Tuesday, 10 December 2013

Gulmohar Online Magazine

കടല്‍ക്കാക്ക 

(കുഞ്ഞയമൂസ് ട്രാവല്‍സ് – 4)

 

 

ഡാംപിയര്‍ ഗ്രാമത്തിലെ സീമെന്‍സ് ക്ളബ്.

അവിടുത്തെ ഫോണ്‍ബൂത്തിലിരുന്ന് നാട്ടിലേക്ക് വിളിക്കുകയാണ് കുഞ്ഞയമു. നാട്ടിലുള്ളവരുമായി സംസാരിച്ചുകൊണ്ടിരുന്നെങ്കിലും അയാളുടെ മനസ്സ് ആ ബൂത്തിനകത്തു തന്നെ പിണഞ്ഞു കിടന്നു.

മൊബൈലും ഇന്‍റര്‍നെറ്റും ഇല്ലാത്ത ആ അനന്തകാലമാണെന്നോര്‍ക്കണം. സത്യത്തില്‍, ചരിത്രത്തെ പകുത്തുപോകുന്ന ചില വരകളെ കാലങ്ങള്‍ക്കിടയിലൂടെ കാണാവതാണ്. താര്‍ത്താരികള്‍ കൊതിയന്‍ കുതിരകളെയോടിച്ച് സിന്ധുനദീതീരത്തെത്തിയത്, ചുവന്നഅമേരിക്കക്കാര്‍ കടലില്‍ ഗതിയറിയാതെ തെണ്ടി നടന്ന കോളാമ്പിയെ കണ്ടുപിടിച്ച് കരക്കടുപ്പിച്ച് ‘പണി’ സ്വയമേറ്റെടുത്തത്, ഇന്ത്യയിലേക്കുള്ള കടല്‍പാതയെ കാമിച്ച കോമേട്ടന്‍ ഗമിച്ച് ഗമിച്ച് അത് കണ്ടെത്തിയത്, ഇലക്ട്രിക് വിളക്കു കത്തിയത്, വിദൂരതയിലിരുന്നവനോട് കമ്പിവഴി മനുജന്‍ ആദ്യം സംസാരിച്ചത്, മഹാ(അലമ്പ്)ലോകയുദ്ധങ്ങള്‍ക്ക് ഒന്നാം വെടിപൊട്ടിയത്, അസ്വാതന്ത്ര്യത്തിന് വേണ്ടുന്ന പണി മുഴുവന്‍ പണിത് പിന്നെ ‘പണികിട്ടിയപ്പൊ’ സ്വാതന്ത്ര്യസമരകരായി വേഷംമാറി അത് നേടി എന്നു വിചാരിച്ചത് – ഇങ്ങിനെ ചരിത്രസന്ധികളെ നാം കൃത്യമായി കുറ്റിയടിച്ചുവെച്ചാണ് അപ്പുറത്തുമിപ്പുറത്തുമുള്ളത് പഠിക്കുക. അതുപോലെ ഒരു വന്‍വഹയാണ് മൊബൈല്‍ഫോണ്‍ എന്ന സംഭവം. ഒന്നോര്‍ത്തുനോക്കൂ. ഒരു പത്തിരുപത്തഞ്ചു കൊല്ലം മുമ്പ് ഇങ്ങിനെ ലോകത്തെവിടെയുമിരുന്ന് ആര്‍ക്കും ആരുമായും എവിടെയിരുന്നും സംസാരിക്കാമെന്ന് വല്ല സ്വപ്നവുമുണ്ടായിരുന്നോ? ഉണ്ടായിരിക്കും. ബുദ്ധിജീവികള്‍ക്ക്, ചിന്തകര്‍ക്ക്, ശാസ്ത്രജ്ഞര്‍ക്ക്. പക്ഷെ, ബുദ്ധി, ചിന്ത ഇവ തുലോം കുറഞ്ഞ, ശാസ്ത്രത്തെക്കുറിച്ച് അജ്ഞനായ കുഞ്ഞയമുവിനില്ല – സമ്മതിക്കുന്നു ധൈര്യവാന്‍.
yathra 1
അത്തരമൊരു കാലത്തെ കഥയാണിത്. കുഞ്ഞയമു കപ്പലുദ്യോഗത്തില്‍ കയറിയതേയുള്ളു. ആദ്യത്തെ കപ്പല് യാത്ര. ഓങ്കൊയങ്ങിയിലാണ്, കുഞ്ഞയമു ഒന്നരലക്ഷം ടണ് കേവുഭാരമുള്ള (ഈ മലയാള ഭാരക്കണക്ക് പറയുന്നതു തന്നെ കുഞ്ഞയമുവിനിഷ്ടമാണ്) വലിയ കേപ്സൈസ് ബള്‍ക് കാരിയറിലാണ് ആദ്യമായി കാലെടുത്തു വെക്കുന്നത്. ഓങ്കൊയങ്ങി എന്ന പദം പറഞ്ഞുകൊടുത്ത് ജീവന്‍ പോകും വരെ ചിരിപ്പിച്ചത് തന്‍റെ മദ്രസയിലെ ഉസ്താദായിരുന്നു. അദ്ദേഹം എന്തോ കാര്യത്തിന് ഹോങ്കോങ് എന്ന രാജ്യത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ആ രാജ്യനാമത്തിന്‍റെ ഉത്ഭവം ‘അവന്‍ കുഴങ്ങി’ എന്നതില്‍ നിന്നാണെന്നു ശഠിച്ചിരുന്നു.

