Saturday, 2 November 2013

Kunhayamoo's Travels - സബര്‍മതിയുടെ കര (ഗുല്‍മോഹര്‍ മാഗസിന്‍)

http://www.gulmoharmagazine.com/gulmoharonline/yathravivaranam/kunjayamoos-travels-2

കുഞ്ഞയമൂസ് ട്രാവല്‍സ് – 2

സബര്‍മതിയുടെ കര 

അറബിക്കടലിനെ കുടിച്ച്, ഇനിയും കൊതി തീരാതെ, ആ രുചിയില്‍ വാ അടയ്ക്കാന്‍ പോലും മറന്നു കിടക്കുന്ന, ഗുജറാത്തെന്നു മനുഷ്യന്‍ പേരിട്ട മണ്‍ കൂനയിലെത്തിയിരിക്കുന്നു ഇപ്പോള്‍ നമ്മുടെ കഥാനായകന്‍.
kunjayamoos

സബര്‍മതിയുടെ കരയില്‍ ഹൃദയ കുഞ്ജത്തിനു മുന്നിലെ വരാന്തയിലിരുന്നു കുഞ്ഞയമു. ആര് എന്തൊക്കെ പറഞ്ഞാലും അയാള്‍ക്ക്‌ ഗാന്ധിജിയെ പെരുത്ത് ഇഷ്ടമാണ്. താന്‍ ഫോട്ടോയില്‍ പോലും കണ്ടിട്ടില്ലാത്ത വല്ലുപ്പാപ്പയുടെ മുഖം ഗാന്ധിജിയുടേത് പോലെയായിരുന്നിരിക്കണം എന്നാണയാളുടെ വിശ്വാസം. അഹിംസ എന്ന് മാത്രം പറഞ്ഞു നടന്ന അദ്ദേഹത്തെ ഹിംസിച്ചു ഒഴിവാക്കിയത് നമ്മുടെ സമൂഹ മനസ്സിലെ കലാപത്തിന്റെ അളവ് അത്രയും വലുതായത് കൊണ്ടാണെന്ന് അയാള്‍ വിശ്വസിച്ചു. നിഷ്ക്രമിച്ചു പത്തറുപതു വര്‍ഷങ്ങള്‍ക്ക് ശേഷവും നാം അദ്ദേഹത്തെ ഹിംസിക്കുന്നുണ്ട്; ഏതൊക്കെയോ പരീക്ഷണങ്ങളുടെ പേരില്‍. ആ പരീക്ഷണങ്ങള്‍ ക്ഷന്തവ്യമല്ലെന്നു തന്നെ വെക്കുക. ഗാന്ധിജിയുടെ ജീവിതത്തിന്റെ ഒരു കൊച്ചു ഭാഗം മാത്രമല്ലേയുള്ളൂ അത്. അതിനാല്‍ അദ്ദേഹം ത്യാഗമനുഷ്ടിച്ചു ചെയ്തു കൂട്ടിയ വലിയ കാര്യങ്ങളെ കുറിച്ച് ജിജ്ഞാസുക്കളാവുന്നവര്‍ക്ക് അത്തരം പരീക്ഷണങ്ങള്‍ പൊറുത്തു കൊടുക്കാവുന്നതേ ഉള്ളൂ. സത്യത്തിലേക്കും ദൈവത്തിലേക്കും എത്താനുള്ള വഴി അതാണ്‌ എന്നദ്ദേഹത്തിനു തോന്നിയിരുന്നുവെങ്കില്‍ അതല്ല എന്ന് പറയാന്‍ നാമാര്? അദ്ദേഹം സ്വന്തം ഭാഗം ദൈവത്തിനു സ്വയം ബോധ്യപ്പെടുത്തിക്കോട്ടെ. ഓരോരുത്തരുടെയും മോക്ഷം അവരവരുടെ കൈയിലല്ലേ? ഹിംസയും പീഡനവും ഇല്ലെന്നും വരികില്‍ ഇതിലൊക്കെ തര്‍ക്കവുമായി നില്‍ക്കാന്‍ നമുക്കെന്തു ബാധ്യത?

“ബാപ്പുജി, ഒന്നെഴുന്നേല്‍ക്ക് , ഇങ്ങനെ ഇരുന്നു മതിയായില്ലേ? ഞങ്ങളുടെ കൂടെയൊന്നു കളിക്കാന്‍ വാ.”

