Saturday, 4 February 2012

ARUMUGHAN - അറുമുഖന്‍


അറുമുഖന്‍

03 ഫെബ്രുവരി 2012

അങ്ങ് ചെറുതുരുത്തിയിലെ പുണ്യതീരത്തൊരുക്കിയ ചിതയില്‍ ശാന്തനായിക്കിടന്ന്, എല്ലാ അല്ലലുകളുമഴിച്ചു വെച്ച്, ‘ഞാന്‍ പറഞ്ഞിരുന്നില്ലേ ഉടനെ പോകുമെന്ന്, ഇപ്പൊ കണ്ടില്ലേ?’ എന്ന് പറയാതെ പറഞ്ഞ്, അറുമുഖാ നീ നിളയുടെ മാറിലേക്ക് ധൂമമായി ഇപ്പോള്‍ പടരുകയാണ്. നീ നിരന്തരമാഗ്രഹിച്ച, മാനസികോദ്വേഗങ്ങളില്ലാത്ത, ശാരീരികവ്യഥകളില്ലാത്ത, ലോകത്തേക്കുള്ള നിന്റെ യാത്ര മനസ്സില്‍ കണ്ട് ഞാനിവിടെ കടലുകള്‍ക്കിപ്പുറമിരുന്ന് നിനക്കായി ദൈവത്തിനു മുമ്പില്‍ മുട്ടുമടക്കിയിരിക്കുന്നു. നിന്റെ ആത്മാവിന്റെ നിതാന്തശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. ഇന്നെനിക്ക് നോമ്പാണ്. നിന്റെ യാത്രയുടെ വിവരം ഇന്നലെ അറിഞ്ഞതു മുതല്‍ തുടങ്ങിയ ഉപവാസമാണ്. നിന്റെയീ യാത്രയുടെ തുടക്കത്തില്‍ നിന്നോടൊത്തു സഹവസിക്കാന്‍ വേണ്ടി അന്നപാനീയങ്ങള്‍ ഞാനുപേക്ഷിക്കുന്നു. ആത്മീയമായ ഒരു ശാന്തതയും സുഖവും അതെനിക്കു തരുന്നുണ്ട്; അഗാധമായ ഈ വേദനയുടെ നേരത്ത്.

ഒരു പതിറ്റാണ്ടിലേറെ, ബുദ്ധിസ്ഥിരത നശിച്ച് കട്ടിലില്‍ നിന്നെണീക്കാതെ കിടന്ന അമ്മയെ നിരന്തരമായി, ഒരു മകള്‍ നോക്കുന്നതിനേക്കാളും വൃത്തിയായി ശുശ്രൂഷിച്ച ശേഷം മറുലോകത്തേക്ക് യാത്രയാക്കിയ നിനക്കു വേണ്ടി പ്രാര്ത്ഥിക്കാന്‍ ഈ അല്പനായ ഞാനാരാണ്? എന്റെ അമ്മയെ മതിവരുവോളം ഒന്നുകൂടെ നിര്ത്താന്‍ പോലും എനിക്കു ഭാഗ്യമുണ്ടായിട്ടില്ല! സ്വര്ഗ്ഗം എവിടെയാണ് എന്ന ചോദ്യത്തിന് പ്രവാചകന്‍ തുടരെത്തുടരെ മൂന്നുതവണയും കാണിച്ചുകൊടുത്തത് അമ്മയുടെ കാല്പാദത്തിനു കീഴെയാണ്. പിന്നീടേ അച്ഛന്റെ ഊഴം വന്നുള്ളൂ. ആ അമ്മയെ ഇത്ര സ്നേഹമസൃണമായി കാലങ്ങളോളം പരിചരിച്ച നിനക്ക് മോക്ഷം നല്കണേ എന്നു പ്രാര്ത്ഥിക്കാന്‍ ഞാനാരുമല്ല അറുമുഖാ. മറിച്ച് ആ മോക്ഷതീരങ്ങളിലിരുന്ന് നീ എനിക്കായി പ്രാര്ത്ഥിക്കുക. അല്പന്മാരുടെ ഈ ഭൂമിയില് അല്പരില്‍ അല്പനായ എനിക്കുവേണ്ടി. എന്റെ കാഴ്ചകളിലെ നേരിനു വേണ്ടി. എന്റെ ചിന്തകളിലെ നേര്‍ വഴിക്കുവേണ്ടി. എന്റെ വാക്കുകളിലെ ശുദ്ധിക്കുവേണ്ടി.

മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം പത്തറുപതു വര്‍ഷം ഉരുക്കിത്തീര്ത്ത നീയായിരുന്നു യഥാര്‍ത്ഥ മനുഷ്യന്‍. മനുഷ്യന്‍ എന്ന പദത്തിനു നീയാണര്‍ഹന്‍ . ദൈവത്തിന്റെ പ്രതിനിധി, ഖലീഫ, ആണെന്നാണല്ലോ മനുഷ്യന്‍ . അതു നീയായിരുന്നു. ഞങ്ങള്‍ ആ പ്രാതിനിധ്യം എന്നേ ഒഴിഞ്ഞു. ഞങ്ങളിലെ നിഷ്ഠൂരതകള്‍ ആ വലിയ സ്ഥാനത്തെ ഞങ്ങള്‍ക്കപ്രാപ്യമാക്കി. നീ ലോകത്തെ മുഴുവന്‍ സ്നേഹിച്ചു. ഉറ്റവരേയും ഉടയവരേയും ഊട്ടി. അയല്‍വാസികളോട് സ്വന്തത്തെപ്പോലെ അകമഴിഞ്ഞുനിന്നു. അവരുടെ അടുക്കളകളില്‍ , തൊടികളില്‍ , രാപ്പകലില്ലാതെ അദ്ധ്വാനിച്ചു. അവരുടെ സുരക്ഷക്കായി കൂട്ടുകിടന്നു. ആറു പതിറ്റാണ്ടുകള്‍ ഇങ്ങനെ ഇടതടവില്ലാതെ നീ ആഘോഷിച്ചപ്പോള്‍ ഒരു ഇണയെ സ്വന്തമാക്കുന്നതിനെ കുറിച്ചുപോലും നീ ഓര്‍ത്തില്ല. അതിനെക്കുറിച്ച് നിന്നോടു പറയുമ്പോഴൊക്കെ ഒരു കേട്ടുതഴമ്പിച്ച ഫലിതം പോലെ നീ ചിരിച്ചുതള്ളി. കാരണമെന്തൊക്കെയായിരുന്നാലും ത്യാഗോജ്ജ്വലമായ നിന്റെ ജീവിതത്തിന് ആ തീരുമാനം മാറ്റുകൂട്ടുന്നേയുള്ളൂ.

പക്ഷേ, എന്തിനായിരുന്നു ഈ ശിക്ഷ നീ ഞങ്ങള്‍ക്കു തന്നു പോയത്? നീ ഇല്ലാതായി, ഇനി നിന്നെ കാണാന്‍ കഴിയില്ല എന്നറിഞ്ഞ നേരമാണ് ഞാനിത്രത്തോളം വലിയ സ്നേഹബന്ധത്തിലായിരുന്നു നീയുമായി എന്ന സത്യം തൊട്ടറിഞ്ഞത്. എനിക്കു തോന്നുന്നു, ഞാനതൊരു കേവലസത്യമായി ഉള്ളിലേക്കെടുത്തിരുന്നുവെന്ന്. അതുകൊണ്ട് ആ സ്നേഹത്തിന്റെ ആഴത്തെ കുറിച്ച് ഞാനിന്നേവരെ ബോധവാനായിരുന്നില്ല. പക്ഷെ ഇന്നലെ, ഇവിടെ ഗ്രീന്വിച്ച് സമയം രാവിലെ പത്തുമണിയോടെ നെറ്റിലിരിക്കുമ്പോള്‍ ഫെയ്സ്ബുക്കില്‍ നാട്ടില്‍ നിന്നും സലാമിന്റെ വിളി – ‘അബിക്കാ’. ഞാന്‍ വിളികേട്ടു. അടുത്തത് ‘അറുമുഖേട്ടന്‍ മരിച്ചു എന്നതായിരുന്നു’ അവന്റെ വാചകം. സ്ഥലകാലങ്ങള്‍ നിമിഷങ്ങളോളം എന്നില്‍ നിന്നും മാറിനിന്നു. പിന്നെയുള്ള മെസേജുകളില്‍ നിന്നും ഒരു മണിക്കൂര്‍ മുമ്പ് അറുമുഖന്‍ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചതായി മനസ്സിലാക്കി. ഞാന്‍ കണ്ട്രോല്‍ റൂമിലെ കമ്പ്യൂട്ടറിനു മുന്നിലായിരുന്നു. ഇംഗ്ളീഷ് ചാനലിലെ തണുപ്പ് ശരിക്കുമേറ്റിരുന്നതിനാല്‍ നല്ല ജലദോഷമുണ്ട്. തുമ്മലും ചീറ്റലും മൂക്കുപിഴിയലും മുറയ്ക്ക്. ജലദോഷത്തിന്റെ ബഹളത്തില്‍ എന്റെ കണ്ണീര്‍ ഒളിപ്പിച്ച്, സഹിക്കാനാവാതെ കുറച്ചുനേരമവിടിരുന്നെങ്കിലും സഹജോലിക്കാര്‍ കണ്ടുപിടിക്കുമെന്നു തോന്നിയപ്പോള്‍ ഞാന്‍ എണീറ്റ് മുകളില്‍ ക്യാബിനില്‍ കയറി വാതിലടച്ചു. എന്റെ എല്ലാ നിയന്ത്രണങ്ങളും അഴിഞ്ഞു....