വലിയ അങ്കലാപ്പുണ്ടായിരുന്നു. പ്രധാന കാരണം, സുഹൃത്ത് പല്ലന്‍ വന്ന് ആദ്യം ജോയിന്‍ ചെയ്തതുമിവിടെയായിരുന്നു എന്നതാണ്. പക്ഷെ അവനെത്തിപ്പെട്ടത്…..!

ഹോങ്കോങ്ങില്‍ നിന്നും കപ്പല്‍ നേരെ വിട്ടത് പല്ലന്‍റെ കപ്പലിന്റെ അതേ വഴിത്താര തന്നെ. കേട്ടപ്പോള്‍ ഞെട്ടിപ്പോയി കുഞ്ഞയമു. അങ്ങിനെയിതാ ആസ്ത്രേലിയയുടെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഡാംപിയറിലെത്തിയിരിക്കുന്നു. ഇവിടം ഒരു കൊച്ചുഗ്രാമമെന്നു പോലും പറകവയ്യ. ആയിരത്തോളം പേരേ താമസക്കാരായുള്ളു. പോര്‍ട്ട്ജീവനക്കാരാണ് മുഴുവനും. പ്രധാന കയറ്റുമതിയിനം ഇരുമ്പയിരാണ്. ഒന്നര-രണ്ട് ലക്ഷം ടണ്ണൊക്കെ 24 മണിക്കൂര്‍ കൊണ്ട് കപ്പല്‍പ്പള്ളയിലേക്ക് കയറ്റിയിടാനുള്ള ശേഷിയുണ്ട് ഇവിടത്തെ പണിയായുധങ്ങള്‍ക്ക്. ഇത്രയൊക്കെ ഭാരം ഭൂമിയില്‍ നിന്നുമെടുത്ത് ദിനം പ്രതിയെന്നോണം അന്യനാടുകളിലേക്ക് കയറ്റിക്കൊണ്ടു പോയാല്‍ കുറേ കഴിയുമ്പോ ഭൂമിയുടെ ബാലന്‍സ് പോകില്ലേ എന്ന് ഒരിക്കല്‍ സഹിക്കവയ്യാതെ കുഞ്ഞയമു ചോദിച്ചു. കപ്പിത്താന്‍ അലറിച്ചിരിച്ച് പുച്ഛിച്ചു. തനിക്കൊരു വിവരവും ഖനനശാസ്ത്രത്തെക്കുറിച്ച് ഇല്ലെന്ന് അന്ന് കുഞ്ഞയമു ഏത്തമിട്ടു- ഇനി അബദ്ധങ്ങളെഴുന്നെള്ളിക്കില്ലെന്നും ഉറപ്പുകൊടുത്തു.