ചമ്രം പടിഞ്ഞ്‌ മുറ്റത്തിരിക്കുന്ന ബാപ്പുവിന്റെ കഴുത്തില്‍ ചുറ്റി കുട്ടികള്‍ പറഞ്ഞു കൊണ്ടിരുന്നു. ബാപ്പുവിന്റെ മറുപടി കുഞ്ഞയമുവിനു കേള്‍ക്കാം-

“അയ്യോ മക്കളെ, എന്നെയിത് പോലെ നാടായ നാട് മുഴുവന്‍ ഇരുത്തുകയും നിര്‍ത്തുകയും ചെയ്തിട്ടുണ്ട്; ചുറ്റും നടക്കുന്ന കൊള്ളരുതായ്മകള്‍ക്കുള്ള സാക്ഷിയാകാന്‍. നിന്ന് നിന്ന് വെയിലും മഴയും മഞ്ഞും കൊണ്ടും പക്ഷിക്കാഷ്ടം നിരന്തരമായി തലയില്‍ വീണുണങ്ങി. ഇതൊന്നുമല്ല എന്നെ മടുപ്പിക്കുന്നത്. പക്ഷെ ചെയ്യുന്ന തോന്നിവാസങ്ങള്‍ക്കെല്ലാം എന്നെയിങ്ങനെ സാക്ഷി നില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് ഭീകരം.”

“ഇതേതാ ഈ തോട് അപ്പുറത്ത്?”

“അയ്യോ മക്കളെ, അത് തോടല്ല. അതൊരു നദിയാണ്. അമ്മ പോലെ ഒരു നദി – സബര്‍മതി”

“രണ്ടു ഭാഗവും ഇങ്ങനെ വലിയ കോണ്‍ക്രീറ്റ്കെട്ടിനാല്‍ ഉയര്‍ത്തി നല്ല ഭംഗിയാക്കി വെച്ചിട്ടുണ്ടല്ലോ ഈ അമ്മയെ”

“സിമെന്റും കമ്പിയും ചേര്‍ന്നുള്ള ഈ സംഗതി വന്നാല്‍ ഇത്ര വലിയ അപകടങ്ങള്‍ ഉണ്ടാകുമെന്നറിഞ്ഞില്ലേയിപ്പോള്‍?!”

“അല്ല ബാപ്പു, ഹൃദയ് കുഞ്ജില്‍ ബാത്ത് അറ്റാച്ഡ് റൂംസ് ഒന്നുമില്ലേ? ഹൌ ഡിസ്ഗസ്റ്റിംഗ്?!”

“പഴയ കാലത്ത് ആ പരിപാടി വീടിനു പുറത്താണ്. അതാണ്‌ ആ കര്‍മ്മത്തെ വെളിക്കു പോവുക എന്ന് പറഞ്ഞിരുന്നത്. നാം ഭൂമിയില്‍ നിന്നെടുത്ത ഭക്ഷണത്തെ വിസര്‍ജ്ജ്യാവസ്ഥയില്‍ ഭൂമിക്കു തന്നെ നല്‍കുന്നു. മണ്ണ് അതിനെ വളമാക്കി മാറ്റി പിന്നെയും സസ്യ ലതാദികള്‍ക്ക് ഭക്ഷണമാക്കുന്നു. വന്നുവന്ന് വിസര്‍ജ്ജ്യം ഇപ്പോള്‍ വളരെ ബുദ്ധിമുട്ടി നിങ്ങള്‍ കെട്ടിപ്പൂട്ടി അടച്ചു വെക്കുന്നു.”

“പട്ടണങ്ങളില്‍, ഇങ്ങനെ ആളുകള്‍ നുരയുന്നേടത്തു മറ്റെന്തു മാര്‍ഗ്ഗം, ബാപ്പു?”
“പട്ടണങ്ങളില്‍ നിന്നും സ്വയം പര്യാപ്ത ഗ്രാമങ്ങളിലേക്കുള്ള മനുഷ്യരുടെ ഒഴുക്കാണ് ഞാന്‍ സ്വപ്നം കണ്ടത്. ഇപ്പൊ നേരെ തിരിച്ചുള്ള ഒഴുക്കാണ്. പിന്നെ രക്ഷയില്ല.”