എന്റെ ഉമ്മ മരിച്ച വിവരമറിയുന്നതും ഇതുപോലെ കപ്പലിലിരുന്നാണ്. മൂന്നര വര്‍ഷം മുമ്പ്. അന്ന് ഞാന്‍ മോണിറ്ററിനു മുന്നില്‍ അന്തംവിട്ടിരിക്കുമ്പോള്‍ ക്യാപ്റ്റന്‍ ഗോപി പുറകില്‍ നിന്നു ചോദിച്ചു – എന്തു പറ്റി? തിരിഞ്ഞിരുന്നു പറഞ്ഞു – ഉമ്മ മരിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പിന്നെ വീട്ടിലെത്തി ഉമ്മയുടെ നിശ്ചലമായ ശരീരം കണ്ടപ്പോഴും അവരുടെ നെറ്റിയില്‍ അവസാനമായി ചുണ്ടുകളമര്‍ത്തിയപ്പോഴും ഞാന്‍ കരഞ്ഞതോര്‍ക്കുന്നു. 84 വര്‍ഷത്തെ വലിയ ആരോഗ്യപ്രശ്നങ്ങളില്ലാത്ത ജീവിതം പെട്ടെന്നൊരു രാത്രി തീര്‍ത്ത് ഉമ്മ പോയതിന്റെ വിഷമവും അന്ധാളിപ്പുമുണ്ടായിരുന്നു. അതിനു മുമ്പ് അവസാനമായി കാണുന്നേരം, ഞാന്‍ കപ്പലിലേക്കു പോകുംമുമ്പ് ഉമ്മയെ കാണാന്‍ ചെന്നതാണ്, ഉമ്മ പറഞ്ഞിരുന്നു – ഇനി നീ വരുമ്പോഴേക്ക് ഞാന്‍ ഉണ്ടാവുമോ, അറിയില്ല എന്ന്. അതുകൊണ്ടൊക്കെയാവും ആ മരണം എന്നെ ഇതുപോലെ ആട്ടിയുലക്കാതിരുന്നത്.

....ക്യാബിനിലെത്തിയ ഞാന്‍ വാവിട്ടുകരഞ്ഞു. ഒരാളുടെ മരണം എന്നെ ഇത്രത്തോളം വേദനിപ്പിക്കും എന്ന് ആദ്യമായി അറിഞ്ഞു. ആരു മരിച്ചാലും ഞാനെന്റെ സന്തുലിതത്വം വിടില്ല എന്ന ഒരുറച്ച വിശ്വാസം എന്നിലുണ്ടായിരുന്നു. അതിങ്ങനെ എന്റെ മുന്നില്‍ തകര്‍ന്നു വീഴുന്നത് ഞാന്‍ നിരീക്ഷിച്ചു. വല്ലാത്തൊരു നഷ്ടബോധത്തില്‍ ഇന്നലെ ഭക്ഷണത്തിനൊന്നും പോയില്ല. അപ്പോഴാണ് ഇന്നേതായാലും നോമ്പാക്കാമെന്ന് കരുതിയത്.

നിന്നെ ഞാന്‍ വെറുക്കുന്നു ആറൂ...
നീ ഒരു വാക്കു പറയാതെ പോയില്ലേ...?
പണമില്ലായ്മമൂലമോ സമ്പത്തുനഷ്ടമോര്‍ത്തോ ആവില്ല നീ പോയതെന്നോര്‍ക്കാനാണെനിക്കിഷ്ടം.
എത്ര പണം വേണം നിനക്ക്?
എത്ര സമ്പത്ത്?
ചുരുങ്ങിയ ആവശ്യങ്ങളല്ലേ നിനക്കുണ്ടായിരുന്നുള്ളൂ?
അതിന് എത്രപേരുണ്ടായിരുന്നു നിന്നെ സഹായിക്കാന്‍ ?
എന്താവശ്യമുണ്ടെങ്കിലും അറിയിക്കണമെന്ന് പറഞ്ഞേല്പിച്ചിരുന്നവര്‍ എന്നെപ്പോലെ എത്രയോ നമ്മുടെ ഗ്രാമത്തിലുണ്ടാവും, ഉറപ്പാണ്.
ധനമാവില്ല നിന്റെ പ്രശ്നം.
കൂടപ്പിറപ്പുകളുടെ വാക്കുകളോടുള്ള ഭീതിയില്‍ , അതിനോടുള്ള വെറുപ്പില്‍ , അതുനല്കിയ വേദനയുടെ ചുഴിയില്‍ , പിടിക്കാനിടമില്ലാതെയാവും നീ മരണത്തിന്റെ കയത്തിലേക്കിറങ്ങിയത്.