ഈ ഫോണ്‍ ബൂത്തിലിരുന്നായിരിക്കണം പല്ലന്‍ അവസാനമായി തന്‍റെ കുടുംബവുമായി സംസാരിച്ചത്. തന്‍റെ പ്രേയസിയുമായി പ്രണയം കൈമാറിയത്. തന്‍റെ ഒരു വയസ്സാവുന്ന കുഞ്ഞിന്‍റെ അച്ഛാ എന്ന വിളി കേട്ട് നിര്‍വൃതിയടഞ്ഞത്. എന്‍റെ പ്രിയ സുഹൃത്തേ, കുഞ്ഞയമു ഓര്‍ത്തു – നമ്മളെന്തെല്ലാം സ്വപ്നങ്ങളാണ് ഹൂഗ്ളീനദിയുടെ തീരത്തെ ആ കൊച്ചുഡാബയിലിരുന്ന് കണ്ടത് ? ട്രെയിനിങ് തീരാറായ സമയത്ത് രണ്ടുമാസം പ്രായമായ നിന്‍റെ കുരുന്നിനെയും ഭാര്യയെയും ഹൌറയിലെ ഫ്ളാറ്റില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചത്. അവിടുത്തെ ചുരുങ്ങിയ സൗകര്യത്തിലേക്ക് ഒരു കൊട്ടാരത്തിലേക്കെന്ന പോലെ ഞങ്ങളെ ക്ഷണിച്ചുവരുത്തി സല്‍ക്കരിച്ചത്. കപ്പലില് ജോലിക്കു കയറി കുറേ കാശൊക്കെ ഉണ്ടാക്കി ചെയ്തു കൂട്ടാന്‍ എന്തെന്തു പദ്ധതികളായിരുന്നു നിന്‍റെ കയ്യില്‍ ?

എനിക്കു മുമ്പേ കപ്പലില്‍ കയറിയ നീ എഴുതിയ കത്ത് ഞാനും സുഹൃത്തുക്കളും വായിച്ച് കൊതിയടങ്ങിയില്ല, അപ്പോഴേക്കും….സ്റ്റേറ്റ്സ്മേനിലാണ് കണ്ടത്. ആരോ, പല്ലന്‍ കയറിയ കപ്പലിന്‍റെ വാര്‍ത്തയിതാ എന്നു പറഞ്ഞുകൊണ്ട് നസീര്‍ഗഞ്ച് ഹൂഗ്ളിഡോക്കിലെ ട്രെയ്നിംഗ് റൂമിലേക്കു കയറി വന്നതിപ്പോഴുമോര്‍ക്കുന്നു. മിനറല്‍ ഡയമണ്ട് എന്നായിരുന്നുവല്ലോ അതിന്‍റെ പേര്. ഒന്നരലക്ഷം ടണ്‍ ഇരുമ്പയിരുമായി കപ്പല്‍ നീങ്ങിയതും കാണാതായതും ഒന്നാം പേജില്‍ തന്നെ കോളമായിക്കിടക്കുന്നു. അതുകഴിഞ്ഞ് വെറും ആറു മാസം, ഞാനും ജോയിന്‍ ചെയ്തു. നീ കയറിയ അതേ സ്ഥലം. അതുപോലൊരു കപ്പല്. അതുപോലൊരു പേര്‍ – മിനറല് ഓസ്പ്രെ. അതേ രഥ്യ.

പാര്‍ക്കര്‍ പോയിന്‍റ് വാര്‍ഫില്‍ നിന്നും ലോഡിങ് കഴിഞ്ഞ് മിനറല്‍ ഓസ്പ്രെ ഡാംപിയര്‍ തുറമുഖം വിടാറായി. പൈലറ്റ് എത്തി. ഇയാളാണ് ആറുമാസം മുമ്പ് മിനറല്‍ ഡയമണ്ടിനെയും കടലിലേക്ക് നയിച്ചത്. പോര്‍ട്ട് അതിര്‍ത്തി കടത്തിവിട്ട് അയാള്‍ കപ്പലിനെ അനുഗമിച്ച പൈലറ്റ് ബോട്ടില്‍ തിരിച്ചുപോകും നേരം എല്ലാവര്‍ക്കും ശുഭയാത്ര നേര്‌‍ന്നു. ഡയമണ്ടിന്‍റെ ഓര്‍മ്മ ക്യാപ്റ്റനെയും സഹജീവനക്കാരെയും തളര്‍ത്തിയിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ബ്രിജിലെ ചാര്‍ട്ടില്‍ വരച്ച രേഖയിലൂടെ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തുറസ്സുകളിലേക്ക് മെല്ലെ നീങ്ങിത്തുടങ്ങി…

