Sunday, 4 March 2012

ഉസ്താദ്

ഓര്ക്കുന്നു....
അന്നൊരിക്കല്, ഇതുപോലെ സാഗരവീഥികളിലെവിടെയോ ഇരുന്നപ്പോള് ആ വിയോഗവാര്ത്തയറിഞ്ഞ എന്നിലേക്ക് പുറത്തെ കടലലകള് മുഴുവന് പാഞ്ഞുകയറിവന്നത്....
പിന്നെ നാട്ടിലെത്തിയത്...

തലമുറകളിലൂടെ ഒഴുകിയെത്തിയെ വാക്കുകളുടെ സീല്ക്കാരങ്ങള് മനസ്സിലെ കരിമ്പനപ്പട്ടകളില് തട്ടി വിങ്ങിയ ഒരു നിമിഷത്തില് പോയി പാമ്പാടിയിലേക്ക്...

നദിക്കക്കരെ, തിരുവില്വാമലയുടെ താഴ്വരയിലൊതുങ്ങി നിന്ന ഐവര്മഠം...

അവിടെ അപ്പോഴും എരിഞ്ഞുകൊണ്ടിരുന്ന ആരുടെയൊക്കെയോ ചിതകള്ക്കരികിലിരുന്ന്, വാക്കുകള് കൊണ്ട് മായാജാലം കാണിച്ചുമറഞ്ഞ ആ മനസ്സിനെ ഈ ഭൂമിയില് താങ്ങിനിര്ത്തിയ ശോഷിച്ച ശരീരം ദഹിച്ച് എയറോസോളുകളായി, സൂക്ഷ്മകണങ്ങളായി, ഉയര്ന്നില്ലാതാവുന്നത് മനസ്സില് നിരൂപിച്ചു.

ദേഹിയും ദേഹവും വേര്പെടുന്നതിന്റെ നിലക്കാത്ത കാഴ്ചകള്ക്കു സാക്ഷ്യം വഹിച്ച് ചിരപുരാതനമായി മലര്ന്നു കിടന്ന നിളയും അതിനരികിലെ വയസ്സന് പാലമരവും...

പാലമരത്തിന്റെ ഇലകളില് പ്രവാചകന് ഒരു കുഞ്ഞുകണമായി തങ്ങി താഴെയിരിക്കുന്ന എന്നെ കനിവൂറുന്ന കണ്ണുകളിലൂടെ നോക്കുന്നതറിഞ്ഞു...

ഗുരുപരമ്പരകളുടെ നിലക്കാത്ത ഓര്മ്മ മേനിയിലാകെ പേരറിയാത്ത സൂക്ഷ്മതരംഗങ്ങള് പായിച്ചപ്പോള് കണ്ണുകള് നിറഞ്ഞു...

കൂടെ അവനേ ഉണ്ടായിരുന്നുള്ളൂ...
എന്റെ അഞ്ചുവയസ്സായ മകന്...
അവന് ചോദിച്ചു-
“ഉപ്പാടെ ആരാ മരിച്ചത്?”
ഞാനവനെ നെഞ്ചോടുചേര്ത്തു-
“ഒരു ഗുരു”
അവനാ വാക്കു മനസ്സിലായില്ല.
“ഞാന് തിരുത്തി”-
“റ്റീച്ചര്”
“എന്ത് റ്റീച്ചറാ?”
“ഭാഷയുടെ – അതിന്റെ ഉസ്താദ്”

6 comments:

  1. എന്റെ ഗുരു പരമ്പരയിലെ തേജസ്വിയായ കണ്ണി. ആളെ പറഞ്ഞില്ലെങ്കിലും മനസ്സിലായി അബിക്കാ. ഓ.വി. വിജയന്‍

    ReplyDelete
  2. നെഞ്ചോടുചേര്ത്തു പറഞ്ഞു,
    ഭാഷയുടെ ഉസ്താദ്!

    ReplyDelete
  3. വിജയന്‍ മാഷിന്റെ രചനകള്‍ എന്നും നമ്മുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

    ReplyDelete
  4. ഒരു ഓഫ് കമന്റ് : താങ്കളുടെതായി പുസ്തകം പബ്ലിഷ് ആയിട്ടുണ്ടെന്ന് എവിടെയോ കണ്ടു. കൂടുതല്‍ അറിയുവാന്‍ ആഗ്രഹമുണ്ട്.. ദയവ് ചെയ്ത് ഈ ഓഫ് കമന്റ് വായനക്ക് ശേഷം ഡിലീറ്റ് ചെയ്തേക്കുക. പോസ്റ്റുമായി ബന്ധമില്ലാത്തതാണെന്നറിയാം. അതുകൊണ്ട് പറഞ്ഞതാണ്.

    ReplyDelete
  5. നെഞ്ചോടുചേര്ത്തു പറഞ്ഞു, ഭാഷയുടെ ഉസ്താദ്!!!
    മനോഹരം..

    ReplyDelete
  6. അതെ അക്ഷരങ്ങളുടെ ഉസ്താദ്...

    ReplyDelete