിന്നീട് നാലു ദിവസം തിരച്ചില്‍ നടത്തിയ റെസ്ക്യു വിമാനങ്ങള്‍ നിന്നെ കാണാതെ പോവില്ലായിരുന്നു. എനിക്കറിയാം ജീവിക്കാനുള്ള നിന്‍റെ ആഗ്രഹം….ജീവതമെന്നൊരീ പ്രഹേളികയെ മുഴുവനായുമാസ്വദിക്കാനുള്ള നിന്‍റെ ദാഹം…നിന്റെ കുരുന്നിനോടുള്ള സ്നേഹം ഞാന്‍ നേരിട്ടു കണ്ടവനാണ്… അവളുടെ ഓര്‍മ്മയില്‍ നീ ഏതു കടലിനോടും പൊരുതി ജയിക്കുമായിരുന്നു… ഒരു പാഴ്ത്തടിയെങ്കിലും തരപ്പെട്ടിരുന്നുവെങ്കില്‍….എന്താണ്സംഭവിക്കുന്നതെന്നറിയാനുംസ്വരക്ഷക്കായിഎണ്ണിത്തിട്ടപ്പെട്ടതയിട്ടാണെങ്കിലും, കുറച്ചു നേരം കിട്ടുകയും ചെയ്തിരുന്നെങ്കില്‍….

നിയതിയുടെ നിശ്ചയങ്ങളില്‍ അതു നീയായെന്നേ ഉള്ളൂ.
ഇതാ, നീ അപ്രത്യക്ഷനായ, ഏതാണ്ടതേ കാലാവസ്ഥാമുഖവുമായി ആ കടല്‍, ഇവിടെ എന്‍റെ നേര്‍ മുന്നില്‍.
അതുപോലെ മറ്റൊരു യാനപാത്രത്തില്‍ ഇതാ ഞാന്‍…
അതു ഞാനാകാന്‍മറ്റൊരിടമതി…
ഇതാരാണീനിശ്ചയങ്ങളിലെത്തുന്നത്…?
ഒന്നുരണ്ടു പറയാന്‍ അവനെയൊന്നു കാണണമായിരുന്നു എനിക്ക്…

അലറുന്ന, കൊടുമ്പിരിയുതിര്‍ക്കുന്ന കടലിലേക്ക് നോക്കി, അപാരമായ നിസ്സംഗതയോടെ കുഞ്ഞയമു ഇരുന്നു –

കറുത്ത കടല്‍ക്കാക്കേ,
സലിം അലി പോലും കാണാതെ പോയ നീ, ഈ സ്ഥലസീമകളില്‍ എവിടെ,
ഏതു ജലഗ്രാമത്തില്‍, ഏതു ജലവക്ഷത്തില്‍, ഏതു ജലച്ചില്ലയില്, രാപ്പാര്‍ക്കുന്നു?
നീ നിന്‍റെ മുജ്ജന്മശരീരത്തെ ഈ സമുദ്രത്തിന്‍റെ ആഴങ്ങളുടെ ആഴങ്ങളില്‍
ഏതു പര്‍വ്വതപാര്‍ശ്വത്തിലാണൊളിപ്പിച്ചു വെച്ചിട്ടുള്ളത് ?
ജലപാളികളുടെ മഹാമേരുക്കള്‍ നെഞ്ചിലേറ്റിക്കിടക്കുന്ന അവനോടു പറയുക
ഓരോ കടല്‍യാത്രയിലും നിന്നെ ഞാനോര്‍ക്കുന്നു…
നിനക്കായി പ്രാര്‍ത്ഥിക്കുന്നു….
yathra 3
(തുടരും)



Sunday 3 November 2013

കുഞ്ഞയമൂസ് ട്രാവല്‍സ് - 3 : ബയോഡോമിലെ നാദിയ (ഗുല്‍മോഹര്‍ മാഗസിന്‍)

http://www.gulmoharmagazine.com/gulmoharonline/yathravivaranam/kunjayamoos-travels-3

(കുഞ്ഞയമൂസ് ട്രാവല്‍സ് – 3)

ബയോഡോമിലെ നാദിയ

 
ഇവിടെയാണ് നാദിയ മെയ് വഴക്കത്തിന്‍റെ പ്രതിരൂപമായി നൃത്തവിലോലയായത്, അപാരമായ ചടുലതയോടെ കീഴ്മേല്‍ മറിഞ്ഞ് പൊടുന്നനെ ഒരു ശില്പ്മായി നെഞ്ഞുവിരിച്ചു മുഖമുയര്ത്തി നിന്നത്. ആയിരക്കണക്കായ പ്രേക്ഷകരെ മുഴുവന്‍ അമ്പരപ്പിച്ച് അവരുടെ മിഴികളെ കാളക്കണ്ണുകളാക്കി പുറത്തേക്ക് തള്ളിച്ചതവളിവിടെയാണ്. ബീമിലും ബാറിലും അവള്‍ വിധികര്ത്താചക്കള്ക്കു മുന്നില്‍ ഒരു മിന്നലായിത്തിളങ്ങിയത് ഈ ഇടത്തിലാണ്. സ്കോര്ബോര്ഡ് നിര്മ്മി ച്ചവനോട് നാലക്കങ്ങളുള്ള ഡിജിറ്റല്‍ ബോഡ് വേണ്ട, അതിന്റെ് ആവശ്യം വരില്ല എന്നു പറഞ്ഞവരെ ലജ്ജിപ്പിച്ചതവളിവിടെയാണ്. അപ്പോള്‍ ജഡ്ജസ് പൂര്ണ്ണപമനസ്സോടെ കൊടുത്ത ‘പെര്ഫെറക്ട് ടെന്‍’ പ്രദര്ശിരപ്പിക്കാനാകാതെ, സ്കോര്ബോകഡ് പോലും ചമ്മിയതിവിടെയാണ്. 10.00 എന്നടിച്ചു വരുന്നതിനു പകരം ബോഡിലെ ഗണിതക്കാരന്‍ നിവൃത്തിയില്ലാതെ 1.00 എന്ന് പ്രദര്ശി പ്പിച്ചപ്പോള്‍ ഒരിട കാണികള്‍ അന്തംവിട്ട് പിന്നെ എഴുന്നേറ്റുനിന്ന് നാദിയയ്ക്കായി നീണ്ടുനിന്ന കരഘോഷം മുഴക്കിയത് താനിപ്പോള്‍ നില്ക്കു ന്ന ഈ സ്ഥലത്തു വെച്ചായിരുന്നു.

 yathra
 
പക്ഷേ അവിടെയിപ്പോള്‍ ഒരു പെരുമ്പാമ്പ് തവളയെ വിഴുങ്ങുന്നു…..