ബാപ്പു ഇവിടന്നു എന്തോ ഉപ്പുണ്ടാക്കാന്‍ പോയി എന്ന് സ്കൂള്‍ പുസ്തകങ്ങളില്‍ ഉണ്ട്. ഇതുണ്ടാക്കാന്‍ അത്രത്തോളം പോവണമായിരുന്നോ?”ഗാന്ധിജി ഇരുന്നിടത്തു ഇരുന്നു ചിരിക്കാന്‍ തുടങ്ങി. ചിരി മൂലം ഉത്തരമൊന്നും പറയാനാകാത്ത അവസ്ഥ. അപ്പോഴാണ്‌ കുഞ്ഞയമു ഇടപെട്ടത്.

ബാപ്പു, അങ്ങയുടെ ഉപ്പുസത്യാഗ്രഹത്തിന്റെ എണ്‍പതാം വാര്‍ഷികത്തില്‍ ഞങ്ങളുടെ നാട്ടില്‍ ഇത് പോലെയൊന്ന് നടന്നു.”

ഗാന്ധിജി ചിരി നിര്‍ത്തി തല്പ്പരനായി-

“ഇപ്പോഴും ബ്രിട്ടീഷുകാരന്റെ ഉപ്പു തിന്നേണ്ടി വരുന്നുണ്ടോ?”

കുഞ്ഞയമു തുടര്‍ന്നു – “ബ്രിട്ടീശുകാരന്റെതിനു പകരം വേറെ ചില കലാകാരന്മാരാണെന്നു വെച്ചോളൂ. മുഴുവന്‍ പറഞ്ഞാല്‍ ബാപ്പു ഈ ഇരുപ്പില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കും. പിന്നെ ഗാന്ധിജിയുടെ രണ്ടാം കൊലപാതകത്തിന്റെ കഥ പറഞ്ഞ് ചാനലുകള്‍ വിഷമിക്കും. അത് വേണ്ട.”
കുഞ്ഞയമു കഥ ചുരുക്കിപ്പറഞ്ഞു -

അയോഡെയിസ്ട് ഉപ്പു തിന്നിട്ടില്ലെങ്കില്‍ മാനവകുലം മൊത്തം കൊലക്ക് കൊടുക്കപ്പെടുമെന്ന വര്‍ത്തമാനം മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ ചിലവില്‍ ജനങ്ങളെ പഠിപ്പിച്ചിട്ടും പഴയ കല്ലുപ്പുപയോഗം വെടിയപ്പെടുന്നില്ല എന്ന് വന്നപ്പോള്‍ അത് നിയമം മൂലം ഉറപ്പിച്ചു. അപ്പോഴാണ്‌ എന്റെ നാട്ടിലെ ചില ഗാന്ധിയന്മാര്‍ക്ക് നില തെറ്റിയത്. അവര്‍ കണ്ണൂര്‍ കടപ്പുറത്ത് ഉപ്പു കുറുക്കി. അത് പൊതിയാക്കി നടപ്പാരംഭിച്ചു. തലശ്ശേരി, കൂത്തുപറമ്പ് വഴി അങ്ങനെ തിരുവനന്തപുരമാണ് ലക്‌ഷ്യം. ചുട്ട വെയിലത്ത് അങ്ങയെപ്പോലെ അര്‍ദ്ധ നഗ്ന വേഷം കെട്ടി ധൈര്യമവലംബിച്ചു നടന്ന സത്യാഗ്രഹികള്‍ വിയര്‍ക്കാന്‍ തുടങ്ങി. യാത്ര തുടരവേ, സംഖ്യാബലം കൂടുമെന്നും തലസ്ഥാനത്തെത്തും നേരം ഇതൊരു വന്‍ ജനമുന്നേറ്റമാവുമെന്നുമായിരുന്നു കണക്കു കൂട്ടല്‍. പക്ഷെ സംഖ്യാക്ഷയമാണ് സംഭവിച്ചത്. പലര്‍ക്കും നീര് വീഴ്ച വന്നു. നടപ്പറിയാത്ത ചിലര്‍ ബോധം കെട്ടു വീണു. ജോഗിംഗ് എന്ന ഐറ്റം മാത്രമറിയുന്ന മറ്റു ചിലര്‍ക്ക് ചൂട് സഹിക്കാതെ ശ്വാസം മുട്ടി. ഏതായാലും മുക്കി മൂളിയും റിലേയോട്ടം നടത്തിയും ബസ്സിലും ട്രെയിനിലും ഒക്കെയായി ഉപ്പുപൊതി തിരുവനന്തപുരത്തെത്തി. മുഖ്യ മന്ത്രിയുടെ കാബിനില്‍ പൊതിയുമായി കയറിയ വിദ്വാനോട് മുഖ്യന്‍ വിനയാന്വിതനായി മൊഴിഞ്ഞു -