ഇപ്പോഴും തോന്നുന്നു-വ്യര്ത്ഥമാണിതെങ്കിലും-ഒന്നു പറയാമായിരുന്നില്ലേ ആരോടെങ്കിലും?

ഞാന്‍ നിന്നോടൊരു കാര്യം പറയാനേല്പിച്ചയാള്‍ അവിടെ അതിനായി എത്തിയപ്പോള്‍ നിന്റെ വീട്ടിലെ ബഹളമാണ് കേട്ടതെന്നു പറഞ്ഞു. കുറച്ചുമുമ്പ്, ഒരര മണിക്കൂര്‍ മുമ്പ് അവിടെയെത്താന്‍ പടച്ചവനെന്തേ നിന്നെ തോന്നിക്കാതിരുന്നത് സുഹൃത്തേ എന്ന് വിലപിച്ച് ഞാന്‍ ഈ കടലിലിരുന്ന് കരയുന്നു.

എന്റെ പെങ്ങളുടെ വീട്ടില്‍ , അവര്‍ വിദേശയാത്രയിലാണെന്നറിയാമായിരുന്നിട്ടും രണ്ടുദിവസം മുമ്പ് നീ പോയതറിഞ്ഞു. അങ്ങിനെ എന്റെ സഹോദരങ്ങളുടെ വീടുകളിലെല്ലാം നീ പോയല്ലോ. അതുപോലെ, ഗ്രാമത്തിലെ പലവീടുകളിലും നീ എത്തിക്കാണുമെന്നുറപ്പ്. അന്ത്യയാത്രാമൊഴി ഉറക്കെ പറയാതെ പിരിയാനായിരുന്നുവല്ലോ അത്.

പെങ്ങള്‍ സൌദിയിലെ മകളുടെ വീട്ടിലിരുന്നിന്നലെ എന്നോടു പൊട്ടിക്കരഞ്ഞു- അവനോട് ഞാന്‍ പറഞ്ഞിരുന്നതാണ്. ഇങ്ങനെ ഒന്നും ചെയ്യരുതെന്ന്.

പെങ്ങളും അറുമുഖനും ഒരേ പ്രായക്കാരാണ്. ഗ്രാമത്തിലെ ഞങ്ങളുടെ വീടിനു മുന്നിലെ നിരത്തിനപ്പുറമായിരുന്നു ആറുവിന്റെ വീട്. ആറുവിന്റെ അച്ഛന്‍ കൊല്ലപ്പണിക്കാരനായിരുന്നു. അവരുടെ മുറ്റത്തുതന്നെ ഒരു ആല. അവിടെ ഊതിക്കത്തുന്ന ഉലയിലേക്ക് വായു പമ്പ് ചെയ്യുന്ന ആറു. പഴുത്തുപാകമാവുന്ന ഇരുമ്പ് കഷ്ണങ്ങളെടുത്ത് ആന്വിലില്‍ വെച്ചടിച്ച് കത്തിയും പിക്കാസുമാക്കി മാറ്റുന്ന അച്ചന്‍ . പഴയ ഗ്രാമങ്ങളുടെ സ്വയംപര്യാപ്തതയുടെ ഈ കുഞ്ഞുചിത്രത്തില്‍ ഞാനുമുണ്ട്. ആ നിര്‍മ്മാണകൌശലം നോക്കിയിരിക്കുന്ന ഞാന്‍ . അച്ചന്റെ കറുത്തുമെലിഞ്ഞ മുഖത്തുനിന്നുതിരുന്ന വിയര്‍പ്പ്. ആറുവിന്റെ കറുത്തമുഖത്തു ഒരിക്കലും വിടപറയാത്ത ചിരിയുടെ വെളുത്ത പല്ലുകള്. പിന്നീട് എഞ്ചിനിയറിംഗ് കോളജിലെ സ്മിത്തിയില്‍ ഇതേ പണി പരിശീലിക്കുമ്പോള്‍ ഞാനോര്‍ത്തിരുന്നു- ആറു ഇതൊക്കെ എന്നെക്കാളുമെത്രയോ മുമ്പ് പഠിച്ചുവെച്ചു. അവന്‍ പഠിച്ചതുപയോഗിച്ചു. ഞാന്‍ പിന്നെയതുപയോഗിച്ചതേ ഇല്ല. ഞാന്‍ വേണ്ടാത്തത് കൂടുതല്‍ പഠിച്ചു. വേണ്ടുന്നത് വളരെ കുറച്ചും. അവന്‍ വേണ്ടാത്തത് പഠിച്ചതേയില്ല. പഠിച്ചത് ഉപയോഗിക്കയും ചെയ്തു.