ഓര്മ്മകളുടെ താരള്യത്തില്‍ കുഞ്ഞയമു ഒരു കുഞ്ഞായി. പതിനൊന്നുകാരനായ കൌമാരക്കാരനായി.

1976. തന്റെ വള്ളുവനാടന്‍ ഗ്രാമത്തിലിരുന്ന് കുഞ്ഞയമുവെന്ന കുട്ടി പത്രത്താളുകളില്‍ കാണുന്നു – മോണ്ട്രി യല്‍ എന്നു പേരുള്ള ഏതോ നാട്ടില്‍ നടക്കുന്ന കായികമാമാങ്കത്തില്‍ മറ്റേതോ നാട്ടില്‍ നിന്നെത്തിയ ഒരു പതിനാലുകാരി മൂന്നു സ്വര്ണ്ണ്മെഡലുകള്‍ കരസ്ഥമാക്കിയതിന്റെ കഥ. അവളുടെ മുഖത്തെ നിഷ്കളങ്കത കണ്ട് മോഹാലസ്യവാനായ കുട്ടി പത്രത്തിലെ ഫോട്ടോകള്‍ വെട്ടിയെടുത്ത് തന്റെ നോട്ടുപുസ്തകത്തില്‍ ഒട്ടിച്ചുവെച്ചു. ചങ്ങാതിമാര്‍ കളിയാക്കി. പക്ഷേ, നാദിയ കൊമനേച്ചി എന്ന റൊമേനിയന്സുചന്ദരി അവനെ തീര്ത്തും തളര്ത്തിിക്കഴിഞ്ഞിരുന്നു. 

അവള്‍ ഉയര്ത്തി യ രോമാഞ്ചം പടര്ന്ന ആ ഫ്ലോറിലിപ്പോള്‍ ഉഷ്ണമേഖലാ മഴക്കാടുകളിലെ ഒരു മരം വളര്ന്നു നില്ക്കു ന്നു. ചില്ലകളിലൊന്നിലിരുന്ന് ഒരു കാക്ക കരയുന്നു. കാക്കയെ കരയിക്കാനായി റെക്കോഡ് ചെയ്ത കാക്കക്കരച്ചില്‍ ബോക്സ് സ്പീക്കറില്‍ നിന്നുയരുന്നുമുണ്ട്.

ഇതൊരു വിചിത്രസ്ഥലം. ഇതിനെയവര്‍ ‘ജീവന്റെ ഭവനം’ എന്നു വിളിക്കുന്നു – ബയോഡോം. ഇവിടെ ഉഷ്ണമേഖലാ വനങ്ങളുടെ ഹരിതഭംഗിയും ധ്രുവമേഖലകളിലെ ധവളഭംഗിയും അവക്കിടയിലെ മറ്റു ജീവനനുയോജ്യമായ കാലാവസ്ഥാ അവസ്ഥകളും നിലനിര്ത്തിഗയിരിക്കുന്നു. സ്വതേ തണുത്ത മോണ്ട്രി യലിന്റെ ഒരോരത്ത് ഇത്തരം ഒരു സാഹസം നമ്മെ അത്ഭുതപ്പെടുത്തുന്നു. 230-ഓളം ജീവികളും 750-ലധികം സസ്യജാലങ്ങളും ചെറിയ ഈ സ്ഥലത്ത് മനുഷ്യന്‍ ഒരുക്കിക്കൂട്ടി വെച്ചിരിക്കുന്നു – ടൂറിസ്റ്റുകള്ക്കു കാണാന്‍.

കുഞ്ഞയമു ചുറ്റുമുള്ള പുലിയെയോ പെരുച്ചാഴിയെയോ പെന്ഗ്വി നെയോ ഒന്നുമല്ല കണ്ടത്. മൃഗങ്ങള്ക്കി ടയില്‍, ചെടികള്ക്കും മരങ്ങള്ക്കു മിടയില്‍ ചടുലമായ കാല്‍വെയ്പുകളോടെ നൃത്തമാടുന്ന ഒരു പതിനാലുകാരിയെയാണ്. ആരാണ് നിങ്ങളുടെ ആദ്യ പ്രണയിനി കുഞ്ഞയമുവേ എന്ന് ഏതെങ്കിലും ഇന്റര്‍വ്യൂയില്‍ ചോദിക്കപ്പെട്ടാല്‍ കുഞ്ഞയമു തീര്‍ച്ചയായും പറയും. “എനിക്കാദ്യം പ്രണയം തോന്നിയത് എന്നെ ഒരിക്കലും അറിയാന്‍ സാദ്ധ്യതയില്ലാത്ത അവളോടാണെന്ന് – നാദിയയോട് “.

1976 മോണ്ട്രി യല്‍ ഒളിമ്പിക്സിലെ ട്രാക്ക് സൈക്കിളിംഗിനും ജൂഡോയ്ക്കും ജിംനാസ്റ്റിക്സിനുമായി കെട്ടിയ വെലോഡ്രോം ആയിരുന്നു ഇത്. അരങ്ങൊഴിഞ്ഞപ്പോള്‍ ഇവിടം അനന്തമായ ശൂന്യതയിലേക്കു വീണു. ആ വീര്പ്പു മുട്ടലില്‍ നിന്നും കരേറാന്‍ മോണ്ട്രി യല്‍ അതോറിറ്റി കണ്ട മാര്ഗ്ഗം ഇതായിരുന്നു. അമേരിക്ക എന്ന വന്കംരയിലെ പ്രധാന നാലു കാലാവസ്ഥകളെ കൃത്രിമമായി സൃഷ്ടിച്ച് പ്രദര്ശകനത്തിനു വെക്കുക. മരുഭൂമിയെ സൃഷ്ടിച്ചുവെക്കാതിരുന്നതിനു കാരണം കുഞ്ഞയമുവിനു പിടികിട്ടിയില്ല.

ട്രോപ്പിക്കല്‍ കാലാവസ്ഥയിലെത്തിയപ്പോള്‍ നാദിയാജ്വരം വിട്ട കുഞ്ഞയമുവിന് നാട്ടിലെ തന്‍റെ പറമ്പിനു പുറകിലെ പാടത്തെത്തിയ പോലെ തോന്നി. പാടവരമ്പിനരികിലൂടൊഴുകുന്ന ജലം. ഞണ്ടുകള്‍ തലനീട്ടുന്ന മണ്‍പൊത്തുകള്‍. അതാ ഒരു നീര്‍ക്കോലി വെയിലാണെന്നു ധരിച്ച് സൂക്ഷ്മമായി സംവിധാനിക്കപ്പെട്ട ഏതോ ബള്‍ബ് പടര്‍ത്തിയ വെളിച്ചത്തിനു താഴെ മത്തടിച്ചുവീണവനെപ്പോലെ കിടക്കുന്നു.