തന്‍റെ ഒമ്പതു ഹോള്‍ഡുകളിലും ഭാരമേറിയ ഇരുമ്പയിരു കയറ്റി പോര്‍ട്ട് വിട്ട് ആറാം ദിവസം… അന്നാണ് മിനറല്‍ ഡയമണ്ട് കാണാതാവുന്നത്… ഒരു ചെറു അടയാളം പോലും ബാക്കിവെക്കാതെ 266 മീറ്റര്‍ നീളവും 43 മീറ്റര്‍ വീതിയുമുള്ള ആ കൂറ്റന്‍ സമുദ്രയാനപാത്രം അപ്രത്യക്ഷമാവുന്നത്…

മിനറല്‍ ഓസ്പ്രെ, ഇരുമ്പയിരുമായി പോകുന്നതും നെതര്‍ലാന്‍ഡിലെ ഐമുദിന്‍ എന്ന പോര്‍ട്ടിലേക്കു തന്നെ. രണ്ടുകപ്പലിന്‍റെയും ചാര്‍ട്ടര്‍ ഒന്നാണ്. ഒരേ ലോഡിങ് പോര്‍ട്ട്, ഒരേ അണ്‍ലോഡിങ്ങ് പോര്‍ട്ട്, ഒരേ വലിപ്പം, ഒരേ കടല്‍ത്താര…കപ്പല്‍ മെല്ലെ നീങ്ങിക്കൊണ്ടേയിരുന്നു. ഇന്ത്യന്‍ സമുദ്രത്തിന്‍റെ അനന്തതയില്‍ കാലാവസ്ഥ ഒട്ടും സുഖമില്ല. വന്‍തിരകളും ശക്തിയായ കാറ്റും കാലാവസ്ഥാ പ്രവചനങ്ങളിലുണ്ട്. രണ്ടായിരത്തോളം നോട്ടിക്കല്‍ മൈല്‍ പിറകിലേക്കു പോയാല്‍ മാത്രമേ അടുത്ത കരയുള്ളു – തങ്ങള്‍ വിട്ടുപോന്ന അതേ മണ്‍തുരുത്ത്; ആസ്ത്രേല്യ. പത്തുദിവസം കഴിയണം അങ്ങ് കെയ്പ് ഓഫ് ഗുഡ്ഹോപിലെത്താന്‍. ചുറ്റും 69 ദശലക്ഷം ചതുരശ്രകിലോമീറ്റര്‍ ഇടതടവില്ലാതെ പരന്നുകിടക്കുന്ന ജലമേഖലകളുടെ അനന്തവിസ്തൃതി…. കനത്ത അന്തരീക്ഷം… അതിലേറെ കനത്ത മനസ്സുകള്‍…

ആറാം ദിവസം….

പണികള്‍ കഴിച്ച്, സന്ധ്യാനേരത്ത്, കുഞ്ഞയമു കപ്പലിനു പുറകിലെ വിന്‍ഡ് ലാസ്സിനടുത്ത ബൊളാഡില്‍ കയറിയിരുന്നു. അതാ കറുത്ത കടല്‍ക്കാക്കകള്‍ മൂടിയ അന്തരീക്ഷത്തില്‍ കപ്പലിനു പുറകിലായി പറക്കുന്നു. കുഞ്ഞയമു കടലിലെ പക്ഷികളെ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. നല്ല തെളിച്ചമുള്ള ആകാശവും സൂര്യന്‍റെ പ്രഭയും വിളങ്ങുന്ന കടല്‍പ്പരപ്പാണെങ്കില്‍ വെളുത്ത കടല്‍ക്കാക്കകളാണ് ഇതുപോലെ പറക്കുക. കാലാവസ്ഥ നേരെ തിരിച്ചാണെങ്കില്‍ പക്ഷികളുടെ നിറം കറുപ്പായിരിക്കും. വരാനിരിക്കുന്ന കാലാവസ്ഥാ ദുര്‍ഘടങ്ങളെപ്പറ്റി അറിയാക്കാനാവും ഇപ്പോള്‍ കറുത്ത പക്ഷികള്‍…
 yathra 2
കപ്പല്‍ക്കാര്‍ക്കിടയില്‍ ഒരു കഥയുണ്ട്. കപ്പല്‍ഛേദങ്ങളില്‍ മരണപ്പെട്ടുപോയവരുടെ ആത്മാക്കള്‍ ഇതുപോലെ പക്ഷികളായി മാറി മുന്നിലെ കാലാവസ്ഥയെ കുറിച്ച് അറിവു കൊടുക്കാനായി കൂടെ കൂടുമെന്ന്. മിനറല്‍ ഡയമണ്ടിനു കൂടെ താഴേക്കു പോയ 26 പേര്‍…. അവരുടെ ആത്മാക്കളാവും ഇപ്പോള്‍ ഏതാണ്ടൊരിരുപതു മീറ്റര്‍ കപ്പലിനു പുറകിലായി പറക്കുന്നതെന്ന് കുഞ്ഞയമുവിനു തോന്നി….