വയനാട്ടിലെ ജോലിസ്ഥലത്തേക്ക് വെറും കോണകം മാത്രം ചുറ്റിനടന്നിരുന്ന അറുമുഖനെ അച്ഛന്‍ തേയിലത്തോട്ടത്തിലെ പണിക്കായി കൊണ്ടുപോയപ്പോള്‍ അവനെ കാണാതെ കരഞ്ഞത് എന്റെ ചേച്ചിമാരായിരുന്നു. അവന്‍ എന്നെങ്കിലും വീട്ടില്‍ വരുന്നതും കാത്ത് കുഞ്ഞുചേച്ചികള്‍ ഇരുന്നിരുന്ന കഥകള്‍ കഴിഞ്ഞമാസം ഞങ്ങള്‍ മങ്കടയിലെ എന്റെ വീട്ടില്‍ കൂടിയപ്പോള്‍ പറഞ്ഞുചിരിച്ചു.

വീട്ടില്‍ സഹോദരീസഹോരങ്ങളുമായി ഉടലെടുക്കുന്ന പ്രശ്നങ്ങളില്‍ ആറു അസംതൃപ്തനായിരുന്നു. കുടുംബത്തില്‍ ചിലര്‍ ഇങ്ങനെ ജീവനൊടുക്കിയിരുന്നതിനാല്‍ ഞാനും തൂങ്ങും എന്ന് ആറു പറയാറുണ്ടായിരുന്നു. അങ്ങിനെ വീണ്ടും പറഞ്ഞപ്പോള്‍ അവനോട് മങ്കട എന്റെ വീട്ടില്‍ വന്നു സ്വസ്ഥമായി കഴിഞ്ഞോളാന്‍ പറഞ്ഞതാണ്. അവന്റെ കയ്യിലായിരുന്നു എന്റെ വീടിന്റെ തോക്കോല്‍ .

വയസ്സാവുമ്പോ എന്നെ ആരുനോക്കും എന്ന് ആറു പറയുമ്പോഴൊക്കെ ആത്മാര്‍ത്ഥമായി ഞങ്ങള്‍ വാക്കുകൊടുത്തിരുന്നു. അങ്ങിനെ എത്രയോ പേര്‍ ആറുവിന് വാക്കുകൊടുത്തിട്ടുണ്ടാവും. എപ്പോഴും ചിരിച്ചുനില്ക്കുന്ന, ആരെയും സഹായിക്കാന്‍ സന്നദ്ധനായ ഈ മനുഷ്യനെ ആര്‍ക്കാണു വേണ്ടാത്തത്?! ആര്‍ക്കാണയാള്‍ക്ക് സംരക്ഷണം കൊടുക്കാതിരിക്കാന്‍ കഴിയുക?!!

ഇതൊക്കെയായിട്ടും നീ ഇങ്ങനെ പിണങ്ങിപ്പോയതിനാല്‍ ഞാന്‍ നിന്നെ തീര്‍ത്തും വെറുക്കുന്നു ആറൂ

ഇനി നിന്നോട് വര്‍ത്തമാനമില്ല
നിന്നെക്കുറിച്ച് ഞാനോര്‍ക്കില്ലിനി

ഒരുമാസം കഴിഞ്ഞ്, ദൈവം ഇച്ഛിക്കുകില്‍ ,
കടല്‍ വാസം കഴിഞ്ഞ് ഞാന്‍ നാട്ടിലെത്തും.
അപ്പോള്‍ , പക്ഷേ ഞാന്‍ ഇപ്പോഴത്തെ എന്റെ ഗേഹമായ കൊച്ചിയില്‍ തന്നെ തങ്ങും
നീയില്ലാത്ത വള്ളുവനാട്
നിന്റെ ചിരികേള്‍ക്കാത്ത തിരൂര്‍ക്കാട്
നിന്റെ കൂട്ടില്ലാത്ത എന്റെ മങ്കടവീട്
അങ്ങോട്ടിനി ഞാനില്ല