അനേകമില്ല്യനുകള്‍ പൊടിച്ചാണ് ഓരോ ദിവസവും
 ഈ അവസ്ഥ നിലനിര്ത്തയപ്പെടുക. യൂറോപ്പിലെ തണുപ്പില്‍ നിന്നും വന്ന ടൂറിസ്റ്റുഗ്രൂപ്പിലെ കുട്ടികള്‍ മഴക്കാടിന്റെ. ഈ ചെറിയരൂപം കണ്ട് ആവേശിതരായി. അവര്‍ അവരുടെ മേല്‍ അട്ടിക്കിട്ട കുപ്പായങ്ങള്‍ ഊരിയെടുത്ത് അമ്മമാരെ ഏല്പ്പിമച്ചു. 27 ഡിഗ്രി സെന്റി്ഗ്രേഡില്‍, 80% ഹുമിഡിറ്റിയില്‍ കുഞ്ഞുശരീരങ്ങള്‍ വിയര്ത്തു . പക്ഷേ അവരത് ശരിക്കും ആസ്വദിക്കുന്നുണ്ട്. വെറും അണ്ടര്വെഗയറില്‍ മാത്രം നിന്ന ഒരു കുഞ്ഞ് കൂവി വിളിച്ചു. ഹായ്, സൊ ബ്യൂട്ടിഫുള്‍…

ഈ താപനിലയും ഈര്പ്പചനിലയും നിരന്തരമായി നിലനിര്ത്താ ന്‍ ഇരുപത്തിനാലു മണിക്കൂറും പെടാപാടുപെടുന്ന മെഷിനറികള്‍ നിറഞ്ഞ അപ്പുറത്തെ ബില്ഡിംകഗില്‍ കയറാന്‍ അനുവാദമില്ല. തന്റെ് ജോലിയിടമായ കപ്പലിലെ എഞ്ചിന്‍ റൂമില്‍ കറങ്ങിനടക്കാന്‍ കുഞ്ഞയമുവിനിഷ്ടമാണ്. രാവും പകലുമില്ലാതെ മൂളുന്ന വമ്പന്‍ മെഷിനുകള്‍. അവക്കിടയിലെ ശബ്ദപ്പെരുമഴയില്‍ മുങ്ങിനനഞ്ഞ് നടക്കുന്നതൊരു ധ്യാനം പോലെയാണ്. അതുപോലെ ഇവിടെയും ബയോഡോമിനായി നിരന്തരം മൂളിക്കൊണ്ടിരിക്കുന്ന മെഷിനറി റൂം പ്രത്യേകഅനുമതിയോടെ കാണാന്‍ കയറി. ബയോഡോമിനോളം തന്നെ വരും അത്. കമ്പ്യൂട്ടറൈസ്ഡ് താപ-ഈര്പ്പക നിയന്ത്രണ സന്നാഹം. അവിടെ അയാള്‍ നാദിയയെ മറന്നു. അവളുടെ അംഗവിക്ഷേപങ്ങള്‍ അകലെയായി.

yathra-1
 
മെഷിനറിറൂമിന്റെയും ബയോഡോമിന്റെയും കൃത്രിമതകളില്‍ നിന്നും കുഞ്ഞയമു സ്വതന്ത്രനായി മോണ്ട്രിമയലിന്റെ കോച്ചുന്ന തണുപ്പിലേക്കിറങ്ങി. പാതയോരത്ത്, ഫലങ്ങള്‍ വര്ഷി ക്കയോ പൂക്കള്‍ തൂക്കയോ ചെയ്യാതെ തണുത്ത് വെറുങ്ങലിച്ച മരങ്ങള്‍ അയാളെ യാതൊരു വികാരങ്ങളുമില്ലാതെ നോക്കി. കുഞ്ഞയമു അങ്ങോട്ടും.

തന്റെ വീടിനു പുറകിലേക്കിറങ്ങുന്ന തൊടി, അതിനു പുറകിലെ പാടങ്ങള്‍…ഒരു മില്ലിയോ മില്ല്യനോ ചിലവാക്കാതെ സ്വച്ഛയായ പ്രകൃതി വിതാനിച്ചു തന്നിട്ട മണ്തിരട്ടയുടെ വിലയെന്തെന്ന് കുഞ്ഞയമു ഇപ്പഴറിയുന്നു. അവിടത്തെ ജീവന്റെ ആഘോഷം എത്ര മഹത്തരമെന്നും. ഇവിടെയീ നിരന്തര ശൈത്യത്തില്‍ കുറഞ്ഞൊരിടത്ത് ജീവനെ സംഘടിപ്പിച്ചു വെക്കാന്‍ അമിതമാം രീതിയില്‍ ധനമൊഴുക്കേണ്ടി വരുമ്പോള്‍ അവിടെ അത് പ്രകൃതിയുടെ വെറും സൌജന്യമായി പരന്നുകിടക്കുന്നു. ഈ കനിവിന് ഞാനെന്താണ് പ്രകൃതീ നിനക്കു തിരിച്ചുതരിക…? എത്ര കുറഞ്ഞ ഇടമായിരുന്നാലും, അവിടെ ഉയര്ന്നു നില്ക്കു ന്ന ചെടികളും മരങ്ങളും ഏതെങ്കിലും തരത്തില്‍ കനികളും കായ്കളും പുഷ്പങ്ങളും തന്നുകൊണ്ടിരിക്കുന്ന എന്റെ മണ്ണിനെ എന്നാണ് ഞാന്‍ തിരിച്ചറിയുക…? എന്റെ പെണ്ണിനെയും….?
yathra-2
- See more at: http://www.gulmoharmagazine.com/gulmoharonline/yathravivaranam/kunjayamoos-travels-3#sthash.NVpk8qIh.dpuf
http://www.gulmoharmagazine.com/gulmoharonline/yathravivaranam/kunjayamoos-travels-3

Saturday 2 November 2013

Kunhayamoo's Travels - സബര്‍മതിയുടെ കര (ഗുല്‍മോഹര്‍ മാഗസിന്‍)

http://www.gulmoharmagazine.com/gulmoharonline/yathravivaranam/kunjayamoos-travels-2