പല്ലാ…പ്രിയ സുഹൃത്തേ…എങ്ങിനെയാണതു സംഭവിച്ചത്…?

ഒരു ഡിസ്റ്റ്റസ് മെസേജ് പോലും അയക്കാതെ, യാതൊരു തെളിവും ജലോപരിതലത്തില്‍ ബാക്കി വെക്കാതെ എങ്ങിനെയാണ് കപ്പല്‍ അപ്രത്യക്ഷമായത്…? അപകടത്തില്‍ പെടുന്ന കപ്പലുകളെ സഹായിക്കാന്‍ എന്തെല്ലാം സന്നാഹങ്ങളുണ്ടിന്ന്…?! ഒരൊറ്റ ബട്ടണ്‍ ഞെക്കിയാല്‍ ലോകം മുഴുക്കെയുള്ള റെസ്ക്യു സെന്‍ററുകളിലേക്ക് വിവരമെത്തിക്കാന്‍ കഴിയുന്ന സംവിധാനം കപ്പലിലുണ്ടായിരുന്നിട്ടും അതൊന്നു പ്രവര്‍ത്തിപ്പിക്കാന്‍ പോലുമാകാത്ത വിധം എന്താണുണ്ടായത്…?

അന്നേ ദിവസം ക്യാപ്ററന്‍ അവസാനമായി അയച്ച നൂണ്‍ മെസേജില്‍ 50 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ കാറ്റുവീശുന്നുണ്ടെന്നും 6 മീറ്റര്‍ തിരയുടെ സ്വെല്‍ (swell) ഉണ്ടെന്നുമുണ്ട്. അതിനാല്‍ കപ്പലിന്‍ വേഗം പകുതിയേ കിട്ടുന്നുള്ളു എന്നും. ആ രാത്രിയാവണം….

പിറ്റേന്ന് റിപ്പോര്‍ട്ടൊന്നും കിട്ടാതായപ്പോഴാണ് ആസ്ത്രേല്യന്‍ റെസ്ക്യു സെന്‍ററില്‍ നിന്നും അന്വേഷണത്തിനു മുതിരുന്നത്. കാലാവസ്ഥ അപ്പോഴേക്കും തീരെ മോശമായിക്കഴിഞ്ഞിരുന്നു. കാറ്റ് 80 മൈലോളം. തിരക്കുന്നുകളുടെ ഉയരം 18 മീറ്റര്‍ വരെ. അങ്ങിനെ ഏതോ ഒരു നിമിഷത്തില്‍ ഒരിട പോലും നല്‍കാതെ, അന്വേഷണക്കമ്മിറ്റി റിപ്പോര്‍ട്ട് കൊടുത്ത പോലെ, sudden catastrophic structural failure resulting in rapid foundering, ആര്‍ക്കുന്ന കടലിലൂടെ ഒഴുകുന്ന രണ്ടു ലക്ഷത്തോളം ടണ്‍ ഭാരം, പൊടുന്നനെ അപ്രത്യക്ഷമായി. നിമിഷങ്ങളേ വേണ്ടിവന്നിരിക്കയുള്ളു, അങ്ങിനെയൊരു പ്ലവകം ഈ ജലപ്പരപ്പില്‍ ഇല്ലാതാവാന്‍. ഇരുപതിനായിരമടി ആഴമുള്ള ജലക്കൊക്കയിലേക്കുള്ള അവസാനത്തെ യാത്ര.