വരാം ഞാന്‍ ചെറുതുരുത്തിയില്‍
നിന്റെ ചിതാഭസ്മം കയ്യിലേറ്റാന്‍
നിന്റെ ഓര്മ്മയുടെ അസ്ഥിക്കഷണങ്ങള്‍ പെറുക്കിയെടുക്കാന്‍
അതുമായി ഞാനെവിടെയാണു പോവേണ്ടത്?
ഏതു പാപനാശിനിയിലാണതൊഴുക്കേണ്ടത്?
പാപം ചെയ്യാനറിയാത്ത, ചെയ്തിട്ടില്ലാത്ത,
മഹാപുണ്യങ്ങള്‍ മാത്രം ചെയ്ത നിന്റെ അസ്ഥി
എന്തിനു പാപനാശിനികളില്‍ ഒഴുക്കണം?
നിനക്കതാണിഷ്ടമെങ്കില്‍ ഞാന്‍ പോകാം
പാപനാശിനികള്‍ കൂടുതല്‍ ശുദ്ധമായിടട്ടെ
എവിടെ വേണം? പറയുക
ഗംഗയില്‍ ? യമുനയില്‍ ? സിന്ധുവില്‍ ? ത്രിവേണിയില്‍ ?
പറയുക, ഞാനതുമായി പോകാം...

അതൊഴുക്കിയതിനു ശേഷമേ ഇനി നിന്നോടു സംസാരമുള്ളൂ.
അത്രയ്ക്കു ഞാന്‍ നിന്നെ വെറുക്കുന്നു ആറൂ.

എന്നിട്ട് നമുക്ക് വീണ്ടും ചങ്ങാത്തം കൂടാം
പഴം പുരാണങ്ങള്‍ പറയാം
ഗ്രാമവാര്‍ത്തകള്‍ കൈമാറാം
കുളത്തില്‍ നീന്തിത്തുടിക്കാം
ഇടവഴികളിലൂടെ നടക്കാം
പാടത്തിനക്കരെയുമിക്കരെയും നിന്ന് കൂവിവിളിക്കാം
കൊച്ചുകുതൂഹലങ്ങളില്‍ ജീവിതത്തെ ഒതുക്കി നിര്‍ത്താം

പിന്നെ....
നീ അപ്രത്യക്ഷമായ മോക്ഷസാഗരത്തില്‍ നിന്ന് ഇടക്കിടെ മഴയായ്, കാറ്റായ്, വെയിലായ് വരിക....
എന്റെ അങ്കണത്തിലെ പൂവായ് വിടരുക....
പ്രഭാതങ്ങളില്‍ എന്റെ തൊടിയിലെ ചമ്മലപ്പുതപ്പിലേക്ക് തുഷാരമായ് വീഴുക....
ആ വീഴ്ചയുടെ നനുത്ത ശബ്ദമായി നീയെന്റെ കര്‍ണ്ണപടങ്ങളെ തഴുകുക....

ഒന്നരമാസം മുമ്പ് നാട്ടിലെത്തിയപ്പോള്‍ എന്റെ കൂടെ, എന്റെ കുഞ്ഞുങ്ങളുടെ കൂടെ, നീ സമയം ചിലവഴിച്ചു. ഞങ്ങളെ ഊട്ടിയുറക്കി. കൂട്ടുകിടന്നു. ഇന്നലെ സ്കൂള്‍ വിട്ടുവന്ന എന്റെ മോന്‍ നിന്റെ വാര്‍ത്ത കേട്ട് ഒരൊറ്റ കിടപ്പുകിടന്നതാണ്. പതിനൊന്നുവയസ്സു തികയാനിനിയും സമയമുള്ള അവന്‍ ഉറക്കെ കരയാന്‍ തുടങ്ങിയത് ഞാന്‍ രാത്രിയില്‍ ഫോണ്‍ ചെയ്തപ്പോഴാണ്. ഇങ്ങിനെ ഞങ്ങളെയൊക്കെ വേദനയിലാക്കി കടന്നുകളഞ്ഞ ദുഷ്ടനാണു നീ.

നീ ഞങ്ങള്‍ക്കു താങ്ങായിരുന്നു
ഞങ്ങള്‍ നിനക്കും താങ്ങാണെന്നു കരുതി
പക്ഷേ അതങ്ങനെയായിരുന്നില്ല എന്നിപ്പോള്‍ തെളിയുന്നു.
നിന്റെ ആറുമുഖങ്ങളില്‍ ഒന്നുമാത്രമേ ഞങ്ങള്‍ക്കു കാണാനായുള്ളൂ
ആ തിരിച്ചറിവില്‍ ഞാന്‍ ഞെട്ടുന്നു.