കുഞ്ഞയമൂസ് ട്രാവല്‍സ് – 2

സബര്‍മതിയുടെ കര 

അറബിക്കടലിനെ കുടിച്ച്, ഇനിയും കൊതി തീരാതെ, ആ രുചിയില്‍ വാ അടയ്ക്കാന്‍ പോലും മറന്നു കിടക്കുന്ന, ഗുജറാത്തെന്നു മനുഷ്യന്‍ പേരിട്ട മണ്‍ കൂനയിലെത്തിയിരിക്കുന്നു ഇപ്പോള്‍ നമ്മുടെ കഥാനായകന്‍.
kunjayamoos

സബര്‍മതിയുടെ കരയില്‍ ഹൃദയ കുഞ്ജത്തിനു മുന്നിലെ വരാന്തയിലിരുന്നു കുഞ്ഞയമു. ആര് എന്തൊക്കെ പറഞ്ഞാലും അയാള്‍ക്ക്‌ ഗാന്ധിജിയെ പെരുത്ത് ഇഷ്ടമാണ്. താന്‍ ഫോട്ടോയില്‍ പോലും കണ്ടിട്ടില്ലാത്ത വല്ലുപ്പാപ്പയുടെ മുഖം ഗാന്ധിജിയുടേത് പോലെയായിരുന്നിരിക്കണം എന്നാണയാളുടെ വിശ്വാസം. അഹിംസ എന്ന് മാത്രം പറഞ്ഞു നടന്ന അദ്ദേഹത്തെ ഹിംസിച്ചു ഒഴിവാക്കിയത് നമ്മുടെ സമൂഹ മനസ്സിലെ കലാപത്തിന്റെ അളവ് അത്രയും വലുതായത് കൊണ്ടാണെന്ന് അയാള്‍ വിശ്വസിച്ചു. നിഷ്ക്രമിച്ചു പത്തറുപതു വര്‍ഷങ്ങള്‍ക്ക് ശേഷവും നാം അദ്ദേഹത്തെ ഹിംസിക്കുന്നുണ്ട്; ഏതൊക്കെയോ പരീക്ഷണങ്ങളുടെ പേരില്‍. ആ പരീക്ഷണങ്ങള്‍ ക്ഷന്തവ്യമല്ലെന്നു തന്നെ വെക്കുക. ഗാന്ധിജിയുടെ ജീവിതത്തിന്റെ ഒരു കൊച്ചു ഭാഗം മാത്രമല്ലേയുള്ളൂ അത്. അതിനാല്‍ അദ്ദേഹം ത്യാഗമനുഷ്ടിച്ചു ചെയ്തു കൂട്ടിയ വലിയ കാര്യങ്ങളെ കുറിച്ച് ജിജ്ഞാസുക്കളാവുന്നവര്‍ക്ക് അത്തരം പരീക്ഷണങ്ങള്‍ പൊറുത്തു കൊടുക്കാവുന്നതേ ഉള്ളൂ. സത്യത്തിലേക്കും ദൈവത്തിലേക്കും എത്താനുള്ള വഴി അതാണ്‌ എന്നദ്ദേഹത്തിനു തോന്നിയിരുന്നുവെങ്കില്‍ അതല്ല എന്ന് പറയാന്‍ നാമാര്? അദ്ദേഹം സ്വന്തം ഭാഗം ദൈവത്തിനു സ്വയം ബോധ്യപ്പെടുത്തിക്കോട്ടെ. ഓരോരുത്തരുടെയും മോക്ഷം അവരവരുടെ കൈയിലല്ലേ? ഹിംസയും പീഡനവും ഇല്ലെന്നും വരികില്‍ ഇതിലൊക്കെ തര്‍ക്കവുമായി നില്‍ക്കാന്‍ നമുക്കെന്തു ബാധ്യത?

“ബാപ്പുജി, ഒന്നെഴുന്നേല്‍ക്ക് , ഇങ്ങനെ ഇരുന്നു മതിയായില്ലേ? ഞങ്ങളുടെ കൂടെയൊന്നു കളിക്കാന്‍ വാ.”

ചമ്രം പടിഞ്ഞ്‌ മുറ്റത്തിരിക്കുന്ന ബാപ്പുവിന്റെ കഴുത്തില്‍ ചുറ്റി കുട്ടികള്‍ പറഞ്ഞു കൊണ്ടിരുന്നു. ബാപ്പുവിന്റെ മറുപടി കുഞ്ഞയമുവിനു കേള്‍ക്കാം-

“അയ്യോ മക്കളെ, എന്നെയിത് പോലെ നാടായ നാട് മുഴുവന്‍ ഇരുത്തുകയും നിര്‍ത്തുകയും ചെയ്തിട്ടുണ്ട്; ചുറ്റും നടക്കുന്ന കൊള്ളരുതായ്മകള്‍ക്കുള്ള സാക്ഷിയാകാന്‍. നിന്ന് നിന്ന് വെയിലും മഴയും മഞ്ഞും കൊണ്ടും പക്ഷിക്കാഷ്ടം നിരന്തരമായി തലയില്‍ വീണുണങ്ങി. ഇതൊന്നുമല്ല എന്നെ മടുപ്പിക്കുന്നത്. പക്ഷെ ചെയ്യുന്ന തോന്നിവാസങ്ങള്‍ക്കെല്ലാം എന്നെയിങ്ങനെ സാക്ഷി നില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് ഭീകരം.”

“ഇതേതാ ഈ തോട് അപ്പുറത്ത്?”

“അയ്യോ മക്കളെ, അത് തോടല്ല. അതൊരു നദിയാണ്. അമ്മ പോലെ ഒരു നദി – സബര്‍മതി”

“രണ്ടു ഭാഗവും ഇങ്ങനെ വലിയ കോണ്‍ക്രീറ്റ്കെട്ടിനാല്‍ ഉയര്‍ത്തി നല്ല ഭംഗിയാക്കി വെച്ചിട്ടുണ്ടല്ലോ ഈ അമ്മയെ”

“സിമെന്റും കമ്പിയും ചേര്‍ന്നുള്ള ഈ സംഗതി വന്നാല്‍ ഇത്ര വലിയ അപകടങ്ങള്‍ ഉണ്ടാകുമെന്നറിഞ്ഞില്ലേയിപ്പോള്‍?!”

“അല്ല ബാപ്പു, ഹൃദയ് കുഞ്ജില്‍ ബാത്ത് അറ്റാച്ഡ് റൂംസ് ഒന്നുമില്ലേ? ഹൌ ഡിസ്ഗസ്റ്റിംഗ്?!”

