Friday, 28 February 2014

എമണ്ടൻ 

(കുഞ്ഞയമൂസ് ട്രാവല്‍സ് – 6)  

എംഡൻ, ഗ്രാമമെന്നേ അതിനെ പറയാനൊക്കു. 
നമ്മുടെ കൊച്ചുകേരളത്തിൽ ഗ്രാമങ്ങളില്ലാതായല്ലൊ. ഒരു നഗരത്തിന്റെ തുടർച്ചയായിക്കിക്കിടക്കുന്ന വൻവീഥികളും ബഹുനിലക്കെട്ടിടങ്ങളും കുറച്ചൊന്നു ശുഷ്കമായി, വീണ്ടും അടുത്ത നഗരത്തിലേക്ക് പിച്ചവെക്കുന്ന രീതിയിലാണ് കേരളത്തിന്റെ വിതാനിപ്പ്. നഗരങ്ങളുടെ ഇടർച്ചയെന്ന പോലെ ഗ്രാമങ്ങൾ. ഗ്രാമങ്ങളുടെ തുടർച്ച പോലെ നഗരങ്ങൾ. ഇടതടവില്ലാതെയുള്ള ഈ രീതി കേരളത്തെ ഒട്ടാകെ ഒരു മഹാനഗരമാക്കിയിരിക്കുന്നു A big huge city. 

പക്ഷേ കേരളം വിട്ടാൽ രംഗം മാറുന്നു. തുലോം വിശാലമായ മറ്റു സംസ്ഥാനങ്ങളിൽ നഗര-ഗ്രാമങ്ങൾക്കിടയിൽ ദൂരങ്ങളെത്രയോ ശുദ്ധശൂന്യങ്ങളായി നിലകൊള്ളുന്നു. ഈ തുറസ്സുുകളിലേക്ക് നോക്കിയിരുന്ന് യാത്ര ചെയ്യുന്നതിന്റെ സുഖം, യാത്ര കേരളത്തിലൂടെയാവുമ്പോൾ കിട്ടാതായിരിക്കുന്നു. ഇനി ഉത്തരേന്ത്യയിലേക്ക് കയറുന്നതോടെ നഗരങ്ങളുമായി വളരെ അകന്നു നിൽക്കുന്ന കുഗ്രാമങ്ങളും കാണപ്പെടുന്നു. അത്തരം ഗ്രാമങ്ങളോടുള്ള പ്രണയം, അവിടെ ഇന്നും പ്രകടമായ ജന്മിത്തവും ജാതിതിരിവും ഗുണ്ടായിസവും ഉണ്ടെന്നു കാണുമ്പോൾ,  നമുക്കില്ലാതാവുകയും ചെയ്യും. 

പക്ഷേ എംഡൻ എന്ന ഗ്രാമത്തെ ഈ ഗണത്തിലൊന്നും പെടുത്താൻ പറ്റില്ല. അമ്പതിനായിരത്തോളം മാത്രം ജനസംഖ്യയുള്ള ഈ മണ്‍ തിട്ടയെ കേരളീയനായ കുഞ്ഞയമുവിന് ഒരു കുഗ്രാമമെന്നേ പറയാൻ കഴിയൂ. ഇനി ഒരു പരിഷ്കൃതഗ്രാമത്തിന്റെ സംജ്ഞയായി കൃഗ്രാമം എന്ന പദത്തെ സ്വീകരിക്കാമെങ്കിൽ ഈ ഗ്രാമത്തെ കുഞ്ഞയമ്മു അങ്ങിനെയാവും വിളിക്കുക-കൃഗ്രാമം. 