നീ എനിക്ക് സഹായി ആണെന്നാണ് ഞാന്‍ ധരിച്ചത്
പക്ഷെ നീ അപ്രത്യക്ഷനായപ്പോള്‍ നടുക്കത്തോടെ ഞാനറിയുന്നു
ആ പടിയിറങ്ങിപ്പോയത് എന്റെ ഗുരുവായിരുന്നെന്ന്‍

അതിനാല്‍ ഞാനെന്നെയും വെറുക്കുന്നു

‘എന്നെ നിങ്ങള്‍ അര്‍ഹിക്കുന്നില്ല’ എന്ന് മുഖത്തടിച്ചപോലെ വ്യക്തമാക്കി നീ ശ്വാസമടക്കിയപ്പോള്‍ അപമാനം കൊണ്ട് വ്യഥിതമായിരിക്കുന്നു ഈ ജന്മം.
ഞങ്ങളെ മുഴുവന്‍ അഗാധമായി സ്നേഹിച്ച, പരിചരിച്ച, നിനക്കുപോലും താങ്ങാവാന്‍ കഴിയാതെ പോയതിലുള്ള ആത്മനിന്ദയുടെ മുറിവ്, എന്റെ ജന്മത്തിന്റെ നിസ്സാരതയെക്കുറിച്ചുള്ള അറിവ്, വിലയില്ലായ്മയെ കുറിച്ചുള്ള സ്വയംബോധം, മറ്റെന്തൊക്കെയോ അനുഭവങ്ങളും പീഢകളുമായി കുഴഞ്ഞുമറിയുമ്പോഴുള്ള നിലയില്ലായ്മ, മഞ്ഞുവീണുകൊണ്ടിരിക്കുന്ന ഈ തണുത്ത കടല്പരപ്പിലേക്കിറങ്ങി ഇല്ലാതാവാന്‍ എന്നെ കൊതിപ്പിക്കുന്നു...

ഞാന്‍ വെറുക്കുന്നു....
നിന്നെയും, എന്നെയും....

ഹബീബ്
ഫെബ്രുവരിയിലെ ഒരു രാത്രി
സാഗരങ്ങളിലെവിടെയോ

24 comments:

 1. ഒരുപാട് നീളം ഉള്ളത് പോലെ .......എന്നാലും കൊള്ളാം.

  കമാന്‍റുമ്പോള്‍ ഉള്ള വേര്‍ട് വേരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ നന്നാവും ............  With Regards photosofjasim.blogspot.com

  ReplyDelete
 2. എഴുതിയിട്ടെനിക്ക് മതിയായില്ല മോനേ....

  ReplyDelete
  Replies
  1. എന്ത്‌ പറയാനാ, ഒരു വല്ലാത്ത നിയോഗം! ഒരു ദുര്ബല നിമിഷത്തില്‍ അരുതാത്തത് അറുമുഖന്‍ ചെയ്തു! ജഗന്നിയന്താവിനോട് അല്പം കൂടി അടുക്കാമായിരുന്നു അയാള്‍ക്ക്‌!! ഒരു പരിധിക്കപ്പുറം പടപ്പുകളെ നമ്പാന്‍ പാടില്ല എന്ന കനത്ത യാഥാര്‍ത്യം തിരിച്ചറിയാനുള്ള ഭാഗ്യം അയാള്‍ക്കുണ്ടായില്ലല്ലോ, കഷ്ടം!

   Delete
 3. ഹബീബ്ക്ക.. നിങ്ങളുടെ കമന്റ്‌ എന്നെ ഓര്മിപ്പികുന്നത് ഇതാണ്...

  Nothing is as surprising as life. Except for writing. Except for writing. Yes, of course, except for writing, the only consolation.”
  ― Orhan Pamuk, The Black Book

  ReplyDelete
 4. Very true Niyaz. Once I finished writing this I felt relieved.

  ReplyDelete
 5. ഫോണ്ട് കുറച്ചു കൂടെ വലുതാക്കാമായിരുന്നു. വല്ലാത്ത ഒരു നൊമ്പരമായി സ്നേഹിതന്റെ വിയോഗം.

  ReplyDelete
 6. ഹബീബ്ക്കാ നിങ്ങളുടെ വേദനയിൽ ഞാനും ചേരുന്നു.. നിഷ്കളങ്കമായി നാം അനുഭവിച്ച സ്നേഹം നഷ്ടമാകുമ്പോൾ അതും ഒന്നും മിണ്ടാതെ,,അതു ഓർക്കാൻ തന്നെ വയ്യ..

  ReplyDelete
 7. യാ അല്ലാഹ്... മാസങ്ങളോളം ഞങ്ങളെ അന്നമൂട്ടിയ അരുമുഖേട്ടന്‍ അല്ലെ ഇത്...? ഈ ചിരിച്ച മുഖത്തോട് ഞങ്ങളെത്ര കലപില കൂട്ടിയതാണ്...!!? ഈ മനുഷ്യന്‍ എന്റെ ജീവിതത്തിലും സ്നേഹത്തിന്റെ കൂട് കൂട്ടിയിരുന്നെന്ന് കണ്ണുനീരിലൂടെ ഞാനിപ്പോള്‍ തിരിച്ചറിയുന്നു..