“പഴയ കാലത്ത് ആ പരിപാടി വീടിനു പുറത്താണ്. അതാണ്‌ ആ കര്‍മ്മത്തെ വെളിക്കു പോവുക എന്ന് പറഞ്ഞിരുന്നത്. നാം ഭൂമിയില്‍ നിന്നെടുത്ത ഭക്ഷണത്തെ വിസര്‍ജ്ജ്യാവസ്ഥയില്‍ ഭൂമിക്കു തന്നെ നല്‍കുന്നു. മണ്ണ് അതിനെ വളമാക്കി മാറ്റി പിന്നെയും സസ്യ ലതാദികള്‍ക്ക് ഭക്ഷണമാക്കുന്നു. വന്നുവന്ന് വിസര്‍ജ്ജ്യം ഇപ്പോള്‍ വളരെ ബുദ്ധിമുട്ടി നിങ്ങള്‍ കെട്ടിപ്പൂട്ടി അടച്ചു വെക്കുന്നു.”

“പട്ടണങ്ങളില്‍, ഇങ്ങനെ ആളുകള്‍ നുരയുന്നേടത്തു മറ്റെന്തു മാര്‍ഗ്ഗം, ബാപ്പു?”
“പട്ടണങ്ങളില്‍ നിന്നും സ്വയം പര്യാപ്ത ഗ്രാമങ്ങളിലേക്കുള്ള മനുഷ്യരുടെ ഒഴുക്കാണ് ഞാന്‍ സ്വപ്നം കണ്ടത്. ഇപ്പൊ നേരെ തിരിച്ചുള്ള ഒഴുക്കാണ്. പിന്നെ രക്ഷയില്ല.”

ബാപ്പു ഇവിടന്നു എന്തോ ഉപ്പുണ്ടാക്കാന്‍ പോയി എന്ന് സ്കൂള്‍ പുസ്തകങ്ങളില്‍ ഉണ്ട്. ഇതുണ്ടാക്കാന്‍ അത്രത്തോളം പോവണമായിരുന്നോ?”ഗാന്ധിജി ഇരുന്നിടത്തു ഇരുന്നു ചിരിക്കാന്‍ തുടങ്ങി. ചിരി മൂലം ഉത്തരമൊന്നും പറയാനാകാത്ത അവസ്ഥ. അപ്പോഴാണ്‌ കുഞ്ഞയമു ഇടപെട്ടത്.

ബാപ്പു, അങ്ങയുടെ ഉപ്പുസത്യാഗ്രഹത്തിന്റെ എണ്‍പതാം വാര്‍ഷികത്തില്‍ ഞങ്ങളുടെ നാട്ടില്‍ ഇത് പോലെയൊന്ന് നടന്നു.”

ഗാന്ധിജി ചിരി നിര്‍ത്തി തല്പ്പരനായി-

“ഇപ്പോഴും ബ്രിട്ടീഷുകാരന്റെ ഉപ്പു തിന്നേണ്ടി വരുന്നുണ്ടോ?”

കുഞ്ഞയമു തുടര്‍ന്നു – “ബ്രിട്ടീശുകാരന്റെതിനു പകരം വേറെ ചില കലാകാരന്മാരാണെന്നു വെച്ചോളൂ. മുഴുവന്‍ പറഞ്ഞാല്‍ ബാപ്പു ഈ ഇരുപ്പില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കും. പിന്നെ ഗാന്ധിജിയുടെ രണ്ടാം കൊലപാതകത്തിന്റെ കഥ പറഞ്ഞ് ചാനലുകള്‍ വിഷമിക്കും. അത് വേണ്ട.”
കുഞ്ഞയമു കഥ ചുരുക്കിപ്പറഞ്ഞു -

അയോഡെയിസ്ട് ഉപ്പു തിന്നിട്ടില്ലെങ്കില്‍ മാനവകുലം മൊത്തം കൊലക്ക് കൊടുക്കപ്പെടുമെന്ന വര്‍ത്തമാനം മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ ചിലവില്‍ ജനങ്ങളെ പഠിപ്പിച്ചിട്ടും പഴയ കല്ലുപ്പുപയോഗം വെടിയപ്പെടുന്നില്ല എന്ന് വന്നപ്പോള്‍ അത് നിയമം മൂലം ഉറപ്പിച്ചു. അപ്പോഴാണ്‌ എന്റെ നാട്ടിലെ ചില ഗാന്ധിയന്മാര്‍ക്ക് നില തെറ്റിയത്. അവര്‍ കണ്ണൂര്‍ കടപ്പുറത്ത് ഉപ്പു കുറുക്കി. അത് പൊതിയാക്കി നടപ്പാരംഭിച്ചു. തലശ്ശേരി, കൂത്തുപറമ്പ് വഴി അങ്ങനെ തിരുവനന്തപുരമാണ് ലക്‌ഷ്യം. ചുട്ട വെയിലത്ത് അങ്ങയെപ്പോലെ അര്‍ദ്ധ നഗ്ന വേഷം കെട്ടി ധൈര്യമവലംബിച്ചു നടന്ന സത്യാഗ്രഹികള്‍ വിയര്‍ക്കാന്‍ തുടങ്ങി. യാത്ര തുടരവേ, സംഖ്യാബലം കൂടുമെന്നും തലസ്ഥാനത്തെത്തും നേരം ഇതൊരു വന്‍ ജനമുന്നേറ്റമാവുമെന്നുമായിരുന്നു കണക്കു കൂട്ടല്‍. പക്ഷെ സംഖ്യാക്ഷയമാണ് സംഭവിച്ചത്. പലര്‍ക്കും നീര് വീഴ്ച വന്നു. നടപ്പറിയാത്ത ചിലര്‍ ബോധം കെട്ടു വീണു. ജോഗിംഗ് എന്ന ഐറ്റം മാത്രമറിയുന്ന മറ്റു ചിലര്‍ക്ക് ചൂട് സഹിക്കാതെ ശ്വാസം മുട്ടി. ഏതായാലും മുക്കി മൂളിയും റിലേയോട്ടം നടത്തിയും ബസ്സിലും ട്രെയിനിലും ഒക്കെയായി ഉപ്പുപൊതി തിരുവനന്തപുരത്തെത്തി. മുഖ്യ മന്ത്രിയുടെ കാബിനില്‍ പൊതിയുമായി കയറിയ വിദ്വാനോട് മുഖ്യന്‍ വിനയാന്വിതനായി മൊഴിഞ്ഞു -

“ഇക്കാര്യത്തില്‍ ഞാനെന്നാ ചെയ്യാനാ? കേന്ദ്ര തീരുമാനമല്ല്യോ? ഡല്‍ഹിയിലാണ് ഈ പൊതി എത്തിക്കേണ്ടത്”

പൊതിയേറ്റി നടന്നു ക്ഷീണിച്ച പടയാളിക്കു സഹിച്ചില്ല – “പിന്നെ ഞങ്ങള്‍ മൂന്നു കോടി ജനങ്ങള്‍ എന്തിനാ നിങ്ങളെ തിരഞ്ഞെടുത്ത് ഈ കസേരയില്‍ ഇരുത്തിയിരിക്കുന്നത്?”