നീയെവിടെയായിരുന്നുപല്ലാഅന്നേരം…?
നീയറിഞ്ഞിരുന്നുവോ എന്താണ് സംഭവിക്കുന്നതെന്ന്…?
അതോ ഉറങ്ങിക്കിടന്ന നീ പെട്ടെന്ന് കടലിനടിയിലെ അന്ധകാരത്തിലേക്ക് കണ്‍തുറന്നോ…?
എന്താണിതെന്നു പോലും മനസ്സിലായിക്കാണില്ല നിനക്ക്…?!

വല്ല വഴിയുമുണ്ടായിരുന്നുവെങ്കില്‍, എനിക്കറിയാം അവസാനം വരെ നീ പൊരുതുമെന്ന്… വല്ല തുരുമ്പും കിട്ടിയിരുന്നെങ്കില്‍ നീ അതില്‍ തൂങ്ങി കടലിലൊഴുകുമായിരുന്നെന്ന്. പിന്നീട് നാലു ദിവസം തിരച്ചില്‍ നടത്തിയ റെസ്ക്യു വിമാനങ്ങള്‍ നിന്നെ കാണാതെ പോവില്ലായിരുന്നു. എനിക്കറിയാം ജീവിക്കാനുള്ള നിന്‍റെ ആഗ്രഹം….ജീവതമെന്നൊരീ പ്രഹേളികയെ മുഴുവനായുമാസ്വദിക്കാനുള്ള നിന്‍റെ ദാഹം…നിന്റെ കുരുന്നിനോടുള്ള സ്നേഹം ഞാന്‍ നേരിട്ടു കണ്ടവനാണ്… അവളുടെ ഓര്‍മ്മയില്‍ നീ ഏതു കടലിനോടും പൊരുതി ജയിക്കുമായിരുന്നു… ഒരു പാഴ്ത്തടിയെങ്കിലും തരപ്പെട്ടിരുന്നുവെങ്കില്‍….എന്താണ്സംഭവിക്കുന്നതെന്നറിയാനുംസ്വരക്ഷക്കായിഎണ്ണിത്തിട്ടപ്പെട്ടതയിട്ടാണെങ്കിലും, കുറച്ചു നേരം കിട്ടുകയും ചെയ്തിരുന്നെങ്കില്‍….

നിയതിയുടെ നിശ്ചയങ്ങളില്‍ അതു നീയായെന്നേ ഉള്ളൂ.
ഇതാ, നീ അപ്രത്യക്ഷനായ, ഏതാണ്ടതേ കാലാവസ്ഥാമുഖവുമായി ആ കടല്‍, ഇവിടെ എന്‍റെ നേര്‍ മുന്നില്‍.
അതുപോലെ മറ്റൊരു യാനപാത്രത്തില്‍ ഇതാ ഞാന്‍…
അതു ഞാനാകാന്‍മറ്റൊരിടമതി…
ഇതാരാണീനിശ്ചയങ്ങളിലെത്തുന്നത്…?
ഒന്നുരണ്ടു പറയാന്‍ അവനെയൊന്നു കാണണമായിരുന്നു എനിക്ക്…

അലറുന്ന, കൊടുമ്പിരിയുതിര്‍ക്കുന്ന കടലിലേക്ക് നോക്കി, അപാരമായ നിസ്സംഗതയോടെ കുഞ്ഞയമു ഇരുന്നു –

കറുത്ത കടല്‍ക്കാക്കേ,
സലിം അലി പോലും കാണാതെ പോയ നീ, ഈ സ്ഥലസീമകളില്‍ എവിടെ,
ഏതു ജലഗ്രാമത്തില്‍, ഏതു ജലവക്ഷത്തില്‍, ഏതു ജലച്ചില്ലയില്, രാപ്പാര്‍ക്കുന്നു?
നീ നിന്‍റെ മുജ്ജന്മശരീരത്തെ ഈ സമുദ്രത്തിന്‍റെ ആഴങ്ങളുടെ ആഴങ്ങളില്‍
ഏതു പര്‍വ്വതപാര്‍ശ്വത്തിലാണൊളിപ്പിച്ചു വെച്ചിട്ടുള്ളത് ?
ജലപാളികളുടെ മഹാമേരുക്കള്‍ നെഞ്ചിലേറ്റിക്കിടക്കുന്ന അവനോടു പറയുക
ഓരോ കടല്‍യാത്രയിലും നിന്നെ ഞാനോര്‍ക്കുന്നു…
നിനക്കായി പ്രാര്‍ത്ഥിക്കുന്നു….
yathra 3
(തുടരും)