മുന്നൂറു കിലോമീറ്റർ അപ്പുറെയുള്ള ബ്രെമൻ ആണ് അടുത്ത എയർപ്പോർട്ട്. വിശാലമായ ഫാമുകൾക്കിടയിലൂടെയുള്ള റോഡ് അത്ര നല്ലതൊന്നുമല്ല. വലിയ വീതിയില്ല. അത്യാവശ്യം കുണ്ടും കുഴിയുമൊക്കെയുണ്ട്. പക്ഷെ അതിലൂടെ ഇരുന്നൂറുകിലോമീറ്റർ സ്പീഡിലൊക്കെയാണ് ജർമ്മൻ ടാക്സി ഡ്രൈവർ പിടിപ്പിക്കുക. റിട്ടയർ ചെയ്ത് അവസാനകാലത്ത് ചെയ്യാൻ പറ്റിയ ജോലി എന്ന നിലക്ക് ഡ്രൈവർ പണി ചെയ്യുന്ന ധാരാളം വൃദ്ധരുണ്ട്. കുഞ്ഞയമു യാത്രയിൽ സ്പീഡോ മീറ്ററിൽ നിന്നും കണ്ണെടുക്കാതെ ഇരിക്കുന്നതു കണ്ട വയസ്സൻ ഡ്രൈവർ സൂചി ഇരുന്നൂറിനുമുകളിൽ തന്നെ പിടിച്ചു. ഈ വൃദ്ധനെങ്ങാനും വല്ല ഹാർട്ട് ഹറ്റാക്കും വന്നാൽ വണ്ടി എത്രതവണ മലക്കം മറിഞ്ഞാലാണ് നിൽക്കുകയെന്നാലോചിച്ച് കുഞ്ഞയമു വിയർത്തിരുന്നു. 

ജർമ്മനിയുടെ വടക്കുപടിഞ്ഞാറേ കരയിൽ ഉത്തരകടലിനോടു തൊട്ടുകിടക്കുന്നു എംഡൻ. എംസ് (Elms) നദി നോർത്ത്സീയോടു ചേരുന്ന അഴിമുഖം. കൊച്ചു കൊച്ചു ടാവേണുകള്‍ , ഭക്ഷണക്കടകള്‍, മദ്യശാലകള്‍… ഒരു സാധാരണ യൂറോപ്യന്‍ ഗ്രാമത്തിന്റെ എലാ ചേരുവകളുമുണ്ടിവിടെ. ഇവിടത്തുകാര്‍ പച്ചവെള്ളത്തിന് പകരം ബിയര്‍ കഴിക്കുന്നവരായത് കൊണ്ട് ഗ്രാമ മദ്ധ്യത്തില്‍ ‘ബീരാന്‍ കട’കളാണ് നിറഞ്ഞു നില്‍ക്കുന്നത്.   നമ്മുടെ കരാള കേരളവുമായി എംഡനു എന്തെല്ലാം ബന്ധങ്ങളുണ്ടെന്ന് നോക്കി കുഞ്ഞയമു. കല്ല്‌ പതിച്ച നിരത്തിലൂടെ ഇലക്ട്രിക്കല്‍ ഓഫീസറുമായി നടക്കുമ്പോള്‍ കണ്ടു – പുരോഹിത വേഷമിട്ടു നീങ്ങുന്ന ഒരു ഇരു നിറക്കാരനെ. ധൈര്യമായി ചോദിച്ചു ” മലയാളിയല്ലേ?”. അതെ എന്ന ഉത്തരവുമായി ഫാദര്‍ കുരിയാക്കോസ് ചിരിച്ചു കൊണ്ട് അടുത്തെത്തി. കാഞ്ഞിരപ്പള്ളിക്കാരനാണ് പുള്ളി. എംഡനില്‍ വൈദികനായി എത്തിയിട്ട് വര്ഷം രണ്ടു കഴിഞ്ഞു. അവിടെ വേറെയും മലയാളികള്‍, ആണായും പെണ്ണായും, സെമിനാരികളില്‍ ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.   പണ്ട് ടെന്‍സിങ്ങിന്റെ സഹായത്താല്‍ ഹിലരി എവറസ്റ്റില്‍ പതാക നാട്ടിയപ്പോള്‍, അവിടെ ഒരു കരാള കേരളീയന്‍ തന്റെ ഹോട്ടല്‍ ഡി മോസ്ക്കോയിലിരുന്നു ചായ ഒാഫര്‍ ചെയ്ത കഥ കുസൃതി കലര്‍ന്ന സാങ്കല്‍പ്പികത തന്നെ എന്നാകിലും, കേരളീയ മനസ്സിന്റെ എവിടെയും പെട്ടെന്ന് കയറിപ്പറ്റി ഇഴുകിച്ചേരാനുള്ള കഴിവിനെ രസകരമായി അവതരിപ്പിക്കുന്നു. ആ മനസ്സിനു കൂടെയുള്ള ബുദ്ധിയുടെ കൂര്‍മ്മതയും പ്രസരിപ്പും വിശിഷ്യാ ദുരഭിമാനവും കുശുമ്പും മറ്റു ജനുസ്സുകളിൽ പെട്ടവരിൽ കുറവാണ് എന്ന് കുഞ്ഞയമു എവിടെയും സ്വകാര്യമായി പറയും. പൊതുവിൽ കാര്യങ്ങളെ കുറിച്ചുള്ള അറിവും അതുപയോഗിക്കാൻ ഉള്ള കഴിവും കേരളീയനിൽ വളരെ ഉയർന്നതാണ് . മുന്‍പറഞ്ഞ ദുരഭിമാനത്തിന്റെ അളവ് കുറച്ചാൽ കേരളീയനാവും ഈ ഗോളത്തെ നയിക്കാൻ നിയമിതനാകുക എന്നാണു ഇവ്വിഷയകമായി കുഞ്ഞയമുവിന്റെ അവസാന വാക്ക്. 