മുഖ്യന് മറുപടിയുണ്ട് – “അതും കേന്ദ്രത്തില്‍ ചോദിച്ചോളൂ.”

ഗാന്ധിജിയുടെ ചിരി മാഞ്ഞു. ഇപ്പോള്‍ സ്വരം രൂക്ഷമായി, പരിഹാസമായി –

“അപ്പൊ നിങ്ങള്‍ കോന്‍സ്റ്റിട്യൂഷന്‍ എന്ന സാധനത്തെ ഗീത പോലെ, ബൈബിള്‍ പോലെ, ഖുര്‍ആന്‍ പോലെ ഇനിയിത് തൊടരുത് എന്ന് പറഞ്ഞ് വെച്ചിരിക്കയാണല്ലേ? വേദങ്ങള്‍, കാലാതീതമാണ്, സംശയമില്ല. പക്ഷെ, ഭരണ ഘടനയും വ്യവസ്ഥയും കാലത്തിനനുസരിച്ച് മാറിയിട്ടില്ലെങ്കില്‍, പിന്നെ എന്തിനതു?”

കുഞ്ഞയാമു തമാശയാക്കി – “അതും ഡല്‍ഹിയില്‍ പോയി ചോദിക്കാം.”
*******************************************************
kunjayamoos-1

**********************************************************************************

സബര്‍മതിയുടെ കരയിലെ ഏറ്റവും തിരക്കുള്ള ഇടത്തെത്തി കുഞ്ഞയമു. തീന്‍ ദര്‍വാസയുടെ ചുറ്റുമുള്ള പുരാതന പട്ടണം. ഓട്ടോ റിക്ഷകളും മനുഷ്യരും ഇഞ്ചോടിഞ്ച് മുട്ടിയുരസി മെല്ലെമെല്ലെ തങ്ങളുടെ വഴികള്‍ തിരക്കോടെ തേടുന്നിടം. വസ്ത്രവ്യാപാരികളുടെ ചെറുതും വലുതുമായ കടകളും അവ അതിര്‍ത്തിയിടുന്ന കൊച്ചു ഗലികളും. ഒരു വിധത്തില്‍ കുഞ്ഞയമു പഴയ ജുമാമാസ്ജിദിലെത്തി, വെള്ളിയാഴ്ചയാണ്. ജുമുഅക്ക് ആളുകള്‍ എത്തിത്തുടങ്ങുന്നേയുള്ളൂ. അഞ്ഞൂറിലധികം കൊല്ലം പഴക്കമുള്ള പള്ളിയിലെ ഹൌദില്‍ നിന്നും വുദുവെടുക്കുമ്പോള്‍ അടുത്തിരുന്ന ആളോട് മെല്ലെ ചോദിച്ചു -

“ആപ് കോ കുത്ബുദ്ധീന്‍ അന്‍സാരി കോ മാലൂം ഹെ?”
“നഹി ജി”

ഈ ചോദ്യം പല തവണ പലരോടും ചോദിച്ചപ്പോള്‍ ഒരാള്‍ ഉറപ്പോടെ പറഞ്ഞു-

“വോ ജുമാ കേലിയെ ആയേഗാ.”

പള്ളിയിലെ ഒരു മൂല ചൂണ്ടി അവിടെയാണ് കുത്ത്ബുദ്ധീന്‍ സാധാരണ ഇരിക്കാറെന്നും അയാള്‍ പറഞ്ഞു. കുഞ്ഞയമു അവിടെപ്പോയി ഇരുന്നു.
ഖുത്തുബ തുടങ്ങും മുന്‍പ് അന്‍സാരിയെത്തി. മുന്‍പ് അന്‍സാരി വരുമെന്ന് പറഞ്ഞ ആളാണ്‌ കാണിച്ചു തന്നത്. അന്‍സാരി വന്നയുടനെ രണ്ടു റക്അത്ത് നമസ്ക്കരിച്ചു ഇരുന്നു. കുഞ്ഞയമു അടുത്തെത്തി കൂടെയിരുന്നു. ലഹളയുടെ പ്രതീകമായി മാറിയിരുന്ന ആ മുഖം വല്ലാതെ വ്യത്യാസപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ താടിയും മീശയുമുണ്ട്. തന്നെയും കൂടെയുള്ളവരെയും കൊല്ലരുതേയെന്നു കൈകൂപ്പിയപേക്ഷിക്കുന്ന ആ മുഖത്തെ ദൈന്യത ഇപ്പോഴും അവിടെയുണ്ട്. കുഞ്ഞയമു അന്‍സാരിയോടടുത്തിരുന്നു ശബ്ദം കുറച്ചു പറഞ്ഞു -

“അസ്സലാമു അലൈക്കും”

കുത്തുബുദ്ധീന്‍ സലാം മടക്കി.

കുഞ്ഞയമു പറഞ്ഞു – “ആപ് കെ സാഥ് ഥോഡാ ദേര്‍ ബാത്ത് കര്‍നേ കാ മുജ്ഹെ . ജുമാ കെ ബാദ് ഥോഡാ വഖ്ത് ദേഗാ?”

അന്‍സാരിയുടെ ശബ്ദത്തില്‍ ഭയമുണ്ട് – “കിസ്കേ ലിയേ?”

“കുച്ച് ലിഖ്നെ കാ ഥാ മുജ്ഹെ.”