“ഇക്കാര്യത്തില്‍ ഞാനെന്നാ ചെയ്യാനാ? കേന്ദ്ര തീരുമാനമല്ല്യോ? ഡല്‍ഹിയിലാണ് ഈ പൊതി എത്തിക്കേണ്ടത്”

പൊതിയേറ്റി നടന്നു ക്ഷീണിച്ച പടയാളിക്കു സഹിച്ചില്ല – “പിന്നെ ഞങ്ങള്‍ മൂന്നു കോടി ജനങ്ങള്‍ എന്തിനാ നിങ്ങളെ തിരഞ്ഞെടുത്ത് ഈ കസേരയില്‍ ഇരുത്തിയിരിക്കുന്നത്?”

മുഖ്യന് മറുപടിയുണ്ട് – “അതും കേന്ദ്രത്തില്‍ ചോദിച്ചോളൂ.”

ഗാന്ധിജിയുടെ ചിരി മാഞ്ഞു. ഇപ്പോള്‍ സ്വരം രൂക്ഷമായി, പരിഹാസമായി –

“അപ്പൊ നിങ്ങള്‍ കോന്‍സ്റ്റിട്യൂഷന്‍ എന്ന സാധനത്തെ ഗീത പോലെ, ബൈബിള്‍ പോലെ, ഖുര്‍ആന്‍ പോലെ ഇനിയിത് തൊടരുത് എന്ന് പറഞ്ഞ് വെച്ചിരിക്കയാണല്ലേ? വേദങ്ങള്‍, കാലാതീതമാണ്, സംശയമില്ല. പക്ഷെ, ഭരണ ഘടനയും വ്യവസ്ഥയും കാലത്തിനനുസരിച്ച് മാറിയിട്ടില്ലെങ്കില്‍, പിന്നെ എന്തിനതു?”

കുഞ്ഞയാമു തമാശയാക്കി – “അതും ഡല്‍ഹിയില്‍ പോയി ചോദിക്കാം.”
*******************************************************
kunjayamoos-1

**********************************************************************************

സബര്‍മതിയുടെ കരയിലെ ഏറ്റവും തിരക്കുള്ള ഇടത്തെത്തി കുഞ്ഞയമു. തീന്‍ ദര്‍വാസയുടെ ചുറ്റുമുള്ള പുരാതന പട്ടണം. ഓട്ടോ റിക്ഷകളും മനുഷ്യരും ഇഞ്ചോടിഞ്ച് മുട്ടിയുരസി മെല്ലെമെല്ലെ തങ്ങളുടെ വഴികള്‍ തിരക്കോടെ തേടുന്നിടം. വസ്ത്രവ്യാപാരികളുടെ ചെറുതും വലുതുമായ കടകളും അവ അതിര്‍ത്തിയിടുന്ന കൊച്ചു ഗലികളും. ഒരു വിധത്തില്‍ കുഞ്ഞയമു പഴയ ജുമാമാസ്ജിദിലെത്തി, വെള്ളിയാഴ്ചയാണ്. ജുമുഅക്ക് ആളുകള്‍ എത്തിത്തുടങ്ങുന്നേയുള്ളൂ. അഞ്ഞൂറിലധികം കൊല്ലം പഴക്കമുള്ള പള്ളിയിലെ ഹൌദില്‍ നിന്നും വുദുവെടുക്കുമ്പോള്‍ അടുത്തിരുന്ന ആളോട് മെല്ലെ ചോദിച്ചു -

“ആപ് കോ കുത്ബുദ്ധീന്‍ അന്‍സാരി കോ മാലൂം ഹെ?”
“നഹി ജി”

ഈ ചോദ്യം പല തവണ പലരോടും ചോദിച്ചപ്പോള്‍ ഒരാള്‍ ഉറപ്പോടെ പറഞ്ഞു-

“വോ ജുമാ കേലിയെ ആയേഗാ.”