ഒരു രാത്രി കുരിയാക്കോസച്ഛൻറെ അരമനയിൽ എത്തി .പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ട പള്ളിയുടെ വശത്തുള്ള തൻറെ മുറിയിൽ ഫാദർ കുഞ്ഞയമുവിനും സുഹൃത്തുക്കൾക്കും വിരുന്നേകി . അവിടെവെച്ചു ഫാദർ എംഡന്റെ കഥപറഞ്ഞു . പിറ്റേന്ന് അവരുടെ കൂടെ നഗരപ്രദക്ഷിണവും നടത്തി. എട്ടാം നൂറ്റാണ്ട് തൊട്ടുണ്ട് എംഡന്റെ എഴുതപെട്ട ചരിത്രം. എംസ് നദിയുടെ കരയിൽ അതിനുമുന്‍പ് ചതുപ്പ് നിലങ്ങളായിരിക്കണം. ഈസ്റ്റ്‌ ഫ്രിഷ്യയുടെ ഭാഗമായിരുന്ന ഈ നാട് യൂറോപ്പിലെ പല ശക്തികൾക്കും കീഴിൽ ഒതുക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പിൽ കാത്തലീക് ചർച്ചിനെതിരിൽ പ്രൊട്ടെസ്റ്റന്റു വിഭാഗം ശക്തിയാർജിച്ചപ്പോൾ എംഡൻ പൊതുവിൽ പ്രൊട്ടെസ്റ്റന്റുകാരുടേതായി മാറി . ഓരോ കടൽത്തീരവും ശക്തിയാർജ്ജിക്കുന്നത് മുക്കുവരാലാണ്. അവരായിരിക്കും ഒരു തുറ വികസിച്ചു വരുന്നതിനു പുറകിലെ തുടക്കക്കാർ. ഇവിടെ എംഡനിലും കഥ മറിച്ചല്ല. സ്ലോബ്‌ എന്ന പേരിലറിയപ്പെടുന്ന ഒരുതരം മത്സ്യം ഈ സമുദ്രതീരത്ത് മാത്രം കിട്ടുന്നതാണെന്ന് പറയപ്പെടുന്നു. അത് മറ്റു നാടുകളിലേക്ക് കയറ്റിയയച്ച് മുക്കുവർ വരുമാനമുണ്ടാക്കി. സ്ലോബ്‌ അങ്ങിനെ ഒരു നാടിന്റെ സാമ്പത്തിക അടിത്തറയായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശയോടെ വ്യാവസായികവൽക്കരണത്തിലേക്ക് എംഡനും എത്തി. പിന്നെ കപ്പൽ നിര്‍മ്മാണത്തിലേക്കും കാർ നിർമ്മാണത്തിലേക്കും വഴിമാറിയിട്ടുo സ്ലോബിനെ ഈ തലമുറയും തോളിലേറ്റുന്നു. എല്ലാ വര്‍ഷവും ആ മീനിന്റെ പേരിൽ എംഡൻകാർ ഒരു ഉത്സവവും കൊണ്ടുനടക്കുന്നു. ഈ സമയത്താണ് കുഞ്ഞയമുവും സംഘവും കുരിയാക്കോസച്ഛനുമായി നഗരം കാണാനിറ ങ്ങിയത്. നാട്ടിലെ ഒരു നേർച്ച പോലെ, ഉത്സവം പോലെ ഇവിടെയും തെരുവു സർക്കസ്സുകാർ ഉണ്ട്, ഗായക സംഘങ്ങൾ ഉണ്ട്, ജൈൻറ്റ് വീലും സ്വിങ്ങിങ്ങ് ചെയറുമുണ്ട്. താല്‍ക്കാലികമായുണ്ടാക്കിയ നിരത്തോര കടകളിൽ വഴിവാണിഭം പൊടിപൊടിക്കുന്നു. ‘ബീരാൻ കട’കളിലെ ബിയർ വീപ്പകൾ നുരഞ്ഞുപൊന്തുന്നു.-ആകെ ആഘോഷത്തിമിർപ്പ്. 