അന്‍സാരിയുടെ മുഖത്തു തികഞ്ഞ പകപ്പാണ് കുഞ്ഞയമു കണ്ടത്. ജുമുഅ കഴിഞ്ഞു അയാളെ പാട്ടിലാക്കാമെന്ന ഉറപ്പില്‍ കുഞ്ഞയാമു ഇരുന്നു.
ഖുത്തുബ പ്രസംഗം നടക്കുന്നതിനിടയില്‍ കുഞ്ഞയമു കുത്തുബുദ്ധീനെ ഇടയ്ക്കിടെ നോക്കി അയാളവിടെത്തന്നെയുണ്ടെന്നു ഉറപ്പു വരുത്തി. നമസ്ക്കാരം കഴിഞ്ഞ ശേഷം നോക്കുമ്പോഴുണ്ട്‌ അന്‍സാരി കൈയുയര്‍ത്തി പ്രാര്‍ഥനയില്‍. പിന്നെ സുന്നത്ത് നമസ്ക്കാരത്തില്‍. അത് കണ്ടപ്പോള്‍ കുഞ്ഞയമുവും ഐച്ചിക നമസ്ക്കാരത്തിനു നിന്നു. സുന്നത്ത് നമസ്ക്കാരം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ കുത്തുബുദ്ധീനെ കാണുന്നില്ല. പള്ളിയും പുറത്തെ ഗലികളും അരിച്ചു പെറുക്കിയിട്ടും അയാളെ കണ്ടെത്താനായില്ല. കുത്തുബുദ്ധീന്റെ മുഖത്തുണ്ടായിരുന്ന പകപ്പ് ഇപ്പോള്‍ കുഞ്ഞയമുവിനു വായിക്കാറായി – “ഭായിജാന്‍, മുജ്ഹെ ജീനെ ദോ .”


http://www.gulmoharmagazine.com/gulmoharonline/yathravivaranam/kunjayamoos-travels-2

 

കുഞ്ഞയമൂസ് ട്രാവല്‍സ് - ആമുഖം (ഗുല്‍മോഹര്‍ മാഗസിന്‍)

http://www.gulmoharmagazine.com/gulmoharonline/yathravivaranam/kunjayamoos-travels

കുഞ്ഞയമൂസ് ട്രാവല്‍സ് - ആമുഖം

കുഞ്ഞയമുവിന്റെ നാവില്‍ യാത്രക്കഥകളേറെയുണ്ട്. പറയാന്‍ തുടങ്ങിയാല്‍ തീരില്ല. അയാള്‍ വിളമ്പിത്തന്ന കഥകള്‍ കേട്ട് രസം പിടിച്ച ഞാന്‍ ഇതൊക്കെയൊന്നു എഴുതി വെക്കാന്‍ പറഞ്ഞു നോക്കി. എഴുത്ത് – അപ്പണി മൂപ്പര്‍ക്ക് വരില്ല. ‘അത് വേണ്ട മോനെ, നിനക്ക് പറ്റുമെങ്കില്‍ നോക്ക്. കഥകളേറെയുണ്ട്.നീയുഴുതുകില്‍ ഞാന്‍ പറയാം.’

ആമുഖമായി കുഞ്ഞയമു പറഞ്ഞതിന്റെ സംഗ്രഹമിങ്ങനെ: യാത്രകളില്‍ ഞാന്‍ തൃപ്തനാണ്. ചെറുപ്പത്തില്‍ യാത്രയെന്നത് സ്വപ്നവും ആവേശവുമായിരുന്നു. അതാവണം ഒരിക്കലും കാലുറക്കാതെ തെന്നി നീങ്ങുന്ന ഒരു യാന പാത്രത്തിലെ കുശിനിപ്പണി തന്നെ തനിക്കു ലഭിച്ചത്.

അങ്ങനെ യാത്രകളനവധി കഴിഞ്ഞപ്പോഴാണ്, കടല്‍പ്പരപ്പിലൂടെ അങ്ങിങ്ങൊഴുകി ഏതൊക്കെയോ മണല്‍ തുരുത്തുകളില്‍ ചെന്ന് കയറി യാത്രകള്‍ നീണ്ടപ്പോഴാണ്, കണ്ട കാഴ്ചകളെ പറ്റി കുഞ്ഞയമുവിനു ചിലത് ബോധ്യമാവുന്നത്‌: ഒരു പ്രത്യേക സ്ഥലം, അല്ലെങ്കില്‍ നാട്, എന്നതിനെ കുറിച്ചോര്‍ക്കുമ്പോള്‍ നമുക്ക് മനസ്സില്‍ വരിക, അവിടുത്തെ റോഡുകളാണ്. ഓരോ സ്ഥല നാമത്തോടോപ്പവും ഒരു പ്രധാന നിരത്തും കവലയും നമ്മുടെ മനസ്സില്‍ പൊന്തി വരുന്നു. മുന്‍പൊക്കെ റോഡിന് ഇരുവശവുമുള്ള വന്‍ മരങ്ങള്‍ നമ്മുടെ ഓര്‍മ്മയില്‍ പടര്‍ന്ന് സ്ഥല നാമങ്ങളുടെ കൂടെ മയങ്ങിക്കിടക്കുമായിരുന്നു. പിന്നീട് മരങ്ങള്‍ മാറി പകരം കെട്ടിടങ്ങളായി. അങ്ങനെ ഓരോ സ്ഥലവും ഒരു റോഡിന്‍റെ ഇരു വശങ്ങളായി.

യാത്രകളനവധി കഴിഞ്ഞപ്പോഴാണ് കുഞ്ഞയമുവിനു ബോധ്യമാവുന്നത്‌- റോഡെന്നത് തുലോം നിസ്സാരമായ, വളഞ്ഞു പുളഞ്ഞു പോകുന്ന വെറുമൊരു രേഖ മാത്രം. ഓരോ റോഡിന്റെയും വശങ്ങളിലേക്ക് പടരുന്ന സ്ഥല മേഖലകളില്‍, മനുഷ്യരും മരങ്ങളും മൃഗങ്ങളും പക്ഷികളും അവരുടെ താവളങ്ങളും നിറഞ്ഞു കിടക്കുന്നു. അവിടമാണ് ശരിക്കും കാണേണ്ടത്. അവിടെയാണ് ജീവിതം നുരയുന്നത്. പൂര്‍ണ്ണമായും കാണാന്‍ എത്ര ജന്മമെടുത്തു ശ്രമിച്ചാലും കഴിയുകയുമില്ല.

ചുരുക്കിപ്പറഞ്ഞാല്‍ സത്യമിതാണ്- വള്ളുവനാട്ടിലെ സ്വന്തം ഗ്രാമത്തിലെ എല്ലാ നിരത്തുകളിലൂടെ പോലും താന്‍ മുഴുവനായും നടന്നു നോക്കിയിട്ടില്ല ഇന്ന് വരെ. പിന്നെയല്ലേ നിരത്തുകള്‍ക്ക് ചുറ്റും പറന്നു കിടക്കുന്ന മനുഷ്യരും മൃഗങ്ങളും പക്ഷികളും അവരുടെ താവളങ്ങളും ജീവിതവും?!