പള്ളിയിലെ ഒരു മൂല ചൂണ്ടി അവിടെയാണ് കുത്ത്ബുദ്ധീന്‍ സാധാരണ ഇരിക്കാറെന്നും അയാള്‍ പറഞ്ഞു. കുഞ്ഞയമു അവിടെപ്പോയി ഇരുന്നു.
ഖുത്തുബ തുടങ്ങും മുന്‍പ് അന്‍സാരിയെത്തി. മുന്‍പ് അന്‍സാരി വരുമെന്ന് പറഞ്ഞ ആളാണ്‌ കാണിച്ചു തന്നത്. അന്‍സാരി വന്നയുടനെ രണ്ടു റക്അത്ത് നമസ്ക്കരിച്ചു ഇരുന്നു. കുഞ്ഞയമു അടുത്തെത്തി കൂടെയിരുന്നു. ലഹളയുടെ പ്രതീകമായി മാറിയിരുന്ന ആ മുഖം വല്ലാതെ വ്യത്യാസപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ താടിയും മീശയുമുണ്ട്. തന്നെയും കൂടെയുള്ളവരെയും കൊല്ലരുതേയെന്നു കൈകൂപ്പിയപേക്ഷിക്കുന്ന ആ മുഖത്തെ ദൈന്യത ഇപ്പോഴും അവിടെയുണ്ട്. കുഞ്ഞയമു അന്‍സാരിയോടടുത്തിരുന്നു ശബ്ദം കുറച്ചു പറഞ്ഞു -

“അസ്സലാമു അലൈക്കും”

കുത്തുബുദ്ധീന്‍ സലാം മടക്കി.

കുഞ്ഞയമു പറഞ്ഞു – “ആപ് കെ സാഥ് ഥോഡാ ദേര്‍ ബാത്ത് കര്‍നേ കാ മുജ്ഹെ . ജുമാ കെ ബാദ് ഥോഡാ വഖ്ത് ദേഗാ?”

അന്‍സാരിയുടെ ശബ്ദത്തില്‍ ഭയമുണ്ട് – “കിസ്കേ ലിയേ?”

“കുച്ച് ലിഖ്നെ കാ ഥാ മുജ്ഹെ.”

അന്‍സാരിയുടെ മുഖത്തു തികഞ്ഞ പകപ്പാണ് കുഞ്ഞയമു കണ്ടത്. ജുമുഅ കഴിഞ്ഞു അയാളെ പാട്ടിലാക്കാമെന്ന ഉറപ്പില്‍ കുഞ്ഞയാമു ഇരുന്നു.
ഖുത്തുബ പ്രസംഗം നടക്കുന്നതിനിടയില്‍ കുഞ്ഞയമു കുത്തുബുദ്ധീനെ ഇടയ്ക്കിടെ നോക്കി അയാളവിടെത്തന്നെയുണ്ടെന്നു ഉറപ്പു വരുത്തി. നമസ്ക്കാരം കഴിഞ്ഞ ശേഷം നോക്കുമ്പോഴുണ്ട്‌ അന്‍സാരി കൈയുയര്‍ത്തി പ്രാര്‍ഥനയില്‍. പിന്നെ സുന്നത്ത് നമസ്ക്കാരത്തില്‍. അത് കണ്ടപ്പോള്‍ കുഞ്ഞയമുവും ഐച്ചിക നമസ്ക്കാരത്തിനു നിന്നു. സുന്നത്ത് നമസ്ക്കാരം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ കുത്തുബുദ്ധീനെ കാണുന്നില്ല. പള്ളിയും പുറത്തെ ഗലികളും അരിച്ചു പെറുക്കിയിട്ടും അയാളെ കണ്ടെത്താനായില്ല. കുത്തുബുദ്ധീന്റെ മുഖത്തുണ്ടായിരുന്ന പകപ്പ് ഇപ്പോള്‍ കുഞ്ഞയമുവിനു വായിക്കാറായി – “ഭായിജാന്‍, മുജ്ഹെ ജീനെ ദോ .”


http://www.gulmoharmagazine.com/gulmoharonline/yathravivaranam/kunjayamoos-travels-2

 

No comments:

Post a Comment