രണ്ടാം ലോകമഹായുദ്ധകാലത്ത് എംഡനിലെ മുക്കാൽ ഭാഗം കെട്ടിടങ്ങളും ബ്രിട്ടീഷ്‌ വ്യോമസേന ബോംബിട്ടു തകർത്തു. അവ വീണ്ടും പണിതുയർത്താൻ ഇരുപതോളം വർഷങ്ങൾ വേണ്ടിവന്നു ജർമ്മൻകാർക്ക്. അന്ന് തകർന്നടിഞ്ഞ സിറ്റിഹാൾ നന്നാക്കിയിട്ടുണ്ട്. ഇന്നതൊരു മ്യൂസിയമാണ്. കെട്ടിടത്തിൻറെ താഴെനിലയിൽ കുറച്ചുഭാഗം യുദ്ധകാലത്തിൻറെ ഓർമ്മയ്ക്കായി അതുപോലെത്തന്നെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. പിന്നീട് വരുന്നവർക്ക് ഓർമ്മപെടുത്തൽ എന്നോണം . യുദ്ധകപ്പലുകൾ ധാരാളമായി നിർമ്മിച്ചിരുന്ന എംഡൻ ഷിപ്‌ യാര്‍ഡ്‌ ഇപ്പോൾ മന്ദഗതിയിലാണ്‌. യുദ്ധങ്ങൾ കുറഞ്ഞതുകൊണ്ടാവണം. വോക്സ് വാഗണ്‍ കമ്പനിയുടെ പതിനായിരക്കണക്കിനു കാറുകൾ ഓരോ വര്‍ഷവും നിർമ്മിക്കപ്പെട്ട് കയറ്റിയയക്കപ്പെടുന്നത് ഈ കൊച്ചു ഗ്രാമത്തിൽ നിന്നുമാണ്‌.

 മലയാളഭാഷയിൽ എംഡനു ഒരു സ്ഥാനമുണ്ട്. രണ്ടാം മഹാലോകയുദ്ധകാലത്ത് ഇവിടുത്തെ നോർത്ത്സീ ഷിപ്‌ യാര്‍ഡില്‍ പണിത എംഡൻ സീരീസിൽപ്പെട്ട ഒരു കപ്പല്‍ അറബിക്കടൽ ക്രോസ് ചെയ്ത് കേരളത്തീരത്തെത്തി. അന്നത്തെ കണക്കനുസരിച്ച് ഒരു വലിയ കപ്പലായിരുന്നു അത്. കപ്പല്‍ കൊച്ചി തീരത്തു ഭയപ്പാട് സൃഷ്ടിക്കുകയും ചില വെടികൾ പൊട്ടിച്ച് നാട്ടുകാരെ ഭയചകിതരാക്കുകയും ചെയ്തു. കപ്പലിന്റെ വലിപ്പം കണ്ടു വൈപ്പിൻ നിവാസികൾ എംഡനെ മലയാളീകരിച്ചു എമണ്ടനാക്കി. അങ്ങനെ വലിയത് , പെരുത്തത്, എന്നതിനുള്ള പര്യായമായി എമണ്ടൻ . - 

See more at: http://www.gulmoharmagazine.com/gulmoharonline/yathravivaranam/kunjayamoos-travels-6#sthash.L9NRfC8R.dpuf