അതിനാല്‍ കാഴ്ചകള്‍ക്ക് അവസാനമില്ല. ഏതോ നിരത്ത് കണ്ട് ഈ നാട് കണ്ടു എന്നൊക്കെ പറയുന്നതിലെ അസംബന്ധത്തെ പറ്റി ബോധാവാനായപ്പോഴാണ് കുഞ്ഞയമു പറഞ്ഞത്- യാത്രകളില്‍ ഞാന്‍ തൃപ്തനാണ്. ഇനിയെനിക്ക് യാത്ര ചെയ്യണമെന്നില്ല.

പക്ഷെ, ജീവിതം എന്നോരീ യാഥാര്‍ത്ഥ്യം അയാളെ ഒരു നിരന്തര യാത്രിയാക്കി മുദ്ര കുത്തിക്കഴിഞ്ഞിരുന്നുവല്ലോ. അതിനാല്‍ ആ നിയോഗമേറ്റു വാങ്ങി കുഞ്ഞയമു ഓരോ തവണയും ഭാണ്ഡം മുറുക്കി സ്വന്തം ഗ്രാമത്തില്‍ നിന്നും ഇറങ്ങി നടന്നു.

യാത്രക്കഥകള്‍ തുടങ്ങും മുന്‍പ് ഒരു പ്രവേശിക എന്ന നിലയില്‍ ചിലത് കൂടി പറയാനുണ്ട്., ശാന്ത സമുദ്രത്തില്‍ വെച്ച് നടന്ന ആ അനുഭവത്തെ കുറിച്ച്:

 അടുക്കളപ്പണി മുഴുവന്‍ തീര്‍ത്ത്‌ ഗാലി ഒവന്‍ (oven) ഓഫ് ചെയ്തു അന്നത്തെ റിപ്പോര്‍ട്ട് എഴുതിത്തീര്‍ത്ത്‌, കുളിച്ചു കുട്ടപ്പനായി പൂപ്പ് ഡെക്കില്‍ വന്നു പതിവ് പോലെ കുറച്ചു നേരം മലര്‍ന്നു കിടക്കാം എന്ന് വെച്ചപ്പോഴതാ ചീഫ് മേറ്റ് കസര്‍ത്ത് നടത്തുന്നു. കുഞ്ഞയമു കപ്പലിന്റെ ഫോര്‍കാസിലിലേക്ക് നടന്നു. ഇരുനൂറ്റിയമ്പതോളം മീറ്റര്‍ നീളമുള്ള ബള്‍ക്ക് കാരിയറിന്റെ പള്ളക്ക് മുകളിലൂടെ നടന്നു മാസ്റ്റിന്റെ കീഴിലെത്തി അവിടെ ഇരുന്നു.

ചന്ദ്രന്‍ ഇനിയും മുഖം കാണിക്കാനെത്തിയിട്ടില്ല. ആകാശത്തെ നക്ഷത്ര മാലകള്‍ തിരകളൊതുങ്ങിയ നീലക്കടല്‍ത്തട്ടില്‍ പ്രതിബിംബം നോക്കുന്നു.

കുഞ്ഞയമു ഡെക്കിലേക്ക് മലര്‍ന്നു. ഇപ്പോള്‍ ആകാശം മൊത്തമായി അയാളുടെ കണ്ണുകളില്‍ വീണു നിറഞ്ഞു. എത്ര കണ്ടിട്ടും മതിയാകാതെ തനിക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന ആ സ്ഥല സാഗരത്തിലേക്ക് നോക്കിക്കിടന്നു അയാള്‍. അതിന്റെ ആഴവും പരപ്പും ബോധ്യമായിത്തുടങ്ങുമ്പോഴാണ് കുഞ്ഞയമുവിനു പെരുവിരലില്‍ ഭയം പെരുക്കുക. അത് ഒരു ഞണ്ടിനെ പോലെ അയാളിലേക്ക് ഇരച്ചു കയറും. ഇപ്പോള്‍ താനാണോ ആകാശമാണോ മുകളില്‍?! ആകാശം തന്നിലേക്കാണോ താന്‍ ആകാശത്തിലേക്കാണോ ലയിക്കാന്‍ തുടങ്ങുന്നത്?!! തുലചുറ്റല്‍ അനുഭവപ്പെടാന്‍ തുടങ്ങുന്ന നേരം. അങ്ങനെ ആകാശത്തിനു മീതെ പാറിക്കിടന്നു താഴോട്ട് നോക്കുമ്പോള്‍ കുഞ്ഞയമുവിനു തോന്നും – തന്നിലെ ഭാരങ്ങള്‍ അകന്നു പോയെന്ന്. അപ്പോഴാണയാള്‍ പ്രാര്‍ത്ഥനയുതിര്‍ക്കുക. പണ്ട്, സ്ഥല കാലങ്ങള്‍ക്കുമപ്പുറത്ത് സോളമന്‍ ഉതിര്‍ത്ത പ്രാര്‍ത്ഥന – “ ദൈവമേ, എന്നോട് നീ പൊറുക്കേണമേ. എനിക്ക് ശേഷം മറ്റാര്‍ക്കും കൊടുക്കാനിടയില്ലാത്ത ഒരനുഭവം, ഒരു കാഴ്ച, ഒരു രാജ്യം, നീയെനിക്ക് അനുവദിച്ചു തരേണമേ….”

അപ്പോള്‍ താഴെ ഒഴുകുന്ന തന്റെ കപ്പലിന്റെ ബള്‍ബസ് ബോയ്ക്ക്* സമാന്തരമായി ചാടിച്ചാടി നീന്തുന്ന മിടുക്കന്മാരും മിടുക്കികളുമായ ഡോള്‍ഫിനുകളെ അയാള്‍ കണ്ടു….

അവര്‍ക്കിടയില്‍ ഒരു മത്സ്യ കന്യകയെ താന്‍ കണ്ടുവോ…?!


http://www.gulmoharmagazine.com/gulmoharonline/yathravivaranam/kunjayamoos-travels

Tuesday 6 March 2012

എത്ര ജന്മം മരങ്ങളായ് നിന്നതും...


നിനക്കറിയാമോ?
എത്ര ജന്മം മരങ്ങളായ് നിന്നതും...
അത് പാടിയ മഹാകവിയുടെ ഗ്രാമക്കാരനിവന്‍ 
ക്ഷമയുടെ, അനുകമ്പയുടെ, നിതാന്ത തേജസ്സേ പറയുക
എന്റെ ഏതു ജന്മമാണ് നീ?
നിന്നിലെ ഈ ശാന്തി എന്നില്‍ നിന്നില്ലാതായതെപ്പോഴാണ്?
അതെനിക്ക് തിരിച്ചു തരിക