  ReplyDelete
 8. അബിക്കാ എനിക്ക് അറുമുഖനെ അറിഞ്ഞു കൂടാ, ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. എന്നാല്‍ ഇനി എനിക്കങ്ങനെ പറഞ്ഞു കൂടാ, അതിനു മാത്രം ഞാന്‍ അറുമുഖനെ അനുഭവിച്ചു. ഇത്ര മാത്രം നിങ്ങളെ വേദനിപ്പിച്ച ആ മരണത്തില്‍ നിന്ന് തന്നെ ആ വ്യക്തിത്വത്തെ മനസ്സിലാക്കാം, എനിക്ക് ഇങ്ങനെ ഒരു ബ്ലോഗ്‌ ഉള്ളത് അറിയില്ലായിരുന്നു. ഇനി ഇവിടെ വന്നു കൊണ്ടിരിക്കും.

  ReplyDelete
 9. ഇത് വല്ലാത്തൊരെഴുത്താണ്, കുന്നുകൂടിയതൊക്കെ പെയ്തിറങ്ങിയ എഴുത്ത്... ഇങ്ങോട്ട് കൊണ്ടുവന്ന ആരിഫ് സൈനിനു നന്ദി.

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ

   Delete
 10. ഈ വരികളില്‍ അറിയുന്നുണ്ട് ..ആ മരണം മനസ്സിനെ എത്രമാത്രം വേദനിപ്പിച്ചു എന്ന് ...ചുറ്റും കടല്‍ ,മനസ്സിനുള്ളിലും കടല്‍ എഴുതൂ ഇനിയും മനസ്സിലെ അലയടി കുറയട്ടെ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ

   Delete
 11. കടലെന്തറിയുന്നൂ മനസ്സിനുള്ളിലെ കടല്‍ക്കോള്?അരിഫ്ജി ആണ് ഇങ്ങോട്ട് കൊണ്ട് വന്നത് ,,ഇനിയും വരാം ..

  ReplyDelete
 12. കൂട്ടുകാരന്റെ വേര്‍പാട് വായനക്കാരുടെയും നൊമ്പരമായി. എഴുത്ത് ഇഷ്ടപ്പെട്ടു.

  ഫോണ്ട് സൈസ്‌ കുറച്ചൊന്നു വലുതാക്കിയാല്‍ നന്നായിരുന്നു. പിന്നെ ഈ വേര്‍ഡ്‌ വേരിഫിക്കെഷനും എടുത്തു മാറ്റിയാല്‍ കൊള്ളാം

  ReplyDelete
  Replies
  1. നന്ദി സോദരീ. Am not very good in blog writing. Could you please tell me how to do it. I tried, but could not. Word verification? What's that?

   Delete
 13. This comment has been removed by the author.

  ReplyDelete
 14. ആറുവിന്റെയും, അബിക്കയുടെ ഉമ്മയുടെയും മരണവിവരം അറിയിക്കപ്പെടുന്നത് കപ്പലില്‍ വെച്ചാവുന്ന യാദൃ'ചി'കത ഓര്‍ത്തെടുക്കുന്നതില്‍ നിന്നും അവര്‍ക്ക് നല്‍കപ്പെട്ട നിഷ്കപടസ്നേഹത്തിന്റെ പൊന്‍തിരമാലകള്‍ കാണാനാവുന്നുണ്ട്.

  ഒരു പച്ചമനുഷ്യന്റെ, ഒരു കളിക്കൂട്ടുകാരന്റെ വിയോഗം സൃഷ്ടിച്ച ദു:ഖഭാരം കലര്‍പ്പേതുമില്ലാതെ, ഹൃദയത്തില്‍ വേദനയുടെ കടലിരമ്പത്തോടെ അവതരിപ്പിച്ചപ്പോള്‍ ജാതി-മത ചിന്തകളുടെ വേലിക്കെട്ടുകള്‍ ഭേദിക്കുന്ന സമഭാവനയുടെ, സ്നേഹത്തിന്റെ നയനമനോഹരമായ പവിഴപ്പുറ്റ്സാമ്രാജ്യം ഇപ്പോഴും മനുഷ്യ ഹൃദയങ്ങളില്‍ അവശേഷിക്കുന്നുവല്ലോ എന്ന് ഒരു മാത്ര ആശ്വാസം കൊണ്ടു.

  ഹൃദയനൊമ്പരത്തില്‍ വേദനയുടെ കടലുപ്പ്‌ചേര്‍ത്ത ഈ കുറിപ്പ് ഹൃദയം നനയിച്ചു, അബിക്ക. ബ്ലോഗ്‌ പരിചയപ്പെടുത്തിയ ആരിഫ് സാബിന് നന്ദി.

  ReplyDelete